AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hajj 2025: കാൽനടയായി പെർമിറ്റില്ലാതെ ഹജ്ജിനെത്തി; സൗദിയിൽ 60 പേർ അറസ്റ്റിൽ

60 People Detained In Saudi Arabia: പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാനെത്തിയ 60 പേർ പിടിയിലായി. മരുഭൂമിയിലൂടെ കാൽനടയായി ഒളിച്ചുകടക്കാനാണ് ഇവർ ശ്രമിച്ചത്.

Hajj 2025: കാൽനടയായി പെർമിറ്റില്ലാതെ ഹജ്ജിനെത്തി; സൗദിയിൽ 60 പേർ അറസ്റ്റിൽ
ഹജ്ജ്Image Credit source: Unsplash
abdul-basith
Abdul Basith | Published: 05 Jun 2025 11:08 AM

കാൽനടയായി പെർമിറ്റില്ലാതെ ഹജ്ജിനെത്തിയ 60 പേർ അറസ്റ്റിലായി. വിദേശരാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിന് പിടിയിലായത്. മരുഭൂമി പാതയിലൂടെ കാൽനടയായി മക്കയിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിച്ചവരെ പിടികൂടിയതായി അധികൃതർ അറിയിച്ചു. ജൂൺ നാലിന് എക്സ് പ്ലാറ്റ്ഫോമിലൂടെ പബ്ലിക് സെക്യൂരിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പിടികൂടിയവരെ വേണ്ടപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട് എന്ന് പബ്ലിക് സെക്യൂരിറ്റിയുടെ പോസ്റ്റിൽ പറയുന്നു. ഇവരിൽ നിന്ന് നികുതി പിരിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സൗദി ടൂറിസം മന്ത്രാലയം നേരത്തെ അറിയിച്ചതനുസരിച്ച് തീർത്ഥാടകരെ അനുമതിയില്ലാതെയും ഹജ്ജ് പെർമിറ്റില്ലാതെയും രാജ്യത്തേക്ക് കടത്തുന്നവർക്ക് കനത്ത പിഴയാണ് ചുമത്തുക. തീർത്ഥാടകരെ നിയമവിരുദ്ധമായി കടത്തുന്നതും ഹോട്ടലുകളിലും അപ്പാർട്ട്മെൻ്റുകളിലും താമസിപ്പിക്കുന്നതുമൊക്കെ വലിയ കുറ്റകൃത്യമാണ്. ഇത്തരക്കാർക്കെതിരെ ഒരു ലക്ഷം സൗദി റിയാൽ പിഴ ചുമത്തുമെന്നും ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നവർക്കും ഹജ്ജ് ചെയ്യാൻ ശ്രമിക്കുന്നവർക്കും 20,000 സൗദി റിയാൽ വരെ പിഴ ചുമത്തും. വിസിറ്റ് വീസയുള്ളവർ ഹജ്ജ് സമയത്ത് മക്കയിൽ പ്രവേശിക്കുന്നവർക്കും ഇതേ പിഴയാണ് ലഭിക്കുക. ഏത് രാജ്യക്കാരെയാണ് പിടികൂടിയത് എന്നതടക്കമുള്ള കാര്യങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

പെർമിറ്റില്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്ക് 50,000 ദിർഹം പിഴയൊടുക്കുമെന്നാണ് യുഎഇയുടെ മുന്നറിയിപ്പ്. ഔദ്യോഗിക പെർമിറ്റ് ഉള്ളവർക്ക് മാത്രമേ ഹജ്ജിന് പോകാനുള്ള അനുവാദമുള്ളൂ. പെർമിറ്റ് ഇല്ലാതെ പോകുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് ഹജ്ജ് ആൻഡ് ഉമ്ര മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.