Hassan Nasrallah Death: നസ്രള്ളയുടെ മൃതദേഹം കണ്ടെടുത്തു; കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാക്കളുടെ പട്ടിക പുറത്തുവിട്ട് ഇസ്രയേൽ
Israel Defense Forces: കഴിഞ്ഞ ദിവസം ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്‍ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. ഇക്കാര്യം സംഘടന സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്നാണ് ഹിസ്‍ബുല്ലയുടെ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.
ജറുസലേം: തുടർച്ചയായുള്ള നിരവധി ആക്രമണങ്ങളിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള അടക്കമുള്ള നിരവധി ഉയർന്ന റാങ്കിലുള്ള നേതാക്കളെ വധിച്ചതായി ഇസ്രയേൽ സൈന്യം. ലിസ്റ്റിലുള്ള ഏകദേശം എല്ലാ നേതാക്കളേയും വധിച്ചുവെന്നാണ് ഇസ്രയേൽ സൈന്യത്തിൻ്റെ അവകാശവാദം. ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളും സ്ഥാനങ്ങളുമടങ്ങിയ ചാർട്ട് എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ചാണ് ഇസ്രയേൽ പ്രതിരോധ സേന ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഹിസ്ബുള്ള നേതാക്കളുടെ ഓരോരുത്തരുടേയും നേരെ ‘എലിമിനേറ്റഡ്’ എന്ന് ചിത്രത്തിൽ ചേർത്തിട്ടുണ്ട്. ഹസൻ നസ്രള്ള, അലി കർകി, നബീൽ കൌക്, മുഹമ്മദ് അലി ഇസ്മയീൽ, ഇബ്രാഹിം മുഹമ്മദ് ഖബീസി, ഇബ്രാഹിം ഖുബൈസി, ഇബ്രാഹിം അഖീൽ, അഹമ്മദ് വഹ്ബി, ഫുആദ് ശുക്റ്, മുഹമ്മദ് നസർ, താലിബ് അബ്ദുല്ല തുടങ്ങിയവർ തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്.
We searched up “dismantled” on the internet, this is the picture that came up: pic.twitter.com/C5p3jmhwIZ
— Israel Defense Forces (@IDF) September 28, 2024
അതേസമയം ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്രള്ളയുടെ മൃതദേഹം കണ്ടെടുത്തതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസൻ നസ്‌റല്ലയെ കൊലപ്പെടുത്താൻ ഇസ്രായേലിന് സഹായകമായ എല്ലാ വിവരവും നൽകിയത് ഇറാനിലെ ചാരനാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഇറാനിയൻ ചാരൻ നസ്റല്ല എവിടെയാണെന്ന് കൃത്യമായി ഇസ്രയേലിനെ അറിയിച്ചതായി ഫ്രഞ്ച് പത്രമായ ലെ പാരിസിയൻ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്‍ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. ഇക്കാര്യം സംഘടന സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്നാണ് ഹിസ്‍ബുല്ലയുടെ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ലെബനനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുള്ള സായുധ സംഘടനയായി മാറിയ ഹിസ്‍ബുല്ലയ്ക്കും സംഘടനയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന ഇറാനും കനത്ത തിരിച്ചടിയാണ് ഹസൻ നസ്റല്ലയുടെ കൊലപാതക വാർത്ത.
സംഭവത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ശക്തമായി അപലപിച്ചിട്ടുണ്ട്. ഇസ്രയേലിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇറാൻ പരമോന്നത നേതാവിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. നസ്‍റല്ലയുടെ കൊലപാതകത്തെ അപലപിച്ച് ഹമാസും രംഗത്തെത്തിയിരുന്നു. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണമാണ് ഇസ്രയേൽ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു.