Israel-Hezbollah Conflict: ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രായേൽ; ബെയ്റൂത്തിൽ വ്യോമാക്രമണം
Israel-Hezbollah Conflict: തെക്കൻ അതിർത്തിയിലെ ഹിസ്ബുള്ളയെ നിർവീര്യമാക്കി കൊണ്ട് മാത്രമേ ഇസ്രായേലികളെ വടക്കൻ ഇസ്രായേലിലേക്ക് തിരികെയെത്തിക്കാൻ സാധിക്കൂവെന്ന് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കരയുദ്ധം എന്നാണ് ഇസ്രായേൽ പറയുന്നത്.
ബെയ്‌റൂട്ട്: ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രായേൽ. തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സെെന്യം സ്ഥിരീകരിച്ചു. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധ മേഖലയായി പ്രഖ്യാപിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് പരിമിതമായ കരയാക്രമണം എന്ന് സെെന്യം വ്യക്തമാക്കി. കരയുദ്ധത്തിന് തയ്യാറെന്ന് ഹിസ്ബുള്ളയും അറിയിച്ചു. രാത്രി മുഴുവൻ ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം നടന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
”തെക്കൻ ലെബനനിലേ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് പരിമിതയായ കരയുദ്ധം നടത്തുകയാണ്. വടക്കൻ ഇസ്രായേലിന് ഭീഷണിയുയർത്തിയ ഹിസ്ബുള്ള കേന്ദ്രങ്ങളാണ് സെെന്യം ലക്ഷ്യമിടുന്നത്. ഭരണകൂടത്തിന്റെ അനുമതി പ്രകാരം ഐഡിഎഫിന്റെ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥരും നോർത്തേൺ കമാന്റും മാസങ്ങളായി യുദ്ധത്തിനുള്ള തയ്യാറെടുപ്പിലായിരുന്നെന്നും സെെന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ലെബനനിൽ പ്രവേശിച്ചിരിക്കുന്ന കരസേനയ്ക്ക് വ്യോമസേനയുടെ പിന്തുണയുണ്ട്. വടക്കൻ ഇസ്രായേലിലെ പൗരന്മാരെ തിരികെ ജന്മനാട്ടിൽ എത്തിക്കുന്നതിൽ ഭരണകൂടം പ്രതിജ്ഞബദ്ധരാണെന്നും” പ്രസ്താവനയിൽ സെെന്യം വ്യക്തമാക്കി.
In accordance with the decision of the political echelon, a few hours ago, the IDF began limited, localized, and targeted ground raids based on precise intelligence against Hezbollah terrorist targets and infrastructure in southern Lebanon. These targets are located in villages…
— Israel Defense Forces (@IDF) September 30, 2024
“>
വ്യോമാക്രമണങ്ങൾ നടന്ന സാഹചര്യത്തിൽ തന്നെ കരയാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇസ്രായേൽ സെെന്യം സൂചന നൽകിയിരുന്നു. ലെബനന്റെ വടക്കൻ അതിർത്തിയിൽ നിന്ന് ഹിസ്ബുള്ള ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. റോക്കറ്റ് ആക്രമണത്തെ തുടർന്ന് ഏകദേശം ഒരു ലക്ഷത്തോളം ഇസ്രായേലികളെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കേണ്ടി വന്നിരുന്നു. ഇവരെ ഈ സ്ഥലങ്ങളിലേക്ക് സുരക്ഷിതമായി തിരികെയെത്തിക്കുമെന്ന് ഇസ്രായേൽ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ അതിർത്തിയിലെ ഹിസ്ബുള്ളയെ നിർവീര്യമാക്കി കൊണ്ട് മാത്രമേ ഇസ്രായേലികളെ വടക്കൻ ഇസ്രായേലിലേക്ക് തിരികെയെത്തിക്കാൻ സാധിക്കൂവെന്ന് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കരയുദ്ധം എന്നാണ് ഇസ്രായേൽ പറയുന്നത്. ഇന്നലെ രാത്രി ലെബനനിലേക്ക് ഇസ്രായേൽ സെെന്യം കടന്നതായി റിപ്പോർട്ടുകളുണ്ട്. നൂറ് കണക്കിന് ടാങ്കറുകൾ ലെബനൻ അതിർത്തിയിലേക്ക് പ്രവേശിച്ചു. നിരവധി ടാങ്കറുകളും യുദ്ധസന്നാഹങ്ങളും അതിർത്തി കടക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേൽ വ്യോമാക്രമണത്തെ തുടർന്ന് ഹിസ്ബുള്ളയുടെ നേതൃനിരയിലെ നിരവധിയാളുകൾ കൊല്ലപ്പെട്ടിരുന്നു. ആയുധ കേന്ദ്രങ്ങളും ഇസ്രായേൽ സെെന്യം തകർത്തു. കഴിഞ്ഞ ദിവസം ലെബനനിൽ യുദ്ധത്തെ തുടർന്ന് 95 പേർ കൊല്ലപ്പെടുകയും 195-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയാണ് പ്രതികാരം ചെയ്യുമെന്ന കാര്യം അറിയിച്ചത്. യുഎൻ സമിതിയുടെ യോഗം അടിയന്തരമായി വിളിക്കണമെന്നും ഇറാൻ
ആവശ്യപ്പെട്ടു. ഹിസ്ബുള്ള മേധാവി ഹസൻ നസ്റല്ലയെ വധിക്കാൻ കഴിഞ്ഞത് ചരിത്രപരമായ വഴിത്തിരിവാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 50000-തിലധികം ആളുകളാണ് ലെബനനിൽ നിന്ന് പാലായനം ചെയ്തത്.