Japan Flu: ഇൻഫ്ലുവൻസ പിടിമുറുക്കി, ജപ്പാനില്‍ രോഗവ്യാപനം, സ്‌കൂളുകള്‍ അടച്ചു
Japan influenza epidemic: ജപ്പാനിൽ എല്ലാവര്‍ഷവും ഇത്തരത്തില്‍ ഇൻഫ്ലുവൻസ കേസുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ വേഗമായിരുന്നു രോഗവ്യാപനം. ഈ വർഷം ഇൻഫ്ലുവൻസ സീസൺ വളരെ നേരത്തെ ആരംഭിച്ചു
ജപ്പാനിൽ ഇൻഫ്ലുവൻസ കേസുകൾ കുതിച്ചുയരുന്നതില്‍ ആശങ്ക. കോവിഡ് വ്യാപനത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് രോഗവ്യാപനം. വൈറസ് വളരെ വേഗം പടര്‍ന്നുപിടിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്തെ ആശുപത്രികള്‍ ഇൻഫ്ലുവൻസ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി സ്‌കൂളുകള്‍ അടച്ചുപൂട്ടി. നിലവില്‍ ലോക്ക്ഡൗണൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അത്തരം കടുത്ത നടപടികളിലേക്ക് കടക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
ജപ്പാനിൽ എല്ലാവര്‍ഷവും ഇത്തരത്തില്‍ ഇൻഫ്ലുവൻസ കേസുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ വേഗമായിരുന്നു രോഗവ്യാപനം. ഈ വർഷം ഇൻഫ്ലുവൻസ സീസൺ വളരെ നേരത്തെ ആരംഭിച്ചതായി ഹൊക്കൈഡോ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ പ്രൊഫസർ യോക്കോ സുകാമോട്ടോ പറഞ്ഞു.
എന്നാല്‍ ഇതൊക്കെ ഒരു സാധാരണ സംഭവം പോലെ മാറിയേക്കാമെന്നും യോക്കോ സുകാമോട്ടോ വ്യക്തമാക്കി. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും സമാനമായ റിപ്പോർട്ടുകൾ വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ മൂന്നിന് ജാപ്പനീസ് ആരോഗ്യമന്ത്രാലയം ഇൻഫ്ലുവൻസയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബർ 3 വരെ, 4,000-ത്തിലധികം ആളുകളെ ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്തുടനീളമുള്ള കുറഞ്ഞത് 135 സ്കൂളുകളും ശിശു സംരക്ഷണ കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചുപൂട്ടിയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Also Read: Philippines Earthquake: ഫിലിപ്പീൻസിൽ 7.6 തീവ്രതയുള്ള ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
ഈ വർഷം പനി സീസൺ വളരെ നേരത്തെ തന്നെ ആരംഭിച്ചു. ആളുകള്‍ മുന്‍കരുതലെടുക്കണമെന്നാണ് നിര്‍ദ്ദേശം. വ്യക്തിശുചിത്വം പാലിക്കണമെന്നും, വാക്‌സിന്‍ എടുക്കണമെന്നും, രോഗം വ്യാപിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. പ്രായമായവർ, കുട്ടികൾ, നേരത്തെ ആരോഗ്യപ്രശ്‌നമുള്ളവര്‍ തുടങ്ങിയവര്‍ വേഗം വാക്‌സിനെടുക്കണമെന്നാണ് നിര്‍ദ്ദേശം. ലക്ഷണങ്ങൾ കണ്ടാൽ നേരത്തെ ഡോക്ടർമാരെ സമീപിക്കണമെന്നും, അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.