Terror Attack In Mali: മാലിയിൽ ഭീകരാക്രമണം; 3 ഇന്ത്യക്കാരെ കാണാതായി, ബന്ദികളാക്കിയത് അൽ-ഖ്വയ്ദയുമായി ബന്ധമുള്ളവർ
Mali Al-Qaeda-Linked Terror Attack: ജൂലൈ ഒന്നിനാണ് മാലിയിൽ ഭീകരാക്രമണം റിപ്പോർട്ട് ചെയ്തത്. സായുധരായ ഒരു സംഘം ഫാക്ടറി വളപ്പിൽ ആക്രമണം നടത്തിയാണ് മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കിയത്. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
ബമാകോ: മാലിയിൽ ഭീകരാക്രണം (Terror Attack In Mali). ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയതായാണ് വിവരം. സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. മാലി റിപ്പബ്ലിക്കിലെ കെയ്‌സിൽ ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരെ ഉടൻ തന്നെ സുരക്ഷിതമായി മോചിപ്പിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടു. അതിന് ആവശ്യമായ എല്ലാ നടപടികളും അതിവേഗം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ ഒന്നിനാണ് മാലിയിൽ ഭീകരാക്രമണം റിപ്പോർട്ട് ചെയ്തത്. സായുധരായ ഒരു സംഘം ഫാക്ടറി വളപ്പിൽ ആക്രമണം നടത്തിയാണ് മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കിയത്. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്റത്ത് അൽ-ഇസ്ലാം വൽ-മുസ്ലിമീൻ മാലിയിലുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
മാലിയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അടിയന്തര ആവശ്യങ്ങൾക്ക് ബമാകോയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി എംബസി ബന്ധപ്പെടുന്നുണ്ട്. മാലിയിലെ സൈനിക താവളങ്ങൾ ലക്ഷ്യം വച്ചാണ് ഭീകരാക്രണം നടന്നിരിക്കുന്നത്.