Dubai: ദുബായിൽ ആദ്യമായി വീട് വാങ്ങുകയാണോ? ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് അധികൃതർ
Incentives For Homebuyers In Dubai: ദുബായിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് ആനുകൂല്യങ്ങളുമായി അധികൃതർ. ബാങ്കുകളും ഡെവലപ്പർമാരുമായി സഹകരിച്ചാണ് പദ്ധതി.
ദുബായിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് അധികൃതർ. റിയൽ എസ്റ്റേറ്റിലെ നിക്ഷേപം വർധിപ്പിക്കാനും വീട് വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനുമായാണ് എമിറേറ്റിലെ താമസക്കാർക്ക് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. ആകർഷകമായ തവണ വ്യവസ്ഥകളും കുറഞ്ഞ വിലയും പുതിയ കെട്ടിടങ്ങളിലേക്കുള്ള പരിഗണനയും അടക്കമാണ് ആനുകൂല്യങ്ങൾ.
ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻ്റും എക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെൻ്റും ചേർന്നാണ് പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നത്. 13 കെട്ടിടനിർമാതാക്കളുമായി ചേർന്നാണ് പദ്ധതി. അഞ്ച് ബാങ്കുകളും പദ്ധതിയിൽ ഉണ്ട്. ആളുകൾക്ക് സ്വന്തം വീടെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
ദുബായിലേക്ക് എല്ലാ മാസവും എത്തുന്നത് 10,000 ലധികം നിക്ഷേപകരാണെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻ്റിലെ റിയൽ എസ്റ്റേറ്റ് രെജിസ്ട്രേഷൻ സെക്ടർ സിഇഒ മാജിദ് അൽ മറി പറഞ്ഞു. പുതിയ പദ്ധതിയിലൂടെ ഈ എണ്ണം വർധിപ്പിക്കാനാവുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. 18 വയസിന് മുകളിൽ പ്രായമുള്ള, യുഎഇയിൽ താമസിക്കുന്ന ഏതൊരാൾക്കും ഈ പദ്ധതിയിലൂടെ വീട് സ്വന്തമാക്കാം. മുൻപ് സ്വന്തമായി വീടുണ്ടാവരുതെന്നതാണ് നിബന്ധന. ഒപ്പം എമിറേറ്റ്സ് ഐഡിയും കൈവശം ഉണ്ടാവണം. ഈ നിബന്ധനകളെല്ലാം പാലിക്കുന്നവർക്ക് അഞ്ച് മില്ല്യൺ ദിർഹമിന് താഴെ വിലയുള്ള ഏത് അപ്പാർട്ട്മെൻ്റും വാങ്ങാം. ഈ അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് നൽകുകയോ ലീസിന് നൽകുകയോ വിൽക്കുകയോ ആവാം.
ആളുകൾ അവർക്കിഷ്ടമുള്ള കാര്യങ്ങൾ രേഖപ്പെടുത്തണം. വില്ലയാണൊ അപ്പാർട്ട്മെൻ്റാണോ വേണ്ടത് എന്നതിനൊപ്പം ബജറ്റും ബന്ധപ്പെടാനുള്ള നമ്പരും അടക്കമുള്ള വിവരങ്ങൾ ഒഎൽഡി വെബ്സൈറ്റിലോ ദുബായ് റെസ്റ്റ് ആപ്പിലോ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യാം. വിവരങ്ങളൊക്കെ ഡെവലപ്പറിന് ലഭിക്കും. ബാങ്കുകളും വിവരം അറിയും. നേരിട്ട് രജിസ്റ്റർ ചെയ്യാൻ താത്പര്യമില്ലാത്തവർക്ക് ബ്രോക്കർമാർ വഴിയും വീട് നോക്കാമെന്നും അധികൃതർ പറഞ്ഞു.