ദുബായിലെ പ്രധാന റോഡുകളിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണം
Dubai RTA Announces Truck Movement Restrictions: പുതിയ സമയക്രമത്തെ കുറിച്ചും പകരം ഉപയോഗിക്കാവുന്ന റൂട്ടുകളെ കുറിച്ചും ഡ്രൈവർമാർക്കും ട്രാൻസ്പോർട്ട് കമ്പനികൾക്കും ബോധവൽക്കരണം നൽകാൻ ദുബായ് പൊലീസുമായി ചേർന്ന് ആർ.ടി.എ വിപുലമായ ക്യാംപെയിൻ ആരംഭിക്കും. നിയന്ത്രണമുള്ള സമയങ്ങളിൽ ട്രക്കുകൾക്ക് യാത്ര ചെയ്യേണ്ട അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പിഴ ഒഴിവാക്കുന്നതിനായി ആർ.ടി.എയുടെ വെബ്സൈറ്റ് വഴി മുൻകൂറായി മൊബിലിറ്റി പെർമിറ്റിന് അപേക്ഷിക്കേണ്ടതാണ്
ദുബായ്: ഒക്ടോബർ 1 മുതൽ ദുബായിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്കും മറ്റു ഭാര വഹനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് പൊലീസും റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും അറിയിച്ചു. എന്നാൽ എമിറേറ്റ് റോഡിനെ ഈ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും വാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമാണ് പുതിയ നടപടിയിലേക്ക് കടക്കുന്നത് എന്ന് അധികൃതർ അറിയിച്ചു.
വിവിധ പ്രദേശങ്ങളിലെ തിരക്കിനനുസരിച്ച് നിയന്ത്രണത്തിൻ്റെ സമയക്രമത്തിൽ മാറ്റമുണ്ടാകും. അൽ ഖുദ്റ സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ്, എയർപോർട്ട് ടണൽ മറ്റു പ്രധാന ക്രോസിംഗുകൾ എന്നിവിടങ്ങളിൽ ട്രക്കുകൾക്ക് 24 മണിക്കൂറും പ്രവേശന വിലക്കുണ്ട്. ഷെയ്ഖ് സായിദ് റോഡ്, ബെയ്റൂട്ട് സ്ട്രീറ്റ്, എന്നീ പ്രധാന റോഡുകളിലും അൽ മിസ്ഹർ, മുഹൈസിന, ഔദ് അൽ മുതീന എന്നി ജനവാസ മേഖലകളിലും രാവിലെ 6 മുതൽ രാത്രി 10 മണി വരെയാണ് നിയന്ത്രണം. കൂടാതെ എയർപോർട്ട് സ്ട്രീറ്റ്, ഒമാൻ സ്ട്രീറ്റ്, ദമാസ്കസ് സ്ട്രീറ്റ് തുടങ്ങിയ റോഡുകളിൽ തിരക്കേറിയ സമയങ്ങളായ രാവിലെ 6.30 മുതൽ 8.30 വരെയും, ഉച്ചയ്ക്ക് 1 മുതൽ 3 വരെയും, വൈകുന്നേരം 5.30 മുതൽ രാത്രി 8 മണി വരെയുമായിരിക്കും നിയന്ത്രണം
പുതിയ സമയക്രമത്തെ കുറിച്ചും പകരം ഉപയോഗിക്കാവുന്ന റൂട്ടുകളെ കുറിച്ചും ഡ്രൈവർമാർക്കും ട്രാൻസ്പോർട്ട് കമ്പനികൾക്കും ബോധവൽക്കരണം നൽകാൻ ദുബായ് പൊലീസുമായി ചേർന്ന് ആർ.ടി.എ വിപുലമായ ക്യാംപെയിൻ ആരംഭിക്കും. നിയന്ത്രണമുള്ള സമയങ്ങളിൽ ട്രക്കുകൾക്ക് യാത്ര ചെയ്യേണ്ട അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പിഴ ഒഴിവാക്കുന്നതിനായി ആർ.ടി.എയുടെ വെബ്സൈറ്റ് വഴി മുൻകൂറായി മൊബിലിറ്റി പെർമിറ്റിന് അപേക്ഷിക്കേണ്ടതാണ്. ഡ്രൈവർമാർ നിശ്ചിത സമയക്രമം കർശനമായി പാലിക്കണമെന്ന് ആർ.ടി.എ നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്രക്ക് ഡ്രൈവർമാർക്കായുള്ള വിശ്രമ കേന്ദ്രങ്ങളും ആർ.ടി.എ വിപുലീകരിക്കുകയാണ്. പ്രധാനപ്പെട്ട ആറ് കേന്ദ്രങ്ങളിലായി നിർമ്മിക്കുന്ന 16 വിശ്രമ കേന്ദ്രങ്ങളിൽ 14 എണ്ണത്തിൻ്റെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇതിൽ ഏഴ് വിശ്രമ കേന്ദ്രങ്ങളിലായി പുതുതായി 364 പാർക്കിംഗ് സ്പേസുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ദുബായിൽ ട്രക്കുകൾക്കുള്ള പാർക്കിംഗ് സ്പേസുകളുടെ എണ്ണം 1007 ആയി വർധിച്ചു..
English Summary
Dubai Police and RTA will enforce truck movement restrictions on key roads starting October 1 to ease traffic congestion. Emirates Road is exempt.