Iran US conflict: ഏഴ് ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ ആണവ ചർച്ചയ്ക്കില്ല; വീണ്ടും നിലപാട് കടുപ്പിച്ച് ഇറാൻ
Iran Threatens to Keep Strait of Hormuz Closed Unless US Meets Demands: ഏത് രീതിയിലുള്ള പ്രാരംഭ ചർച്ചകൾ തുടങ്ങണമെങ്കിലും അതിൽ ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന നിലപാടിലാണ് വാഷിംഗ്ടൺ. എന്നാൽ തങ്ങളുടെ ഏഴ് ആവശ്യങ്ങൾ ആദ്യം അംഗീകരിക്കുക, അതിനുശേഷം മാത്രം മതി ചർച്ചകൾ എന്നതാണ് ടെഹ്റാൻ്റെ നിലപാട്

പ്രതീകാത്മക ചിത്രം
ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ തങ്ങൾ മുന്നോട്ടുവെച്ച ഏഴ് പ്രധാന ആവശ്യങ്ങൾ അമേരിക്ക അംഗീകരിക്കണമെന്ന് വീണ്ടും ആവർത്തിച്ച് ഇറാൻ. ആണവ പദ്ധതികൾ ഉൾപ്പടെയുള്ള ചർച്ചകളിലേക്ക് കടക്കണം എങ്കിൽ അദ്യം മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങൾ അംഗീകരിക്കണം എന്നാണ് ഇറാൻ്റെ ആവശ്യം. പേരു വെളിപ്പെടുത്താത്ത ഒരു മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് വ്യാഴാഴ്ച ഈ വിവരം പുറത്തുവിട്ടത്. അമേരിക്ക ഈ പുതിയ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്നും എന്നാൽ ഇതിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ പൂർണ്ണമായും പിൻവലിക്കുക, മരവിപ്പിച്ച ഇറാൻ്റെ സാമ്പത്തിക ആസ്തികൾ വിട്ടുനൽകുക, യുദ്ധ നഷ്ടപരിഹാരം നൽകുക തുടങ്ങിയവയാണ് ഏഴ് ഉപാധികളിലെ പ്രധാന ആവശ്യങ്ങൾ. റഷ്യ സന്ദർശനത്തിനിടെ ഇറാനിയൻ സുരക്ഷാ വിഭാഗം മേധാവി മൊഹ്സിൻ റെസായിയും ഈ നിബന്ധനകളെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നു. തങ്ങളുടെ ഏഴ് നിബന്ധനകൾ നടപ്പിലാക്കാത്തിടത്തോളം കാലം ഹോർമുസ് കടലിടുക്ക് തുറക്കുകയോ ചർച്ചകൾക്ക് തയ്യാറാവുകയോ ചെയ്യില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
Also Read: Strait of Hormuz: ഹോർമൂസിൽ ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളുടെ വാണിജ്യ കപ്പലുകൾക്ക് ഇളവ് നൽകി ഇറാൻ
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നയതന്ത്ര തലത്തിൽ മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ സന്ദേശങ്ങൾ കൈമാറുന്നതിൽ ഖത്തർ വലിയ പങ്കുവഹിക്കുന്നുണ്ട്. അതേസമയം സംഘർഷം തുടർന്നാൽ കൂടുതൽ ശക്തമായ രീതിയിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏത് രീതിയിലുള്ള പ്രാരംഭ ചർച്ചകൾ തുടങ്ങണമെങ്കിലും അതിൽ ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന നിലപാടിലാണ് വാഷിംഗ്ടൺ. എന്നാൽ തങ്ങളുടെ ഏഴ് ആവശ്യങ്ങൾ ആദ്യം അംഗീകരിക്കുക, അതിനുശേഷം മാത്രം മതി ചർച്ചകൾ എന്നതാണ് ടെഹ്റാൻ്റെ നിലപാട്. ഇതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള മധ്യസ്ഥ ശ്രമങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്തമായി ആക്രമണം നടത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. ഇതിന് മറുപടിയായി ഇസ്രായേലിലും അമേരിക്കൻ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിലും ഇറാൻ ശക്തമായി തിരിച്ചടിച്ചു. ഇത് പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
English Summary
Iran demands the US meet seven conditions, including lifting sanctions and paying war reparations, before resuming nuclear talks or reopening the Strait of Hormuz, amid ongoing Qatari mediation.