Donald Trump: ഇനിയും പ്രസിഡന്റാകണം, മൂന്നാമതും മത്സരിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ട്രംപ്
Trump about presidential term: മൂന്നാം തവണയും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ട്രംപ്. മാർക്കോ റൂബിയോ, ജെഡി വാൻസ് എന്നിവരില്‍ ആരെങ്കിലുമാകും തന്റെ പിന്‍ഗാമിയെന്നാണ് ട്രംപ് നല്‍കുന്ന സൂചന
ടോക്കിയോ: 2028 ൽ മൂന്നാം തവണയും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. മൂന്നാം തവണയും മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് മുൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനന്‍ അടുത്തിടെ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തനിക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് എയർ ഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഇതുവരെ മൂന്നാമത് മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ആരു നയിക്കാനാണ് സാധ്യതയെന്നും ട്രംപ് വെളിപ്പെടുത്തി. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെഡി വാൻസ് എന്നിവരില്‍ ആരെങ്കിലുമാകും തന്റെ പിന്‍ഗാമിയെന്നാണ് ട്രംപ് നല്‍കുന്ന സൂചന.
പിന്‍ഗാമിയാകാന്‍ യോഗ്യരായ ചില ആളുകളുണ്ടെന്ന് ട്രംപ് പറഞ്ഞു. താന്‍ അതിലേക്ക് കടക്കുന്നില്ല. യോഗ്യരായവരില്‍ ഒരാള്‍ ഇവിടെ നില്‍പുണ്ടെന്ന് റൂബിയോയെ ചൂണ്ടിക്കാട്ടി ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. വാന്‍സിനെയും ട്രംപ് പ്രശംസിച്ചു. വാന്‍സ് മികച്ച വ്യക്തിയും, മികച്ച വൈസ് പ്രസിഡന്റുമാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ആരാകും മത്സരിക്കുകയെന്ന് തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റീവ് ബാനന്‍
ട്രംപ് വീണ്ടും മത്സരിക്കണമെന്ന് വാദിച്ചവരില്‍ ഒരാള്‍ കൂടിയാണ് സ്റ്റീവ് ബാനന്‍. ട്രംപിന് വീണ്ടും മത്സരിക്കാന്‍ നീക്കമുണ്ടെന്നും ബാനന്‍ അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ യുഎസ് ഭരണഘടന പ്രകാരം ഒരാള്‍ക്ക് രണ്ട് തവണ മാത്രമേ പ്രസിഡന്റാകാന്‍ സാധിക്കൂ.
Also Read: Donald Trump: അക്കാര്യം ചെയ്താല്‍ ഇന്ത്യയ്‌ക്കെതിരായ തീരുവ തുടരും; ഭീഷണിയുമായി ട്രംപ്
ട്രംപ് ജപ്പാനില്‍
അതേസമയം, മലേഷ്യയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ട്രംപ് ജപ്പാനിലെ ടോക്കിയോയിലെത്തി. ക്വലാലംപൂരിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് മലേഷ്യയെ പ്രശംസിച്ച് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചു. മഹത്തായതും വളരെ ഊർജ്ജസ്വലവുമായ ഒരു രാജ്യമായ മലേഷ്യയെ വിട്ടുപോകുന്നുവെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.