Israel-Iran Conflict: ‘വെടിനിർത്തൽ സംബന്ധിച്ച് ഒരു കരാറുമില്ല’; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ
Israel-Iran Ceasefire: യുദ്ധം തുടങ്ങിയത് ഇറാനല്ലെന്നും ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ തിരിച്ചടിക്കില്ലെന്നും എക്‌സില്‍ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയില്‍ ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ കരാറിന് ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ട്രംപിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വെടിനിർത്തൽ സംബന്ധിച്ചോ സൈനിക നടപടി സംബന്ധിച്ചോ ഒരു കരാറുമില്ലെന്നും അന്തിമ തീരുമാനം പിന്നീടെന്നും അറാഗ്ചി പറഞ്ഞു. യുദ്ധം തുടങ്ങിയത് ഇറാനല്ലെന്നും ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ തിരിച്ചടിക്കില്ലെന്നും എക്‌സില്‍ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
‘ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയതുപോലെ, ഇസ്രയേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. നിലവിൽ, വെടിനിർത്തൽ സംബന്ധിച്ചോ അല്ലെങ്കിൽ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടോ ഒരു കരാറും ഇല്ല. എന്നിരുന്നാലും, ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ടെഹ്‌റാൻ സമയം പുലർച്ചെ 4 മണിക്ക് മുമ്പ് ഇസ്രയേൽ ഭരണകൂടം അവസാനിപ്പിച്ചാൽ, അതിനുശേഷം പ്രതികരണം തുടരാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് ഉണ്ടാകും’; മന്ത്രി അബ്ബാസ് അറാഗ്ചി എക്‌സിൽ കുറിച്ചു.
ALSO READ: ഇറാന്‍ ആക്രമണം; കേരള-ഗൾഫ് യാത്ര പ്രതിസന്ധിയിൽ; പല വിമാനങ്ങളും റദ്ധാക്കി
As Iran has repeatedly made clear: Israel launched war on Iran, not the other way around.
As of now, there is NO “agreement” on any ceasefire or cessation of military operations. However, provided that the Israeli regime stops its illegal aggression against the Iranian people no…
— Seyed Abbas Araghchi (@araghchi) June 24, 2025
ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രഖ്യാപിച്ചത്. ഇസ്രായേലിനും ഇറാനും നടന്നുകൊണ്ടിരിക്കുന്ന ഏതൊരു ദൗത്യവും പൂർത്തിയാക്കാൻ കുറച്ച് സമയമെടുക്കുമെന്നും അതിനുശേഷം വെടിനിർത്തൽ ഘട്ടം ഘട്ടമായി ആരംഭിക്കുമെന്നും ട്രംപ് തന്റെ പോസ്റ്റിൽ അഭിപ്രായപ്പെട്ടു.