വെറും 5 മിനിറ്റ് മതി; ഇനി ദുബായ് വിമാനത്താവളത്തിൽ നിന്നും ഇൻ്റർനാഷ്ണൽ ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം!
UAE Residents Can Now Apply for an International Driving Permit at Dubai Airport 24/7: യാത്ര പുറപ്പെടുന്നതിന് തൊട്ടു മുൻപ് തന്നെ യാത്രക്കാർക്ക് പെർമിറ്റ് ലഭ്യമാക്കുക എന്നതാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ആധുനിക ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ അപേക്ഷകരുടെ വിവരങ്ങൾ വളരെ വേഗം പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കുന്നതിനാലാണ് വെറും അഞ്ച് മിനിറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സേവനം നൽകാൻ സാധിക്കുന്നത്

പ്രതീകാത്മക ചിത്രം
ദുബായ്: ദുബായി പൗർന്മാർക്കും പ്രവസികൾ ഉൾപ്പടെയുള്ള ദുബായ് നിവാസികൾക്കും ഇൻ്റർനാഷ്ണൽ ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാൻ ഇനി നെട്ടോട്ടം ഓടേണ്ട ആവശ്യമില്ല. വെറും അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഇൻ്റർനാഷ്ണൽ ഡ്രൈവിംഗ് പെർമിറ്റ് നേടാനാകുന്ന പുതിയ സംവിധാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ടെർമിനൽ 3 അറൈവൽസിലെ കസ്റ്റമർ ഹാപ്പിനസ് സെൻ്റർ വഴിയാണ് ഇത് ലഭ്യമാവുക. 24 മണിക്കൂറും ഈ സേവനം ലഭിക്കും. സാധുവായ യു.എ.ഇ ഡ്രൈവിംഗ് ലൈസൻസുള്ള പൗരന്മാർക്കും പ്രവാസികൾക്കും ഊ സേവനം പ്രയോജനപ്പെടുത്തി ഇൻ്റർനാഷ്ണൽ ഡ്രൈവിംഗ് പെർമിറ്റ് നേടാവുന്നതാണ്.
ജനറൽ ഡയറക്ട്റേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, എമിറേറ്റ് ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബ്ബ്, അമർ എന്നിവ സംയുക്തമായാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. പെർമിറ്റിനായി അപേക്ഷിക്കുന്നവർ എമിറേറ്റ് ഐ.ഡി, യു.എ.ഇ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ടിൻ്റെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സേവന കേന്ദ്രത്തിൽ നൽകണം.
നേരത്തെ ആർ.ടി.എ, ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബ് എന്നിവ വഴിയായിരുന്നു ദുബായിൽ ഇൻ്റർനാഷ്ണൽ ഡ്രൈവിംഗ് പെർമിറ്റ് നൽകിയിരുന്നത്. ആർ.ടി.എ വഴി അപേക്ഷിക്കുമ്പോൾ 197 ദിർഹവും, ടൂറിംഗ് ക്ലബ് വഴി അപേക്ഷിക്കുമ്പോൾ 170 ദിർഹവും ആയിരുന്നു നിരക്ക്. എന്നാൽ വിമാനത്താവളത്തിലെ പുതിയ സേവനത്തിൻ്റെ ഫീസ് എത്രയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
യാത്ര പുറപ്പെടുന്നതിന് തൊട്ടു മുൻപ് തന്നെ യാത്രക്കാർക്ക് പെർമിറ്റ് ലഭ്യമാക്കുക എന്നതാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ആധുനിക ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ അപേക്ഷകരുടെ വിവരങ്ങൾ വളരെ വേഗം പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കുന്നതിനാലാണ് വെറും അഞ്ച് മിനിറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സേവനം നൽകാൻ സാധിക്കുന്നത്.
സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസിൻ്റെ ഒരു അംഗീകൃത അന്താരാഷ്ട്ര പതിപ്പാണ് ഇൻ്റർനാഷ്ണൽ ഡ്രൈവിംഗ് പെർമിറ്റ് അഥവ ഐ.ഡി.പി. ഈ പെർമിറ്റ് ഉള്ളതുകൊണ്ട് യു.എ.ഇയിലെ ഡ്രൈവർമാർക്ക് വിദേശ രാജ്യങ്ങളിൽ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് നടത്തി പുതിയ ലൈസൻസ് എടുക്കേണ്ടതായി വരില്ല. ഇൻ്റർനാഷ്ണൽ ഡ്രൈവിംഗ് പെർമിറ്റ് ഉപയോഗിച്ച് നിയമപരമായി തന്നെ വാഹനം ഓടിക്കാം. അനുവദിച്ച തീയതി മുതൽ ഒരു വർഷത്തേക്കാണ് ഇതിന് കാലാവധിയുണ്ടാവുക. പെർമിറ്റിനൊപ്പം യു.എ.ഇ ഡ്രൈവിംഗ് ലൈസൻസും കൈവശം വെക്കേണ്ടത് നിർബന്ധമാണ്.
English Summary
Dubai residents and citizens can now obtain an International Driving Permit within five minutes at Dubai International Airport’s Terminal 3. The 24/7 service aims to facilitate hassle-free travel for motorists.