Iran War: ഇറാനിൽ വീണ്ടും സ്ഫോടനങ്ങൾ; ഖേഷ്വം ദ്വീപിലും ബന്ദർ ലെംഗെയിലും ആശങ്ക
Explosions Heard in Iran Near Strait of Hormuz Amid Rising Tensions: ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയെ ഉദ്ധരിച്ച് അല്‍ ജസീറയാണ് സ്ഫോടനവിവരം റിപ്പോര്‍ട്ട് ചെയ്തത്. ഖേഷ്വം ദ്വീപില്‍ അഞ്ച് സ്ഫോടനങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്. പ്രദേശത്തിന് മുകളിലൂടെ രണ്ട് വിമാനങ്ങള്‍ പറന്നതായി നാട്ടുകാര്‍ അറിയിച്ചതായും വിവരമുണ്ട്.

ഇറാനില്‍ നിന്നുള്ള ദൃശ്യം
ടെഹ്റാന്: ഇറാന്റെ തെക്കന്‍ മേഖലകളായ ഖേഷ്വം ദ്വീപിലും ബന്ദര്‍ ലെംഗെയിലും ഒന്നിലധികം സ്ഫോടനങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളിലാണ് സ്ഫോടനശബ്ദങ്ങള് ഉണ്ടായത്. സംഭവത്തിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സ്ഫോടനങ്ങളില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല.
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയെ ഉദ്ധരിച്ച് അല്‍ ജസീറയാണ് സ്ഫോടനവിവരം റിപ്പോര്‍ട്ട് ചെയ്തത്. ഖേഷ്വം ദ്വീപില്‍ അഞ്ച് സ്ഫോടനങ്ങള്‍ കേട്ടതായാണ് റിപ്പോര്‍ട്ട്. പ്രദേശത്തിന് മുകളിലൂടെ രണ്ട് വിമാനങ്ങള്‍ പറന്നതായി നാട്ടുകാര്‍ അറിയിച്ചതായും വിവരമുണ്ട്. ബന്ദര്‍ ലെംഗെയിലും സ്ഫോടനശബ്ദങ്ങള് കേട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളായതിനാല്‍ ഖേഷ്വം ദ്വീപും ബന്ദര്‍ ലെംഗെയും ഇറാന്റെ സൈനികമായും സാമ്പത്തികമായും ഏറെ പ്രാധാന്യമുള്ള മേഖലകളാണ്. ലോകത്തിലെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ആഗോള എണ്ണവിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്നത്. അതിനാല്‍ ഈ മേഖലയില്‍ ഉണ്ടാകുന്ന സൈനിക നീക്കങ്ങളും സ്ഫോടനങ്ങളും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാറുണ്ട്.
മൂന്ന് അമേരിക്കന്‍ ഡ്രോണുകള്‍ തകര്‍ത്തതായി ഇറാന്
ഹോര്‍മുസ് കടലിടുക്കിന് സമീപം മൂന്ന് അമേരിക്കന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) നേരത്തെ അവകാശപ്പെട്ടിരുന്നു. ഖേഷ്വം ദ്വീപിന് തെക്കുഭാഗത്ത് രണ്ട് എംക്യുഎം-170 നിരീക്ഷണ ഡ്രോണുകള്‍ ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തതായാണ് ഇറാന്റെ വാദം.
Also Read: Florida Private Jet Crash: ആകാശത്തുനിന്ന് തീഗോളമായി പതിച്ചു; ഫ്ലോറിഡ വിമാനാപകടത്തിൽ ഒൻപത് മരണം
കടലിടുക്കിന് കിഴക്കുഭാഗത്ത് മറ്റൊരു എംക്യു-9 ഡ്രോണും ഇറാന്റെ പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി ഐആര്‍ജിസി അറിയിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളില്‍ അമേരിക്കയുടെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അമേരിക്ക-ഇറാന് ചര്‍ച്ചകള്‍ക്കിടെ പുതിയ സംഭവവികാസം
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പുതിയ സ്ഫോടനവിവരങ്ങള് പുറത്തുവരുന്നത്. ഇറാനുമായി ധാരണയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളിലെ പുരോഗതിയെക്കുറിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സൂചന നല്‍കിയിരുന്നു.
അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ക്കൊപ്പം സൈനികമായ ഏറ്റുമുട്ടലിനും ഇറാന് തയാറാണെന്ന നിലപാടാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സ്വീകരിച്ചിരിക്കുന്നത്. വീണ്ടും സൈനിക നടപടി ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
English Summary
Multiple explosions were reported on Iran’s Qeshm Island and in Bandar Lengeh near the Strait of Hormuz. The incident comes amid rising US-Iran tensions and Iranian claims of shooting down three American drones. The cause of the explosions remains unclear.