Pubg Gaming: പബ്ജിയിൽ തോറ്റതിന് കുടുംബത്തിൽ കൂട്ടകൊല; 17 കാരന് 100 വർഷം തടവ് ശിക്ഷ
Pak Teen Gets 100-Year Jail Sentence: 2022ലാണ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത്. അന്ന് സെയ്ൻ അലിക്ക് 14 വയസ്സ് മാത്രമാണ് പ്രായമുണ്ടായിരുന്നത്. ദിവസവും മണിക്കൂറുകളോളമാണ് കുട്ടി പബ്ജി കളിക്കാൻ സമയം ചെലവിട്ടിരുന്നത്. സ്ഥിരമായി മുറിയടച്ചിരുന്ന് ഓൺലൈൻ ഗെയിം കളിക്കുന്നതിന് അമ്മ നഹിദ് മുബാറക്ക് വഴക്കുപറയുന്നതും പതിവായിരുന്നു.
ലഹോർ: ഓൺലൈൻ ഗെയിമായ പബ്ജിക്ക് അടിമയായ കൗമാരക്കാരൻ കുടുംബത്തിലെ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശിക്ഷ വിധിച്ച് കോടതി. പാക്കിസ്ഥാനിലെ ലഹോറിലാണ് സംഭവം. സെയ്ൻ അലി എന്ന കൗമാരക്കാരനാണ് ശിക്ഷ വിധിച്ചത്. ഓൺലൈൻ ഗെയിമായ പബ്ജിയിൽ തോറ്റതിനാണ് സെയ്ൻ തൻ്റെ കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയത്.
അമ്മയെയും സഹോദരനെയും രണ്ട് സഹോദരിമാരെയും കൊലപ്പെടുത്തിയ കുറ്റത്തിന് ലഹോർ കോടതി സെയ്ൻ അലിക്ക് 100 വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. 2022ലാണ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത്. അന്ന് സെയ്ൻ അലിക്ക് 14 വയസ്സ് മാത്രമാണ് പ്രായമുണ്ടായിരുന്നത്.
ദിവസവും മണിക്കൂറുകളോളമാണ് കുട്ടി പബ്ജി കളിക്കാൻ സമയം ചെലവിട്ടിരുന്നത്. സ്ഥിരമായി മുറിയടച്ചിരുന്ന് ഓൺലൈൻ ഗെയിം കളിക്കുന്നതിന് അമ്മ നഹിദ് മുബാറക്ക് വഴക്കുപറയുന്നതും പതിവായിരുന്നു. പലപ്പോഴും കളിയിൽ തോൽക്കുമ്പോൾ സെയ്ൻ അലി അക്രമ സ്വഭാവം കാട്ടിയിരുന്നതായും റിപ്പോർട്ടുണ്ട്.
സംഭവ ദിവസവും കളിയിൽ തോറ്റ ദേഷ്യത്തിനാണ് അക്രമം നടത്തിയത്. വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് ഉറങ്ങിക്കിടന്ന 45 വയസ്സുള്ള അമ്മയേയും 20 വയസ്സുള്ള സഹോദരനെയും 15ഉം 10 ഉം വയസ്സുള്ള രണ്ട് സഹോദരിമാരെയും സെയ്ൻ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കോടതിയിൽ കുറ്റം സമ്മതിച്ച പ്രതിക്ക് ഓരോ കൊലപാതകത്തിനും 25 വർഷം വീതം ആകെ 100 വർഷമാണ് തടവ് ശിക്ഷ വിധിച്ചത്. ഇതിനുപുറമെ 40 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളുടെയും സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.