Donald Trump: സ്വയം അങ്ങോട്ട് പ്രഖ്യാപിച്ചു; വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് താനാണെന്ന് ട്രംപ്
Trump describes himself as ‘Acting President of Venezuela: വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി സ്വയം നിയമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് ട്രംപിന്റെ പ്രഖ്യാപനം

Donald Trump
വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി സ്വയം നിയമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് ട്രംപിന്റെ പ്രഖ്യാപനം. വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ട്രംപാണെന്ന് കാണിക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്ത ഒരു വിക്കിപീഡിയ പേജിന്റെ മോഡലാണ് ട്രംപ് പങ്കുവച്ചത്. എന്നാല്‍ യഥാർത്ഥ വിക്കിപീഡിയ പേജിൽ ട്രംപിനെ വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി കാണിക്കുന്നില്ല. ഒരു ഇന്റര്‍നാഷണല്‍ ബോഡി പോലും ട്രംപിന്റെ അവകാശവാദം അംഗീകരിച്ചിട്ടുമില്ല.
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും, ഭാര്യയെയും സൈനിക നടപടിയിലൂടെ യുഎസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വെനസ്വേലയുടെ പ്രസിഡന്റായി ‘സ്വയം നിയമിച്ചു’കൊണ്ട് ട്രംപ് പോസ്റ്റ് പങ്കുവച്ചത്.
മഡുറോയും ഭാര്യയും നിലവില്‍ യുഎസ് കസ്റ്റഡിയിലാണ്. മഡുറോ ഭരണകൂടത്തെ താഴെയിറക്കാന്‍ യുഎസ് നേരത്തെ തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് വെനസ്വേലയില്‍ യുഎസ് സൈനികനടപടി ആരംഭിച്ചത്.
Also Read: Donald Trump: റഷ്യന്‍ എണ്ണ വാങ്ങിയാല്‍ ഇന്ത്യയ്ക്ക് 500% തീരുവ; ബില്ലിന് അംഗീകാരം നല്‍കി ട്രംപ്
തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് മഡുറോ പ്രതികരിച്ചു. വിവിധ രാജ്യങ്ങള്‍ യുഎസ് നടപടിയെ വിമര്‍ശിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ യുഎസ് ലംഘിച്ചെന്നാണ് വിമര്‍ശനം. ചൈന, റഷ്യ, കൊളംബിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളാണ് യുഎസിനെ വിമര്‍ശിച്ചത്.
ഇതിന് പിന്നാലെ സുരക്ഷാ ആശങ്കകളും മറ്റും ചൂണ്ടിക്കാട്ടി വെനസ്വേലയെ യുഎസ് താല്‍ക്കാലികമായി നിയന്ത്രിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവിൽ വെനിസ്വേലയുടെ എണ്ണ വിപണികൾക്ക് അമേരിക്ക മേൽനോട്ടം വഹിക്കുകയും വിൽക്കുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താനാണ് ആക്ടിങ് പ്രസിഡന്റെന്ന് ട്രംപ് സ്വയം പ്രഖ്യാപിച്ചത്. മഡുറോയെ ഉടന്‍ മോചിപ്പിക്കണമെന്ന് റോഡ്രിഗസ് ആവശ്യപ്പെട്ടു.