Iran Protest: പ്രതിഷേധക്കാര്‍ ദൈവത്തിന്റെ ശത്രുക്കള്‍; വധശിക്ഷ നടപ്പാക്കേണ്ടി വരുമെന്ന് ഇറാന്‍
Iran Government Warning: 190ാം വകുപ്പില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ച് മൊഹറേബിനുള്ള ശിക്ഷകള്‍ അല്‍പം കഠിനമാണ്, അതില്‍ വധശിക്ഷ, വലതു കൈയും ഇടതും കാലും വെട്ടല്‍, അല്ലെങ്കില്‍ സ്ഥിരമായ നാടുകടത്തല്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നുവെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍ നിന്നുള്ള ദൃശ്യം
ഇറാന്‍: പ്രതിഷേധക്കാരെ ദൈവത്തിന്റെ ശത്രുക്കളായി മുദ്രകുത്തി ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ്. ഇറാനിയന്‍ നിയമപ്രകാരം വധശിക്ഷയ്ക്ക് വിധിക്കേണ്ട കുറ്റമാണ് പ്രതിഷേധക്കാര്‍ ചെയ്തിരിക്കുന്നതെന്നും കലാപകാരികളെ സഹായിച്ചവര്‍ പോലും കുറ്റം നേരിടേണ്ടി വരുമെന്നും ഇറാനിയന്‍ സ്‌റ്റേറ്റ് ടെലിവിഷനിലൂടെ ആസാദ് മുന്നറിയിപ്പ് നല്‍കി.
ഒരു വ്യക്തിയോ അല്ലെങ്കില്‍ ഒരു കൂട്ടം ആളുകളോ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ സായുധ പ്രതിഷേധത്തിലേര്‍പ്പെട്ടാല്‍, അവരെയും അവരുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നവരെയും ഇറാനിയന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 186 പ്രകാരം മൊഹാരിബ് അതായത്, ദൈവത്തിന്റെ ശത്രുക്കളായി കണക്കാക്കുമെന്ന് ആസാദ് പ്രസ്താവന നടത്തി.
190ാം വകുപ്പില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ച് മൊഹറേബിനുള്ള ശിക്ഷകള്‍ അല്‍പം കഠിനമാണ്, അതില്‍ വധശിക്ഷ, വലതു കൈയും ഇടതും കാലും വെട്ടല്‍, അല്ലെങ്കില്‍ സ്ഥിരമായ നാടുകടത്തല്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നുവെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഒറ്റിക്കൊടുക്കുകയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത്, രാജ്യത്തിന്മേല്‍ ആധിപത്യം തേടുന്നവരെ വിചാരണയ്ക്കും ശിക്ഷ നടപ്പാക്കുന്നതിനും വിധേയമാക്കണം. അതില്‍ വലിയ കാലതാമസം വരുത്താന്‍ പാടില്ല, നടപടിക്രമങ്ങളില്‍ ദയയുടെ ആവശ്യമില്ലെന്നും രാജ്യം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നുണ്ട്.
അതേസമയം, ഇതുവരെ 65 പേരോളമാണ് പ്രതിഷേധത്തിനിടെ മരിച്ചത്. 2,300 ലധികം ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ടെഹ്‌റാനില്‍ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നില്ല. ഫോണ്‍ ലൈനുകളും വിച്ഛേദിക്കപ്പെട്ടു.
ഇറാന്റെ നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്‌ലവി കഴിഞ്ഞ ദിവസം പ്രതിഷേധക്കാരോട് കലാപത്തിന് ആഹ്വാനം ചെയ്തിരുന്നു. നഗര കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാനും ഇറാന്റെ പഴയ സിംഹ-സൂര്യ പതാകയും മറ്റ് ചിഹ്നങ്ങളും വഹിച്ചുകൊണ്ട് ശനിയും ഞായറും തെരുവിലിറങ്ങി പ്രതിഷേധിക്കാനുമാണ് ആഹ്വാനം.