Nepal Gen-Z Protest: നേപ്പാളിൽ വീണ്ടും ജെൻസി സംഘർഷം: ബാരാ ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു
Curfew Imposed in Bara District: കഴിഞ്ഞ സെപ്റ്റംബറിൽ, സോഷ്യൽ മീഡിയക്ക് സർക്കാർ താത്കാലിക നിരോധനം ഏർപ്പെടുത്തിയതിനെത്തുടർന്നു രാജ്യവ്യാപകമായി നടന്ന ജെൻസി കലാപത്തിൽ 76-ഓളം പേർ കൊല്ലപ്പെട്ടിരുന്നു.
കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ജെൻസി പ്രതിഷേധക്കാർ തെരുവിലിറങ്ങി. ബാരാ ജില്ലയിൽ ജെൻസി യുവ പ്രതിഷേധക്കാർ രണ്ടാം ദിവസവും തെരുവിലിറങ്ങിയതിനെ തുടർന്ന് അധികൃതർ കർഫ്യൂ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. സിപിഎൻ – യുഎംഎൽ (CPN-UML) പാർട്ടിയുടെ അനുഭാവികളുമായുള്ള ഏറ്റുമുട്ടലുകൾക്കും സിമാര പട്ടണത്തിൽ സുരക്ഷാ സേനയുമായി തുടരുന്ന സംഘർഷങ്ങൾക്കും പിന്നാലെയാണ് വീണ്ടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
കർഫ്യൂ പുനഃസ്ഥാപിച്ചു
ഇന്നലെ രാവിലെ മുതൽ പ്രതിഷേധക്കാർ കൂട്ടംകൂടിത്തുടങ്ങിയതോടെ പോലീസുമായി വീണ്ടും ഏറ്റുമുട്ടലുകൾ ഉണ്ടായി. ഇതോടെയാണ് അക്രമാവസ്ഥ നിയന്ത്രിക്കുന്നതിനായി ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 8 മണി വരെ കർഫ്യൂ പ്രഖ്യാപിച്ചത്. പോലീസുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ കർഫ്യൂ പുനഃസ്ഥാപിച്ചതായി അസിസ്റ്റന്റ് ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ ഛബിരാമൻ സുബേദി എഎൻ െഎ വാർത്താ ഏജൻസിയോട് പറഞ്ഞു. ബുധനാഴ്ചയുണ്ടായ സംഘർഷത്തിൽ ആറ് ജെൻസി പ്രതിഷേധക്കാർക്ക് പരിക്കേറ്റിരുന്നു.
സംഘർഷത്തിന് കാരണം
2026 മാർച്ച് 5-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഎംഎൽ നേതാക്കൾ പ്രദേശം സന്ദർശിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനെ തുടർന്നാണ് സ്ഥിതിഗതികൾ വഷളായത്. പിടിഐ റിപ്പോർട്ട് അനുസരിച്ച്, സിപിഎൻ – യുഎംഎൽ ജനറൽ സെക്രട്ടറി ശങ്കർ പോഖാറെലും യുവ നേതാവ് മഹേഷ് ബസ്നേറ്റും ബുദ്ധ എയർ വിമാനത്തിൽ കാഠ്മണ്ഡുവിൽ നിന്ന് സിമാരയിലേക്ക് പോകാൻ ഒരുങ്ങിയതോടെയാണ് പ്രശ്നങ്ങൾ വർദ്ധിച്ചത്. വിമാനത്താവളത്തിൽ വെച്ച് തന്നെ പ്രതിഷേധക്കാർ ഏറ്റുമുട്ടി. ഇതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു.
Also Read: ഹസീനയെ ധാക്കയിലെത്തിക്കാന്‍ പുതിയ നീക്കവുമായി ബംഗ്ലാദേശ്; ഇന്റര്‍പോളിന്റെ സഹായം തേടും
കഴിഞ്ഞ സെപ്റ്റംബറിൽ, സോഷ്യൽ മീഡിയക്ക് സർക്കാർ താത്കാലിക നിരോധനം ഏർപ്പെടുത്തിയതിനെത്തുടർന്നു രാജ്യവ്യാപകമായി നടന്ന ജെൻസി കലാപത്തിൽ 76-ഓളം പേർ കൊല്ലപ്പെട്ടിരുന്നു.
തുടർന്ന് അന്നത്തെ പ്രധാനമന്ത്രിയും യുഎംഎൽ ചെയർമാനുമായിരുന്ന കെ.പി. ഒലിയുടെ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജിക്ക് ശേഷം, 73 വയസ്സുള്ള മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഇടക്കാലത്തേക്ക് സത്യപ്രതിജ്ഞ ചെയ്തിരുന്നു.