India-US Relation: ‘അമേരിക്കയ്ക്ക് പണം കൊണ്ടുവരുന്നത് പാകിസ്ഥാനല്ല, ഇന്ത്യയാണ്; അവരെ പിണക്കരുത്’
Rich McCormick on India–US Relations: കഴിവ് എന്നത് വളരെ പ്രധാനമാണ്, ഇന്ത്യ ലോകത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിക്കുന്നു. കഴിവുള്ള ആളുകളെ കയറ്റുമതി ചെയ്യുന്നതില്‍ മാത്രമല്ല, അവര്‍ ഏത് മേഖലയില്‍ സമ്പന്നരാകുന്നു എന്നതിലും കാര്യമുണ്ട്.

റിച്ച് മക്കോര്‍മിക്
വാഷിങ്ടണ്‍: പാകിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യയാണ് അമേരിക്കയിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കുന്നതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവും യുഎസ് കോൺഗ്രസ് അംഗവുമായ റിച്ച് മക്കോര്‍മിക്. 300 ദശലക്ഷം ജനങ്ങളുള്ള രാജ്യമാണ് പാകിസ്ഥാന്‍. എന്നാല്‍ അവര്‍ അമേരിക്കയിലേക്ക് നിക്ഷേപം കൊണ്ടുവരുന്നില്ല. പക്ഷെ ഇന്ത്യ നിക്ഷേപങ്ങള്‍ സ്വീകരിക്കുക മാത്രമല്ല അവര്‍ അമേരിക്കയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു, മക്കോര്‍മിക് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ്. വിവിധ മേഖലകളില്‍ അവര്‍ ആധിപത്യം സ്ഥാപിക്കുന്നു. മാത്രമല്ല, രാജ്യത്തെ മധ്യവര്‍ഗം ലോക വിപണിയില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയിട്ടുണ്ടെന്നും സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
കഴിവ് എന്നത് വളരെ പ്രധാനമാണ്, ഇന്ത്യ ലോകത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിക്കുന്നു. കഴിവുള്ള ആളുകളെ കയറ്റുമതി ചെയ്യുന്നതില്‍ മാത്രമല്ല, അവര്‍ ഏത് മേഖലയില്‍ സമ്പന്നരാകുന്നു എന്നതിലും കാര്യമുണ്ട്. ഇന്ത്യ പോലുള്ള രാജ്യത്തെ അകറ്റിനിര്‍ത്തിയാല്‍ അമേരിക്ക വലിയ കുഴപ്പത്തിലാകും. അമേരിക്ക ഇന്തയയെ സുഹൃത്തായി സ്വീകരിച്ചാല്‍ സമാധാനവും സമൃദ്ധിയും ഉണ്ടാകും. എന്നാല്‍ ഇന്ത്യയെ അകറ്റിനിര്‍ത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കും, മക്കോര്‍മിക് അഭിപ്രായപ്പെട്ടു.
Also Read: Donald Trump: റഷ്യന്‍ എണ്ണ വാങ്ങിയാല്‍ ഇന്ത്യയ്ക്ക് 500% തീരുവ; ബില്ലിന് അംഗീകാരം നല്‍കി ട്രംപ്
വ്യാപാരം, താരിഫ് എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വര്‍ധിച്ചിരിക്കുന്ന സമയത്താണ് മക്കോര്‍മികിന്റെ പ്രസ്താവന. താരിഫ്, വിസ, വിപണി എന്നിവയിലുള്ള തര്‍ക്കങ്ങള്‍ക്ക് അപ്പുറം ഇരുരാജ്യങ്ങളും ദീര്‍ഘകാല തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തത്തിന് പ്രതിജ്ഞാബദ്ധരാണെന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം അമി ബേര പറഞ്ഞു.