Donald Trump: ‘സമയം പ്രധാനം, വേഗം വേണം, അല്ലെങ്കിൽ വൻതോതിലുള്ള രക്തച്ചൊരിച്ചിൽ ‘; മുന്നറിയിപ്പ് നൽകി ട്രംപ്
Donald Trump Gaza Peace Plan: നേരത്തെ ട്രംപ് നൽകിയ അന്ത്യശാസനത്തിന് പിന്നാലെ, യുദ്ധം അവസാനിപ്പിക്കുക, ഇസ്രായേലി സൈന്യത്തെ പിൻവലിക്കുക, ഇസ്രായേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും മോചിപ്പിക്കുക, സഹായ-പുനരുദ്ധാരണ ശ്രമങ്ങൾ നടത്തുക തുടങ്ങിയ ചില കാര്യങ്ങൾ ഹമാസ് അംഗീകരിച്ചിരുന്നു.
വാഷിംഗ്ടൺ: ഗാസയിലെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട് വേഗത്തിൽ നീങ്ങാൻ ഇസ്രായേലിനോടും ഹമാസിനോടും ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടിയന്തരമായി നടപടിയെടുത്തില്ലെങ്കിൽ വൻതോതിലുള്ള രക്തച്ചൊരിച്ചിലിന് ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രായേലും ഹമാസും ഇന്ന് ഈജിപ്തിൽ ചർച്ചകൾ നടത്താൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
“ആദ്യ ഘട്ടം ഈ ആഴ്ച പൂർത്തിയാക്കണമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്, എല്ലാവരും വേഗത്തിൽ നീങ്ങാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ “സംഘർഷം” ഞാൻ തുടർന്നും നിരീക്ഷിക്കും. സമയം അനിവാര്യമാണ് അല്ലെങ്കിൽ വൻതോതിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും – ആരും കാണാൻ ആഗ്രഹിക്കാത്ത ഒന്ന്!” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ഹമാസുമായും മറ്റ് അറബ്, മുസ്ലീം രാജ്യങ്ങളുമായും വളരെ നല്ല ചർച്ചകൾ നടന്നിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കുക, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, പ്രധാനമായി, മിഡിൽ ഈസ്റ്റിൽ ഏറെക്കാലമായി ആഗ്രഹിക്കുന്ന സമാധാനം സ്ഥാപിക്കുക എന്നിവയാണ് ചർച്ചകളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ട്രംപ് നൽകിയ അന്ത്യശാസനത്തിന് പിന്നാലെ, യുദ്ധം അവസാനിപ്പിക്കുക, ഇസ്രായേലി സൈന്യത്തെ പിൻവലിക്കുക, ഇസ്രായേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും മോചിപ്പിക്കുക, സഹായ-പുനരുദ്ധാരണ ശ്രമങ്ങൾ നടത്തുക തുടങ്ങിയ ചില കാര്യങ്ങൾ ഹമാസ് അംഗീകരിച്ചിരുന്നു. അതേസമയം, ട്രംപിന്റെ മുന്നറിയിപ്പിന് മണിക്കൂറുകൾക്ക് ശേഷം ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം നടത്തിയതായും ആറ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.