Telegram Bot: ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങൾ വിറ്റുകാശാക്കി ടെലഗ്രാം ബോട്ട്; തുക 99 രൂപ മുതൽ
Telegram Bot Sells Personal Data: ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങൾ ടെലഗ്രാമിൽ വില്പനയ്ക്ക്. ടെലഗ്രാം ബോട്ട് ഉപയോഗിച്ചാണ് വില്പന നടക്കുന്നത്.
ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങൾ വിൽക്കാനായി മാത്രം ടെലഗ്രാമിൽ ബോട്ട്. പേര്, അഡ്രസ്, പിതാവിൻ്റെ പേര്, ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയവയാണ്! വില്പനയ്ക്കുള്ളത്. മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഒരു യൂസറിൻ്റെ പ്രൊഫൈൽ വിവരങ്ങളെല്ലാം ലഭിക്കുന്ന തരത്തിലാണ് ബോട്ട് പ്രവർത്തിക്കുന്നത്. 99 രൂപ മുതലാണ് നൽകേണ്ട തുക.
ഡിജിറ്റ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. ബോട്ട് ആരംഭിച്ചാൽ ഒരു പർച്ചേസ് പ്ലാൻ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടും. 99 രൂപ മുതൽ 4999 രൂപ വരെയാണ് പർച്ചേസ് പ്ലാനുകൾ. പ്ലാൻ പർച്ചേസ് ചെയ്താൽ 10 ഡിജിറ്റ് മൊബൈൽ നമ്പർ വാങ്ങാനാവും. ഈ മൊബൈൽ നമ്പർ പങ്കുവച്ചാൽ ആ നമ്പറുമായി ബന്ധപ്പെട്ടയാളുടെ മുഴുവൻ പ്രൊഫൈൽ ലഭിക്കും. പേര്, മറ്റ് ഫോൺ നമ്പരുകൾ, അഡ്രസ്, വോട്ടർ ഐഡി, ആധാർ, പാൻ നമ്പരുകൾ എന്നിവയൊക്കെ അറിയാനാവും. വിവരങ്ങളൊക്കെ കൃത്യതയുള്ളതാണെന്നും ചില അവസരങ്ങളിൽ ഇത് മൂന്നോ നാലോ വർഷം പഴക്കമുള്ളതാവാമെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ രാജ്യത്ത് നടന്നിട്ടുള്ള ഡേറ്റ ചോർച്ചകൾക്ക് പിന്നിലുണ്ടായിരുന്ന ഹാക്കർമാരാവാം ഈ ബോട്ടിന് പിന്നിലെന്നാണ് സൂചന.
Also Read: Fairphone 6: ബാറ്ററി മാറ്റാവുന്ന സ്മാർട്ട്ഫോൺ; പഴമയിലേക്കൊരു തിരിച്ചുപോക്കുമായി ഫെയർഫോൺ 6




ഓട്ടോമേറ്റഡ് ടാസ്കുകൾ ചെയ്യാനായി ടെലഗ്രാം ആപ്പിനകത്തുള്ള സ്പെഷ്യലൈസ്ഡ് ആപ്ലിക്കേഷനാണ് ടെലഗ്രാം ബോട്ടുകൾ. മെസേജുകളിലൂടെയാണ് ഉപഭോക്താവുമായി ബോട്ടുകൾ സംവദിക്കുന്നത്. വിവരങ്ങൾ അയക്കാനും ഗ്രൂപ്പുകൾ കൈകാര്യം ചെയ്യാനും കസ്റ്റമർ സപ്പോർട്ട് നൽകാനും ബോട്ടുകൾക്ക് കഴിയും. ഒരിക്കൽ ട്രിഗർ ചെയ്താൽ ബോട്ടുകൾക്ക് സ്വയം വർക്ക് ചെയ്യാനാവും. ബോട്ട്ഫാദർ എന്ന പേരിലുള്ള ബോട്ടാണ് ടെലഗ്രാമിൽ ബോട്ടുകൾ ക്രിയേറ്റ് ചെയ്യാൻ ഉപയോഗിക്കാറുള്ളത്.