Iran Protest: ആക്രമിച്ചാല്‍ തിരിച്ചടിക്കും, തെരുവുകള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു; യുഎസിന് ഇറാന്റെ മുന്നറിയിപ്പ്
Iran Warns US: രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ഇതുവരെ 10,600 പേരെ പിടികൂടിയിട്ടുണ്ട്. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്ന ഇറാന്റെ നടപടിക്കെതിരെ ആക്രമണം നടത്തുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി.
ഇറാന്: അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും ശക്തമായ ഭാഷയില്‍ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. സര്‍ക്കാര്‍ നടപടികളില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയ്ക്ക് ഇറാന്റെ ഭീഷണി എത്തിയത്. ടെഹ്‌റാന് സമീപമുള്ള മോര്‍ച്ചറിയില്‍ ഏകദേശം 180 ഓളം ആളുകളുടെ മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങളില്‍ 495 പ്രതിഷേധക്കാരും 48 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നു.
രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ഇതുവരെ 10,600 പേരെ പിടികൂടിയിട്ടുണ്ട്. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്ന ഇറാന്റെ നടപടിക്കെതിരെ ആക്രമണം നടത്തുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി. ഇറാന് സ്വാതന്ത്ര്യം നേടാനായി സഹായിക്കാന്‍ യുഎസ് തയാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
എന്നാല്‍ അമേരിക്ക എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. ഇറാനെതിരായ സൈനിക നടപടികളെ കുറിച്ച് ട്രംപിനെ അറിയിച്ചതായി ഉദ്യോഗസ്ഥന്‍ ബിബിസിയോട് പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിക്കല്‍, ഇറാന്റെ സൈന്യത്തിനെതിരായ സൈബര്‍ യുദ്ധം, കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നിവ നടപടികളില്‍ വന്നേക്കാമെന്നാണ് വിവരം.




Also Read: Iran Protest: പ്രതിഷേധക്കാര്‍ ദൈവത്തിന്റെ ശത്രുക്കള്‍; വധശിക്ഷ നടപ്പാക്കേണ്ടി വരുമെന്ന് ഇറാന്‍
അതേസമയം, അമേരിക്ക ആക്രമണം നടത്തുകയാണെങ്കില്‍ ഇസ്രായേലും, യുഎസ് സൈനിക ഷിപ്പിങ് കേന്ദ്രങ്ങളും തങ്ങളുടെ ലക്ഷ്യങ്ങളാക്കി മാറ്റുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധക്കാരെ ദൈവത്തിന്റെ ശത്രുവായി കാണക്കാക്കുമെന്ന് ഇറാന്‍ അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വധശിക്ഷ ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങളാണിതെന്നും അദ്ദേഹം വ്യക്തമാക്കി.