തലച്ചോറിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയ കണ്ടെത്തൽ: പീറ്റർ ഹെഗെമാൻ ഉൾപ്പെടെ 3 പേർക്ക് വൈദ്യശാസ്ത്ര നോബൽ
2026 Nobel Prize in Medicine : പീറ്റർ ഹെഗെമാൻ, ജോർജ്ജ് നാഗൽ, കാൾ ഡെയ്‌സെറോത്ത് എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകൾ, ഒപ്റ്റോജനറ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് പുരസ്‌കാരം. സാധാരണയായി നോബല്‍ പ്രഖ്യാപനങ്ങളില്‍ ആദ്യം വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാരമാണ് പ്രഖ്യാപിക്കുന്നത്.
ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പീറ്റർ ഹെഗെമാൻ, ജോർജ്ജ് നാഗൽ, കാൾ ഡെയ്‌സെറോത്ത് എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകൾ, ഒപ്റ്റോജനറ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് പുരസ്‌കാരം. പ്രകാശം ഉപയോഗിച്ച് നാഡീകോശങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഒപ്റ്റോജനറ്റിക്സ്. ഓർമ്മകൾ, വികാരങ്ങൾ, പെരുമാറ്റം എന്നിവയെ തലച്ചോറ് എങ്ങനെ നിയന്ത്രിക്കുന്നു എന്ന് പഠിക്കാൻ ഇത് സഹായിക്കുന്നു. ഇത് ന്യൂറോ സയൻസിൽ ഒരു പുതിയ യുഗത്തിന് അടിത്തറയിട്ടതായി നോബൽ കമ്മിറ്റി പറഞ്ഞു.
ഡെയ്‌സെറോത്ത്, ഹെഗെമാൻ, നാഗൽ എന്നിവർ ചേർന്ന് 12 ദശലക്ഷം സ്വീഡിഷ് ക്രൗൺ (1.2 ദശലക്ഷം ഡോളർ) വരുന്ന സമ്മാനത്തുക പങ്കിടും. നമുക്ക് മുമ്പ് സ്വപ്നം കാണാൻ മാത്രം സാധിച്ചിരുന്ന തരത്തിൽ തലച്ചോറിന്റെ മാപ്പിംഗ് നടത്തുന്നതിനുള്ള അവസരങ്ങൾ ഒപ്റ്റോജനറ്റിക്സ് നൽകുന്നുവെന്ന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ കമ്മിറ്റി ചെയർമാൻ പെർ സ്വെൻനിംഗ്സൺ പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്റെ ഭൂരിഭാഗം സമയത്തും, തലച്ചോറിലെ വിവിധ ഭാഗങ്ങൾ എങ്ങനെയാണ് പ്രത്യേക പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നതെന്ന് മനസ്സിലാക്കാൻ ഗവേഷകർ ശ്രമിച്ചിരുന്നു. എന്നാൽ, അന്ന് ലഭ്യമായിരുന്ന രീതികൾക്ക് പലപ്പോഴും നേരിട്ടുള്ള കാര്യകാരണ ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒപ്‌റ്റോജെനെറ്റിക്‌സ് ഈ സ്ഥിതി മാറ്റിമറിച്ചു.
ഏകകോശ ആൽഗയായ ‘ക്ലാമിഡോമോണസ്’എങ്ങനെയാണ് പ്രകാശസ്രോതസ്സിനു നേരെ സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഹെഗെമാന്റെ ശ്രമങ്ങളോടെയാണ് ഈ ഗവേഷണം ആരംഭിച്ചത്. ഹെഗെമാൻ, നാഗൽ, ഡെയ്‌സെറോത്ത് എന്നിവരുടെ കണ്ടെത്തലുകൾ തലച്ചോറിനെക്കുറിച്ചുള്ള പഠനത്തെ മാറ്റിമറിച്ചു. ഓർമ്മകൾ, വികാരങ്ങൾ, പെരുമാറ്റം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെ തലച്ചോറ് എങ്ങനെ നിയന്ത്രിക്കുന്നുവെന്നതിനെക്കുറിച്ച് പഠിക്കാന്‍ ഇത് പുതിയ വഴി തുറന്നു.
ജീവനുള്ള ഒരു തലച്ചോറിലെ ഓരോ നാഡീകോശത്തിന്റെയും പ്രവർത്തനം ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ ഒപ്റ്റോജെനെറ്റിക്സ് വഴി സാധ്യമാകുന്നുവെന്ന് കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ നോബൽ അസംബ്ലി സെക്രട്ടറി ജനറൽ തോമസ് പെർൽമാൻ പറഞ്ഞു. തലച്ചോറിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിനായി ലോകമെമ്പാടുമുള്ള ലബോറട്ടറികളിൽ ഇപ്പോൾ ഈ രീതി ഉപയോഗിച്ചുവരുന്നതായും പെർൽമാൻ വ്യക്തമാക്കി.
നോബൽ പ്രഖ്യാപനങ്ങൾ
സാധാരണയായി നോബല്‍ പ്രഖ്യാപനങ്ങളില്‍ ആദ്യം വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാരമാണ് പ്രഖ്യാപിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നിവയിലെ അവാർഡുകൾ പ്രഖ്യാപിക്കും.
English Summary
The 2026 Nobel Prize in Medicine was awarded to Peter Hegemann, Georg Nagel, and Karl Deisseroth. They developed optogenetics, a technique that controls brain cells using light. This breakthrough allows scientists to precisely map neural circuits and study memory, emotion, and behavior.