Dubai: ഒറ്റ രാത്രികൊണ്ട് ദുബായ് സ്ഥാപനം അപ്രത്യക്ഷം; മലയാളികളടക്കം നിക്ഷേപകർക്ക് നഷ്ടമായത് ലക്ഷങ്ങൾ
Dubai Brokerage Firm Vanishes Overnight: ദുബായിലെ ബ്രോക്കറേജ് സ്ഥാപനം അപ്രത്യക്ഷമായത് ഒറ്റ രാത്രി കൊണ്ട്. ഇതോടെ മലയാളികൾ അടക്കമുള്ള നിക്ഷേപകർക്ക് ലക്ഷങ്ങളാണ് നഷ്ടമായത്.
ഒറ്റ രാത്രി കൊണ്ട് പൂട്ടിപ്പോയ ദുബായ് സ്ഥാപനത്തിൽ നിക്ഷേപിച്ചവർക്ക് നഷ്ടം ലക്ഷങ്ങൾ. മലയാളികൾ അടക്കമുള്ളവർക്കാണ് പണം നഷ്ടമായത്. പ്രാഥമികമായ വിവരങ്ങളനുസരിച്ച് ഈ സ്ഥാപനത്തിന് ദുബായിൽ പ്രവർത്തിക്കാനുള്ള അനുമതിയില്ലായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ദുബായ് ബിസിനസ് ബേയിലുള്ള ക്യാപിറ്റൽ ഗോൾഡൻ ടവറിൽ പ്രവർത്തിച്ചിരുന്ന ഗൾഫ് ഫസ്റ്റ് കമേഷ്യൽ ബ്രോക്കേഴ്സ് എന്ന ബ്രോക്കറേജ് സ്ഥാപനമാണ് ഒരു രാത്രി കൊണ്ട് അപ്രത്യക്ഷമായത്. കമ്പനി പൂട്ടി ഇവർ എവിടെപ്പോയെന്നോ എങ്ങനെ പണം തിരികെ ലഭിക്കുമെന്നോ ആർക്കും അറിയില്ല. കഴിഞ്ഞ മാസം വരെ കമ്പനി പ്രവർത്തിച്ചിരുന്നതായാണ് വിവരം. 40 തൊഴിലാളികൾ ഫോറക്സ് ഓഫറുകൾ വാഗ്ദാനം ചെയ്ത് നിരന്തരമായി ഫോൺ വിളിച്ചാണ് നിക്ഷേപകരെ ആകർഷിച്ചത്. ഇപ്പോൾ കമ്പനി അടച്ചിട്ടിരിക്കുകയാണ്. കുറച്ചുകാലമായി ഉപയോഗിക്കാത്ത നിലയിൽ ഓഫീസിലാകെ പൊടി കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ടെലിഫോൺ വയറുകൾ പറിച്ചുമാറ്റിയ നിലയിലാണ്. ഒരുദിവസം സ്ഥാപനത്തിലെ ആളുകൾ വന്ന് താക്കോൽ തന്ന് വേഗത്തിൽ ഒഴിഞ്ഞുപോവുകയാണ് ഉണ്ടായതെന്ന് ക്യാപിറ്റൽ ഗോൾഡൻ ടവർ സെക്യൂരിറ്റി പറഞ്ഞു.
മുഹമ്മദ് ഫയാസ് പൊയ്യിൽ എന്ന മലയാളി 75000 ഡോളറാണ് കമ്പനിയിൽ നിക്ഷേപിച്ചത്. ഇവരടക്കമുള്ളവർ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. വന്നപ്പോൾ കണ്ടത് ഒഴിഞ്ഞ ഓഫീസുകളാണ് ഫയാസ് പറഞ്ഞു. എല്ലാ നമ്പറിലും വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. അവർ ഇതുവരെ ഇല്ലാതിരുന്നത് പോലെയാണ് അവസ്ഥ. ഫോൺ സംഭാഷണത്തിലൂടെയാണ് ഇവർ നിക്ഷേപത്തിനായി ബന്ധപ്പെട്ടത്. ആദ്യം ആയിരം ഡോളർ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് പലതവണകളായി ഈ തുക നിക്ഷേപിക്കാൻ നിർബന്ധിക്കുകയായിരുന്നു എന്നും ഫയാസ് പറഞ്ഞു.