North Korea: വിദേശ ടെലിവിഷൻ ഷോകൾ കണ്ടാൽ ഉത്തര കൊറിയയിൽ വധശിക്ഷ; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ഐക്യരാഷ്ട്ര സംഘടന
North Korea Restrictions In UN Report: വിദേശ ടെലിവിഷൻ ഷോകൾ കാണുന്നവർക്ക് ഉത്തരകൊറിയയിൽ വധശിക്ഷ. ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാവുന്നത്.
വിദേശ ടെലിവിഷൻ ഷോകൾ കാണുന്നവർക്കും പങ്കുവെക്കുന്നവർക്കും ഉത്തര കൊറിയയിൽ വധശിക്ഷ നൽകുന്നു എന്ന് ഐക്യരാഷ്ട്ര സംഘടന. യുഎൻ മനുഷ്യാവകാശ സംഘടനയാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. വളരെ ജനകീയമായ ദക്ഷിണകൊറിയൻ ഡ്രാമകൾ ഉൾപ്പെടെ കാണുന്നത് ഉത്തര കൊറിയയിൽ വലിയ തെറ്റാണ് എന്നും ഈ മാസം 12ന് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.
2014ന് ശേഷം ഇത്തരം ഷോകൾ കാണുന്നവരെയും പങ്കുവെക്കുന്നവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇതിനായി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. ഇത്തരം തെറ്റുകൾക്കുള്ള ശിക്ഷയും വർധിപ്പിച്ചിട്ടുണ്ട്. ഇതിൽ വധശിക്ഷ അടക്കമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം നിബന്ധനകൾ കാരണം ലോകത്ത് ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള രാജ്യമായി ഉത്തര കൊറിയ മാറിയിരിക്കുകയാണ് എന്നും 14 പേജ് നീണ്ട ഈ റിപ്പോർട്ടിൽ പറയുന്നു. നിബന്ധനകൾ കാരണം രാജ്യം വിട്ട 300ലധികം പേരുമായി സംസാരിച്ചിട്ടാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
Also Read: Japan: 100 വയസിന് മുകളിൽ പ്രായമുള്ള 1 ലക്ഷം പേർ; റെക്കോഡിട്ട് ജപ്പാൻ
കൊവിഡിന് ശേഷം നോർത്ത് കൊറിയയിൽ വധശിക്ഷ വർധിച്ചിട്ടുണ്ടെന്നാണ് രാജ്യത്തെ മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന യുഎൻ ഓഫീസ് ഹെഡ് ജെയിംസ് ഹീനൻ പറയുന്നത്. വിദേശ ഷോകൾ വിതരണം ചെയ്തവരിൽ പലരുടെയും വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞു. ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും പൗരന്മാർക്ക് നിയന്ത്രണങ്ങളുണ്ട് എന്നും അദ്ദേഹം പറയുന്നു.