Norovirus: ആഢംബര കപ്പലിൽ നോറോ വൈറസ്: 100-ൽ അധികം പേർക്ക് രോഗബാധ, രോഗവ്യാപനത്തിന്റെ കാരണമിതാ…
Norovirus Hits Luxury Cruise Ship: നവംബർ 30-നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. വയറിളക്കം, ഛർദ്ദി എന്നിവയാണ് രോഗം ബാധിച്ചവരിൽ കണ്ട പ്രധാന ലക്ഷണങ്ങൾ.
ന്യൂഡൽഹി: നോറോ വൈറസ് ബാധയെത്തുടർന്ന് ആഢംബര ക്രൂയിസ് കപ്പലിലെ നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കും രോഗം ബാധിച്ചതായി റിപ്പോർട്ട്. 133 ദിവസത്തെ ലോക പര്യടനത്തിലുള്ള AIDAdiva എന്ന ആഢംബര കപ്പലിലാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ബ്രിട്ടൻ, യു.എസ്.എ, ജപ്പാൻ, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ശ്രീലങ്ക ഉൾപ്പെടെ 26 രാജ്യങ്ങളാണ് കപ്പൽ സന്ദർശിക്കുന്നത്. നവംബർ 10-ന് ജർമ്മനിയിലെ ഹാംബർഗിൽ നിന്നാണ് ഈ കപ്പൽ യാത്ര തിരിച്ചത്. മലിനമായ ഭക്ഷണം, വെള്ളം, എന്നിവയിലൂടെ എളുപ്പത്തിൽ പകരുന്ന ഒരു അതിവേഗ പകർച്ചവ്യാധിയാണ് നോറോ വൈറസ്.
കപ്പൽ മിയാമിയിൽ നിന്ന് കോസുമാലിലേക്ക് പോകുമ്പോൾ, 95 യാത്രക്കാർക്കും ആറ് ജീവനക്കാർക്കും ഉൾപ്പെടെ ആകെ 101 പേർക്ക് നോറോ വൈറസ് ബാധിച്ചു. നവംബർ 30-നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. വയറിളക്കം, ഛർദ്ദി എന്നിവയാണ് രോഗം ബാധിച്ചവരിൽ കണ്ട പ്രധാന ലക്ഷണങ്ങൾ.
പ്രതിരോധ നടപടികൾ
രോഗവ്യാപനം തടയാൻ, സിഡിസിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ കപ്പൽ ജീവനക്കാർ കർശനമായി പാലിക്കുന്നുണ്ട്. രോഗം ബാധിച്ചവരെ മറ്റ് യാത്രക്കാരിൽ നിന്നും ജീവനക്കാരിൽ നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്. കപ്പലിൽ ശുചീകരണ, അണുവിമുക്തമാക്കൽ പ്രോട്ടോക്കോളുകൾ ശക്തമാക്കി. രോഗപരിശോധനകൾക്കായി മല സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.
നോറോ വൈറസ് ബാധയുടെ തോത് കരയിലുള്ള അണുബാധയുടെ പാറ്റേണിന് സമാനമാണെന്നും, നവംബർ മുതൽ ഏപ്രിൽ വരെയാണ് ഇതിന്റെ സീസണൽ പീക്ക് എന്നും കപ്പലധികൃതർ അറിയിച്ചു. വർദ്ധിപ്പിച്ച ശുചിത്വ പ്രോട്ടോക്കോളുകൾ കാരണം രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. AIDAdiva മാർച്ച് 23-ന് ഹാംബർഗിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്താണ് നോറോ വൈറസ്
അതിവേഗം പടർന്നുപിടിക്കുന്ന ഒരു രോഗമാണ് നോറോ വൈറസ്. ഈ വൈറസ് വയറിനും കുടലിനും വീക്കമുണ്ടാക്കുന്ന അക്യൂട്ട് ഗ്യാസ്‌ട്രോഎന്ററൈറ്റിസ് എന്ന അവസ്ഥയ്ക്ക് ഇത് കാരണമാകുന്നു. വൈറസുമായി സമ്പർക്കത്തിൽ വന്ന് 12 മുതൽ 48 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ഛർദ്ദി, വയറിളക്കം, ഓക്കാനം
വയറുവേദന, ചെറിയ പനി, തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ.
നോറോ വൈറസ് ബാധയ്ക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. വിശ്രമിക്കുക, ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക, എന്നിവയാണ് പ്രധാന ചികിത്സാ രീതികൾ.