Xiaomi Yu7 Electric Suv : ഫോൺ മാത്രമല്ല, ഷവോമിയുടെ ഇലക്ട്രിക്ക് എസ്യുവിയും എത്തുന്നു
സീറ്റുകളിൽ മസാജ് ഫംഗ്ഷനും സീറോ-ഗ്രാവിറ്റി റീക്ലൈൻ ഓപ്ഷനും ഉണ്ട്, അതേസമയം ബാക്ക് സീറ്റുകളിൽ 135 ഡിഗ്രി വരെ ചാരിയിരിക്കാൻ സാധിക്കുന്ന വിധമാണ് നിർമ്മാണം
മൊബൈൽ ഫോൺ നിർമ്മാണ കമ്പനിയായ ഷവോമി, തങ്ങളുടെ ഇലക്ട്രിക് എസ്‌യുവി YU7 പുറത്തിറക്കി. SU7 സെഡാന് ശേഷം കമ്പനി പുറത്തിറക്കുന്ന രണ്ടാമത്തെ ഇലക്ട്രിക്, ആദ്യ എസ്‌യുവി മോഡലാണിത്. 4.99 മീറ്റർ നീളവും 2 മീറ്റർ വീതിയും 3 മീറ്റർ വീൽബേസും ഉള്ള വാഹനമാണ് YU7-ൻ, വലിയ പനോരമിക് സൺറൂഫ്, മിനിമലിസ്റ്റ് ഇൻ്റീരിയർ, 1,970 ലിറ്റർ വരെ സംഭരണശേഷിയുള്ള സ്പേസ് എന്നിവ ഇതിനുണ്ട്.
കുട്ടികൾക്ക് സുരക്ഷിതമെന്ന് പറയപ്പെടുന്ന നാപ്പ ലെതറും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും കൊണ്ടാണ് വാഹനത്തിൻ്റെ ക്യാബിൻ. സീറ്റുകളിൽ മസാജ് ഫംഗ്ഷനും സീറോ-ഗ്രാവിറ്റി റീക്ലൈൻ ഓപ്ഷനും ഉണ്ട്, അതേസമയം ബാക്ക് സീറ്റുകളിൽ 135 ഡിഗ്രി വരെ ചാരിയിരിക്കാൻ സാധിക്കുന്ന വിധമാണ് നിർമ്മാണം.
ഹൈപ്പർവിഷൻ ഡിസ്പ്ലേയും
YU7 ന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിൻ്റെ ഹൈപ്പർവിഷൻ ഡിസ്പ്ലേ സിസ്റ്റമാണ്, ഇത് വിൻഡ്ഷീൽഡിന് താഴെ ഒരു മീറ്ററിൽ കൂടുതൽ സ്ഥലം ഉൾക്കൊള്ളുന്നതാണ്. വ്യത്യസ്ത യാത്രക്കാർക്ക് അനുസരിച്ച് ഇഷ്ടാനുസൃതമാക്കാൻ കഴിയുന്ന വേഗത, നാവിഗേഷൻ, വിനോദ നിയന്ത്രണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാർക്കായി ഒരു പ്രത്യേക റിമോട്ട് കൺട്രോൾ പാനലും നൽകിയിട്ടുണ്ട്.
12 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ്
YU7 ന്റെ മാക്സ് വേരിയൻ്റിൽ ഷവോമിയുടെ ഹൈപ്പർ എഞ്ചിൻ V6s പ്ലസ് സാങ്കേതികവിദ്യ ഉൾപ്പെടുന്നു. 800V പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ എസ്‌യുവി, വെറും 12 മിനിറ്റിനുള്ളിൽ 10–80 ശതമാനം വരെ ചാർജ് ചെയ്യാൻ വാഹനത്തിന് കഴിയും. വെറും 15 മിനിറ്റിൽ 620 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇതിന് കഴിയും. സുരക്ഷയ്ക്കായി, മോശം കാലാവസ്ഥയിലും പ്രശ്‌നങ്ങൾ തിരിച്ചറിയാൻ കഴിയുന്ന NVIDIA Thor ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം, 4D മില്ലിമീറ്റർ-വേവ് റഡാർ, ക്യാമറകൾ എന്നിവയും ഇതിലുണ്ട്. ഇന്ത്യൻ വിപണിയിൽ ഏകദേശം 30 ലക്ഷം മുതലായിരിക്കും വിലയെന്നാണ് പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിച്ചിട്ടില്ല.