Bangladesh Unrest: ഒസ്മാന്‍ ഹാദിക്ക് പിന്നാലെ മറ്റൊരു നേതാവിനും വെടിയേറ്റു; ബംഗ്ലാദേശ് കലുഷിതം
Bangladesh leader shot in head: ബംഗ്ലാദേശില്‍ യുവനേതാവ് ഷെരീഫ് ഉസ്മാന്‍ ബിന്‍ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ സംഘര്‍ഷം ശക്തമാകുന്നതിനിടെ മറ്റൊരു നേതാവിന് കൂടി വെടിയേറ്റു

Bangladesh Protest
ധാക്ക: ബംഗ്ലാദേശില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. യുവനേതാവ് ഷെരീഫ് ഉസ്മാന്‍ ബിന്‍ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ സംഘര്‍ഷം ശക്തമാകുന്നതിനിടെ മറ്റൊരു നേതാവിന് കൂടി വെടിയേറ്റു. ബംഗ്ലാദേശ് നാഷണൽ സിറ്റിസൺ പാർട്ടിയുടെ ഖുൽന ഡിവിഷണൽ മേധാവി മുഹമ്മദ് മോട്ടാലെബ് സിക്ദറിനാണ് വെടിയേറ്റതെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഇയാളെ ഗുരുതരാവസ്ഥയില്‍ ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) യുടെ ഖുൽന ഡിവിഷണൽ ചീഫും പാർട്ടിയുടെ തൊഴിലാളി വിഭാഗമായ എൻസിപി ശ്രമിക് ശക്തിയുടെ സെന്‍ട്രല്‍ ഓര്‍ഗനൈസറുമാണ് 42 കാരനായ മുഹമ്മദ് മോട്ടാലെബ് സിക്ദര്‍.
നഗരത്തിലെ ഗാസി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം രാവിലെ 11.45 ഓടെ അക്രമികൾ മോട്ടാലെബിന്റെ തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് സോണാദംഗ മോഡൽ പൊലീസ് സ്റ്റേഷന്റെ ഓഫീസർ ഇൻ ചാർജ് അനിമേഷ് മൊണ്ടോൾ പറഞ്ഞതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
Also Read: Bangladesh Violence: യുവ നേതാവിന്റെ മരണം; ബംഗ്ലാദേശില്‍ വീണ്ടും അക്രമം
മോട്ടാലെബ് അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. വെടിയുണ്ട അദ്ദേഹത്തിന്റെ ചെവിയുടെ ഒരു വശത്തുകൂടി തുളച്ചുകയറി മറുവശത്തുകൂടി പുറത്തുകടന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഒരു റാലി നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ഇയാള്‍ക്ക് വെടിയേറ്റതെന്ന് പാർട്ടിയുടെ ഖുൽന മെട്രോപൊളിറ്റൻ യൂണിറ്റിലെ എൻസിപി പ്രവർത്തകനായ സെയ്ഫ് നവാസ് പറഞ്ഞതായി ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷെരീഫ് ഒസ്മർ ബിൻ ഹാദിയുടെ മരണത്തെത്തുടർന്ന് രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് മുഹമ്മദ് മോട്ടാലെബ് സിക്ദറിന് വെടിയേറ്റത്. ഡിസംബർ 12 ന് മധ്യ ധാക്കയിലെ ഒരു പള്ളിയിൽ നിന്ന് പുറത്തുപോകുമ്പോൾ മുഖംമൂടി ധരിച്ച അക്രമികൾ ഹാദിയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്ലാറ്റ്‌ഫോമായ ഇങ്ക്വിലാബ് മഞ്ചയുടെ മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കടുത്ത വിമർശകനുമായിരുന്നു ഹാദി.