Dubai Marina Fire: ദുബായ് മറീനയിലെ ബിൽഡിംഗിൽ തീപിടുത്തം; നിയന്ത്രണവിധേയമെന്ന് അധികൃതർ
Dubai Marina Building Fire: ദുബായിലെ മറീന കെട്ടിടസമുച്ചയത്തിൽ തീപിടുത്തം. മറീന സെയിലിലാണ് തീപിടുത്തമുണ്ടായത്.
ദുബായ് മറീനയിലെ ബിൽഡിംഗിൽ തീപിടുത്തം. വെള്ളിയാഴ്ച പുലർച്ചെയാണ് സ്ഥലത്തെ റെസിഡൻഷ്യൽ ടവറായ മറീന സെയിലിലാണ് തീപിടുത്തമുണ്ടായത്. മുകളിലെ നിലയിലുണ്ടായ തീപിടുത്തം മണിക്കൂറുകൾക്കുള്ളിൽ നിയന്ത്രണവിധേയമാക്കിയെന്ന് അധികൃതർ പറഞ്ഞു. തീപിടുത്തത്തെ തുടർന്ന് ആളുകളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. രണ്ട് മണിക്കൂറിന് ശേഷം ഇവരെ തിരികെ കെട്ടിടത്തിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ 3.30ഓടെയാണ് തീപിടുത്തലുണ്ടായതെന്ന് കെട്ടിടത്തിലെ താമസക്കാർ അറിയിച്ചു. ഫയർ എഞ്ചിനുകളുടെയും റെക്കോർഡ് ചെയ്ത ഒഴിപ്പിക്കൽ മെസേജുകളുടെയും ശബ്ദം കേട്ടാണ് പലരും എഴുന്നേറ്റത്. പലരും നിശാവസ്ത്രത്തിൽ തന്നെയാണ് പുറത്തിറങ്ങിയത്. “ഞാൻ എട്ട് മണിക്ക് ജോലിസ്ഥലത്ത് എത്തേണ്ടതാണ്. പക്ഷേ, ഇതൊരു ബുദ്ധിമുട്ടേറിയ രാത്രിയായിരുന്നു. എനിക്കാദ്യം സമനില വീണ്ടെടുക്കണം.” എട്ടാം നിലയിൽ താമസിക്കുന്ന പ്രീതി എസ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.\
ദുബായിലുള്ള ഒരു വാട്ടർഫ്രണ്ട് കെട്ടിടസമുച്ചയമാണ് ദുബായ് മറീന ഏരിയ. 200ലധികം താമസ കെട്ടിടങ്ങളും ഹോട്ടലുകളും വാണിജ്യ കെട്ടിടങ്ങളും ഉൾപ്പെടെ ഇവിടെയുണ്ട്. 3.5 കിലോമീറ്ററാണ് വിസ്തൃതി. കടലിലേക്ക് മനുഷ്യനിർമ്മിതമായ ഒരു കനാലും ഈ കെട്ടിടസമുച്ചയത്തിലുണ്ട്. ആഡംബര അപ്പാർട്ട്മെൻ്റുകളും പെൻ്റ്ഹൗസുകളും പോഡിയം വില്ലകളുമാണ് ഇവിടെയുള്ളത്. ഇവിടെയുള്ള മറീന 101 യുഎഇയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കെട്ടിടമാണ്. സ്വിമ്മിങ് പൂളുകൾ, ജിം തുടങ്ങി എല്ലാ വിധ ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്.