You Have A Message! 37 കോടി രൂപയുടെ സർപ്രൈസ് സമ്മാനം; തങ്ങളുടെ ആരോഗ്യപ്രവർത്തകരെ ഞെട്ടിച്ച് ഡോ. ഷംഷീർ വയലിൽ
യുഎഇയിലെ ആരോഗ്യമേഖലയിൽ ഒരു സിഇഒയുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജീവനക്കാരുടെ സംഗമമായിരുന്നു ഇത്. ഏകദേശം 8,500-ലധികം ജീവനക്കാരാണ് ചടങ്ങിൽ പങ്കെടുത്തത്.
അബുദാബി: യുഎഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുർജീൽ ഹോൾഡിംഗ്‌സ് തങ്ങളുടെ പതിനായിരത്തോളം വരുന്ന ആരോഗ്യപ്രവർത്തകർക്കായി 37 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാനും മലയാളിയുമായ ഡോ. ഷംഷീർ വയലിൽ അബുദാബിയിലെ എത്തിഹാദ് അരീനയിൽ നടന്ന ഗ്രൂപ്പ് ടൗൺ ഹാളിലാണ് ഈ ചരിത്രപ്രഖ്യാപനം നടത്തിയത്. യുഎഇയിലെ ആരോഗ്യമേഖലയിൽ ഒരു സിഇഒയുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജീവനക്കാരുടെ സംഗമമായിരുന്നു ഇത്. ഏകദേശം 8,500-ലധികം ജീവനക്കാരാണ് ചടങ്ങിൽ പങ്കെടുത്തത്.
ബുർജീൽ ഗ്രൂപ്പിന് കീഴിലുള്ള നഴ്‌സിംഗ്, അനുബന്ധ ആരോഗ്യം, രോഗീ പരിചരണം, ഓപ്പറേഷൻസ്, സപ്പോർട്ട് വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആകെ ജീവനക്കാരുടെ 85 ശതമാനത്തോളം പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. ഓരോ ജീവനക്കാരന്റെയും തസ്തികയ്ക്കും വിഭാഗത്തിനും അനുസരിച്ച് അരമാസം മുതൽ ഒരു മാസത്തെ വരെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുകയാണ് ലഭിക്കുക. ബുർജീൽ ഗ്രൂപ്പ് പുതുതായി ആരംഭിച്ച ‘BurjeelProud’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ തുക വിതരണം ചെയ്യുന്നത്.
സർപ്രൈസായിട്ടായിരുന്നു സമ്മാനം പ്രഖ്യാപനം
ഡോ. ഷംഷീറിന്റെ പ്രസംഗം പകുതിയായപ്പോഴേക്കും അർഹരായ ജീവനക്കാരുടെ ഫോണുകളിലേക്ക് തുക അനുവദിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ എത്തിയത് എത്തിഹാദ് അരീനയെ ആവേശഭരിതമാക്കി. ഈ സാമ്പത്തിക സഹായം ഏതെങ്കിലും പ്രത്യേക ഡിപ്പാർട്ട്‌മെന്റിനുള്ള പ്രതിഫലമോ നിബന്ധനകളോട് കൂടിയതോ അല്ലെന്ന് ഡോ. ഷംഷീർ വ്യക്തമാക്കി. “നിങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടല്ല ഇത് നൽകുന്നത്. മറിച്ച്, താഴേത്തട്ടിൽ ആത്മാർത്ഥമായി സേവനം നടത്തുന്ന നിങ്ങളാണ് ഈ ഗ്രൂപ്പിന്റെ കരുത്ത് എന്നതുകൊണ്ടാണ്,” അദ്ദേഹം പറഞ്ഞു. യുഎഇ നൽകിയ വളർച്ചയ്ക്കുള്ള നന്ദിസൂചകമായി രാജ്യത്തിന് തിരികെ നൽകാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുർജീൽ 2.0: ഭാവി ദർശനം
ഗ്രൂപ്പിന്റെ അടുത്ത ഘട്ടമായ ‘ബുർജീൽ 2.0’ (Burjeel 2.0) പദ്ധതിയെക്കുറിച്ചും ഡോ. ഷംഷീർ സംസാരിച്ചു. 2030-ഓടെ അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയെ ഒരു അത്യാധുനിക മെഡിക്കൽ ഇക്കോസിസ്റ്റമായി മാറ്റുകയാണ് ലക്ഷ്യം. കേവലം ഒരു ആശുപത്രി എന്നതിലുപരി ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം, പുനരധിവാസം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ലോകോത്തര കേന്ദ്രമായി ഇത് മാറും. പല ആരോഗ്യപ്രവർത്തകരും കണ്ണീരോടെയാണ് ഈ വലിയ അംഗീകാരത്തെ വരവേറ്റത്. ജോലിസ്ഥലത്തെ തങ്ങളുടെ പ്രതിദിന അധ്വാനത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്ന് പലരും പ്രതികരിച്ചു.