Dubai: ദുബായിലെ റോബോട്ട് അധ്യാപകർ കൊള്ളാം; പഠനനിലവാരത്തിൽ എട്ട് ശതമാനം വർധയെന്ന് പഠനം
AI Powered Robot Duet To Improve Student Efficiecy: എഐ റോബോട്ടുകളുടെ സഹായത്തോടെയുള്ള പഠനരീതി വിദ്യാർത്ഥികൾക്ക് വളരെ സഹായകമാവുമെന്ന് പഠനം. 8 ശതമാനം വളർച്ചയാണ് പഠനത്തിൽ തെളിഞ്ഞത്.
റോബോട്ടുകളുടെയും എഐയുടെയും സഹായത്തോടെ പഠിപ്പിക്കുന്നതിലൂടെ നിലവാരം ഉയരുന്നുണ്ടെന്ന് ദുബായ് ആസ്ഥാനമായ സർവകലാശാലയുടെ പഠനം. പഠകാലയളവിലെ ആദ്യ വർഷങ്ങളിൽ ഇത്തരം മാർഗങ്ങൾ സ്വീകരിച്ചാൽ പഠനനിലവാരം എട്ട് ശതമാനം വരെ മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്.
ദുബായിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിൽ എഐയുടെയും റോബോട്ടിക്സിൻ്റെയും സാധ്യത വളരെ നന്നായി ഉപയോഗിക്കാനാവുമെന്നാണ് കണ്ടെത്തൽ. വിദ്യാർത്ഥികളുമായി നേരിട്ട് ബന്ധപ്പെടുന്ന, പേഴ്സണലൈസ്ഡ് ആയ എഐ റോബോട്ടുകളാണ് പ്രൊജക്ടിൽ ഉൾപ്പെട്ടിരുന്നത്. പരമ്പരാഗത രീതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം പഠനമാർഗത്തിലൂടെ ശരാശരി അക്കാദമിക് നിലവാരം എട്ട് ശതമാനത്തോളം വർധിച്ചു.
സർവകലാശാലയിലെ ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ് ആൻഡ് കംപ്യൂട്ടിങ് സയൻസ് ഡിപ്പാർട്ട്മെൻ്റ് ചെയർമാനായ ഡോക്ടർ ജിനേൻ മോൻസെഫ് ആണ് പഠനത്തിന് നേതൃത്വം നൽകിയത്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എഐ റോബോട്ടുകൾ ഉൾപ്പെടുത്തുന്നതായിരുന്നു പഠനം. ഡ്യുവറ്റ് എന്ന പേരുള്ള റോബോട്ടിനെയാണ് ഇതിനായി ഇവർ ഉപയോഗിച്ചത്. കരുത്തുറ്റ മെഷീൻ ലേണിങ് അൽഗോരിതമുള്ള ഈ റോബോട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിന് വിദ്യാർത്ഥികളെ നന്നായി സഹായിക്കാനാവും. ടെസ്റ്റ് സ്കോറുകൾ, ടാക്സ് പൂർത്തിയാക്കാനെടുക്കുന്ന സമയം തുടങ്ങിയവ പരിഗണിച്ച് ഒരു വിദ്യാർത്ഥിയുടെ കഴിവ് കൃത്യമായും പൂർണമായും മനസ്സിലാക്കാൻ ഇതിന് കഴിയും. ഓരോ വിദ്യാർത്ഥികൾക്കും വേണ്ട തരത്തിൽ പഠനരീതി അവതരിപ്പിക്കാനും റോബോട്ടിന് കഴിവുണ്ട്.