Bangladesh Violence: യുവ നേതാവിന്റെ മരണം; ബംഗ്ലാദേശില്‍ വീണ്ടും അക്രമം
Sharif Osman Hadi Death News: ഹാദിയുടെ മരണം രാഷ്ട്രീയ പകപോക്കലാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. രാജ്യത്ത് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ഹാദിയുടെ മരണത്തിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന് യൂനുസ് പറഞ്ഞു.
ധാക്ക: യുവനേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പോരാടിയ യുവനേതാക്കളില്‍ പ്രധാനിയാണ് ഷെരീഷ്. ധാക്കയിലെ പള്ളിയില്‍ പോകുന്നതിനിടെ ഷെരീഫിന് നേരെ മുഖംമൂടി ധരിച്ച അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വളരെ ദുഃഖകരമായ വാര്‍ത്തയുമായാണ് താന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ എത്തിയിരിക്കുന്നത്, ജൂലൈയില്‍ നടന്ന പ്രക്ഷോഭത്തിലെ മുന്‍നിര പോരാളിയും ഇങ്ക്വിലാബ് മഞ്ചയുടെ വക്താവുമായ ഷെരീഫ് ഉസ്മാന്‍ ഹാദി ഇനി നമുക്കിടയിലില്ല, എന്ന് ഹാദിയുടെ മരണം സ്ഥിരീകരിച്ച് ബംഗ്ലാദേശ് ചീഫ് അഡൈ്വസര്‍ മുഹമ്മദ് യൂനുസ് ജനങ്ങളോടായി പറഞ്ഞു.
ഹാദിയുടെ മരണം രാഷ്ട്രീയ പകപോക്കലാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. രാജ്യത്ത് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ഹാദിയുടെ മരണത്തിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന് യൂനുസ് പറഞ്ഞു. തെരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഒരു തരത്തിലുള്ള അക്രമവും വെച്ചുപൊറുപ്പിക്കില്ല. രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിന് ഈ സംഭവം ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധാക്കയിലെ പ്രമുഖ പത്ര ഓഫീസുകള്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ അഗ്നിരയാക്കി. പ്രമുഖ ബംഗ്ലാദേശി പത്രങ്ങളായ ദി ഡെയ്‌ലി സ്റ്റാര്‍, പ്രോതോം അലി എന്നിവയുടെ ഓഫീസുകളാണ് നശിപ്പിച്ചത്. വെടിവെപ്പുമായി ബന്ധപ്പെട്ട് നിരവധിയാളുകളെ ഇതിനോടകം അറസ്റ്റ് ചെയ്തു.