Dinosaur Fossil: ലോകം ഞെട്ടി, ദിനോസർ ഫോസിൽ വിറ്റത് 262 കോടിക്ക്
1996-ൽ വയോമിംഗിലെ ബോൺ ക്യാബിൻ ക്വാറിയിൽ നിന്നാണ് ഈ ഫോസിൽ കണ്ടെത്തിയത്, ഇതുവരെ ലോകത്ത് കണ്ടെത്തിയിട്ടുള്ള നാല് സെറാറ്റോസോർ ഫോസിലുകളിൽ കൗമാരപ്രായത്തിലുള്ള ഒരേയൊരു ഫോസിലാണിത്
ന്യൂയോർക്ക്: ഒരു ദിനോസർ ഫോസിൽ ലേലം ചെയ്ത തുക കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. 150 ദശലക്ഷം വർഷം പഴക്കമുള്ള ഒരു അപൂർവ സെറാറ്റോസോർ വിഭാഗത്തിലെ ദിനോസറിൻ്റെ ഫോസിലാണ് 262 കോടി രൂപക്ക് (ഏകദേശം 30.5 ദശലക്ഷം ഡോളർ) ലേലത്തിൽ വിറ്റത്. ചരിത്രത്തിലെ ഏറ്റവും വലിയ ഫോസിൽ ലേലങ്ങളിൽ ഒന്നാണിത്. കൗമാരപ്രായക്കാരനായ സെറാറ്റോസോറിൻ്റെ പൂർണ്ണ അസ്ഥികൂടമാണ് ലേലത്തിൽ വിറ്റത്. ഏകദേശം 6 അടിയിലധികം ഉയരവും 11 അടിയിലധികം നീളവുമുണ്ട് ഫോസിലിന്.
1996-ൽ വയോമിംഗിലെ ബോൺ ക്യാബിൻ ക്വാറിയിൽ നിന്നാണ് ഈ ഫോസിൽ കണ്ടെത്തിയത്, ഇതുവരെ ലോകത്ത് കണ്ടെത്തിയിട്ടുള്ള നാല് സെറാറ്റോസോർ ഫോസിലുകളിൽ കൗമാരപ്രായത്തിലുള്ള ഒരേയൊരു ഫോസിലാണിത്. ആർ പേർ പങ്കെടുത്ത ലേലത്തിൽ പേര് വെളിപ്പെടുത്താൻ ആഗ്രമില്ലാത്തയാളാണ് ലേലത്തുക നൽകി ഫോസിൽ സ്വന്തമാക്കിയത്. ഏകദേശം 33-50 കോടി രൂപയായിരുന്നു പ്രതീക്ഷിച്ച വിലയെങ്കിലുംഏഴിരട്ടിയിലധികം വിലയ്ക്ക് റെക്കോർഡിട്ടാണ് ലേലം അവസാനിച്ചത്. അതേസമയം തൻ്റെ സ്വകാര്യ ശേഖരണശാലയിലേക്കാണ് ഫോസിൽ എന്ന് വാങ്ങിയയാൾ വ്യക്തമാക്കി.ഇതിനു മുൻപും സോഥബീസ് അടക്കമുള്ള പ്രമുഖ ലേല സ്ഥാപനങ്ങൾ വഴി വിറ്റ ദിനോസർ ഫോസിലുകൾക്ക് വലിയ വിലയാണ് രേഖപ്പെടുത്തിയത്.
ഗവേഷണത്തിന് കിട്ടില്ലേ
കഴിഞ്ഞ വർഷം 44.6 ദശലക്ഷം ഡോളറിന് വിറ്റ “അപെക്സ്” എന്ന സ്റ്റെഗോസോർ ഫോസിലും 2020-ൽ 31.8 ദശലക്ഷം ഡോളറിന് വിറ്റ “സ്റ്റാൻ” എന്ന ടി-റെക്സ് ഫോസിലുമാണ് ഈ പട്ടികയിലെ മുൻപൻമാർ. അതേസമയം വലിയ തുകക്ക് ഫോസിലുകൾ സ്വകാര്യ വ്യക്തികൾ സ്വന്തമാക്കുന്നത് മ്യൂസിയങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ഇവയുടെ ലഭ്യത കുറയ്ക്കുമോ എന്ന ആശങ്കയും ഗവേഷകർക്കിടയിലുണ്ട്.