Bangladesh Attack: ഞങ്ങള്‍ ഹിന്ദുക്കളാണ്, സമാധാനത്തോടെ ജീവിക്കണം; ബംഗ്ലാദേശില്‍ അക്രമത്തിനിരയായ കുടുംബം
Bangladesh Hindu Youth Attack: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമ പരമ്പരയിലെ അവസാന സംഭവമാണിത്. വീട്ടിലേക്കുള്ള യാത്രാമധ്യേ ആക്രമണത്തിന് ഇരയായ ചന്ദ്ര ദാസിന്റെ വയറില്‍ കത്തികൊണ്ട് കുത്തിയ ശേഷമാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

പ്രതീകാത്മക ചിത്രം
ധാക്ക: ബംഗ്ലാദേശില്‍ ക്രൂരമായ ആക്രമണത്തിനിരയായി ഹിന്ദു യുവാവ്. ബംഗ്ലാദേശില്‍ ബിസിനസ് നടത്തുന്ന ഖോകോണ്‍ ചന്ദ്ര ദാസ് ആണ് ആക്രമണത്തിന് ഇരയായത്. ഡിസംബര്‍ 31ന് ബുധനാഴ്ച രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുംവഴി ശരിയത്ത് ജില്ലയിലെ ദാമുദ്യയിലെ കേര്‍ഭംഗ ബസാറിനടുത്ത് വെച്ച് ഇയാളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. തലയിലൂടെ പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമ പരമ്പരയിലെ അവസാന സംഭവമാണിത്. വീട്ടിലേക്കുള്ള യാത്രാമധ്യേ ആക്രമണത്തിന് ഇരയായ ചന്ദ്ര ദാസിന്റെ വയറില്‍ കത്തികൊണ്ട് കുത്തിയ ശേഷമാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. എന്നാല്‍ തൊട്ടടുത്ത കുളത്തിലേക്ക് ചാടി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. നിലവില്‍ ധാക്കയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ദാസ്.
ശത്രുക്കളില്ലാത്ത തന്റെ ഭര്‍ത്താവിനെ എന്തിനാണ് അക്രമികള്‍ വേട്ടയാടിയതെന്ന് ഭാര്യ സീമ ദാസ് എന്‍ഡിവിടിയോട് പ്രതികരിച്ചു. തങ്ങള്‍ക്ക് ആരുമായും തര്‍ക്കങ്ങളില്ല, തന്റെ ഭര്‍ത്താവിനെ ലക്ഷ്യം വെച്ചത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും സീമ ദാസ് പറഞ്ഞു.
ഞങ്ങള്‍ ഹിന്ദുക്കളാണ്, ഞങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കണം, ആക്രമണം നടത്തിയവര്‍ മുസ്ലിങ്ങള്‍ ആയിരുന്നു. പോലീസ് അവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് സഹായം ആവശ്യപ്പെടുകയാണ് ഞാന്‍, സീമ കൂട്ടിച്ചേര്‍ത്തു.