Imran Khan: ഇമ്രാൻ ഖാൻ ജയിലിൽ വച്ച് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; കാണാൻ അനുമതി ചോദിച്ച തങ്ങളെ പോലീസുകാർ തല്ലിയെന്ന് സഹോദരിമാർ
Imran Khan Death Rumors: ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ വച്ച് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. ഇമ്രാൻ ഖാനെ കാണാൻ അനുമതി ചോദിച്ച തങ്ങളെ പോലീസുകാർ മർദ്ദിച്ചെന്ന് സഹോദരിമാർ ആരോപിച്ചു.
പാകിസ്താൻ്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വച്ച് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവുകാരനായി കഴിയുന്ന ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടു എന്നാണ് അഭ്യൂഹം. ഇതിനിടെ ഇമ്രാൻ ഖാനെ കാണാൻ അനുമതി ചോദിച്ച തങ്ങളെ പോലീസുകാർ തല്ലിച്ചതച്ചെന്ന സഹോദരിമാരുടെ ആരോപണം കൂടുതൽ വിവാദങ്ങളുണ്ടാക്കിയിരിക്കുകയാണ്.
ഇമ്രാൻ ഖാൻ്റെ സഹോദരിമാരായ നൊറീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവരാണ് പോലീസുകാർ തങ്ങളെ മർദ്ദിച്ചെന്ന ആരോപണമുയർത്തിയത്. ഇമ്രാൻ ഖാനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടതിന് തങ്ങളെയും പാർട്ടി പ്രവർത്തകരെയും പോലീസ് മർദ്ദിച്ചു എന്നാണ് ആരോപണം. ഇമ്രാൻ ഖാൻ മരിച്ചെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ജയിലിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു.
Also Read: Gaza: ഗാസയിൽ ദുരിതം തുടരുന്നു; ഭക്ഷണ വിതരണം നിർത്തി ജിഎച്ച്എഫ്
പ്രകോപനമൊന്നുമില്ലാതെയാണ് പോലീസ് തങ്ങളെ മർദ്ദിച്ചതെന്ന് സഹോദരിമാർ പറഞ്ഞു. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെപ്പറ്റിയുള്ള ആശങ്കകളുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകരും തങ്ങളും സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. നിയമവിരുദ്ധമായതൊന്നും തങ്ങൾ ചെയ്തിട്ടില്ല. എന്നാൽ, രാത്രി തെരുവുവിളക്കുകൾ അണച്ചതിന് ശേഷം പോലീസ് ക്രൂരമായ അക്രമം അഴിച്ചുവിട്ടു. 71 വയസായ തൻ്റെ മുടിക്ക് കുത്തിപ്പിടിച്ച് നിലത്തുകൂടി വലിച്ചിഴച്ചു. ഇതിലൂടെ തനിക്ക് ഗുരുതര പരിക്കേറ്റെന്നും സഹോദരിമാരിൽ ഒരാൾ പറഞ്ഞു.
2023 മുതൽ ഇമ്രാൻ ഖാൻ റാവൽപിണ്ടി ജയിലിലെ തടവുകാരനാണ്. മൂന്നാഴ്ചയിലധികമായി സഹോദരനെ കാണാൻ തങ്ങൾക്ക് അനുവാദം നൽകിയിട്ടില്ലെന്ന് ഇമ്രാൻ ഖാൻ്റെ സഹോദരിമാർ ആരോപിക്കുന്നു. ഇമ്രാൻ ഖാനെ കാണണമെന്ന് സഹോദരിമാർ ആവശ്യപ്പെട്ടതിനാലാണ് പോലീസ് ഇവരെ മരിച്ചതെന്ന് പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി ആരോപിച്ചു.