Russian Plane Crash: അപ്രത്യക്ഷമായ റഷ്യൻ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് 50 പേർ
Russian Plane Crash At Amur: അങ്കാറ എയർലൈൻറെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ആകെ 43 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിലെ യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണെന്നാണ് വിവരം. ചൈനയുടെ അതിർത്തി പ്രദേശമാണ് അമുർ മേഖല.
മോസ്കോ: റഡാറിൽ നിന്ന് അപ്രത്യക്ഷമായി മണിക്കൂറുകൾക്കകം 50 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം തകർന്നു വീണു. ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ അമൂർ മേഖലയിൽ നിന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. റഡാറിൽ നിന്ന് പെട്ടെന്നാണ് വിമാനം അപ്രത്യക്ഷമായത്. പിന്നീട് തകർന്ന് വീണതായി കണ്ടെത്തുകയുമായിരുന്നു.
അങ്കാറ എയർലൈൻറെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ആകെ 43 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിലെ യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണെന്നാണ് വിവരം. ചൈനയുടെ അതിർത്തി പ്രദേശമാണ് അമുർ മേഖല. റഷ്യയുടെ കിഴക്കൻ മേഖലയിൽ വച്ചാണ് എഎൻ – 24 യാത്രാവിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്.
അമുർ മേഖലയിലെ ടൈൻഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വിമാനം കാണാതാവുന്നതും പിന്നീട് തകർന്ന് വീണതും. വിമാനം തകർന്ന് വീണതിനെ തുടർന്ന് അമുർ മേഖലയിൽ വനപ്രദേശത്ത് നിന്ന് പുക ഉയരുന്നതായി പുറത്തുവരുന്ന ചില ദൃശ്യങ്ങളിൽ കാണാം. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അപകടകാരണമോ മറ്റ് വിശദാംശങ്ങളോ വ്യക്തമല്ല.