Narendra Modi: ഘാനയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
Narendra Modi At Ghana: ഇന്ത്യയുടെയും ഘാനയുടെയും ചരിത്രങ്ങള്‍ കൊളോണിയല്‍ ഭരണത്തിന്റെ മുറിവുകള്‍ വഹിക്കുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ ആത്മാവ് എപ്പോഴും സ്വതന്ത്രവും നിര്‍ഭയവുമായി തുടരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്ര: ഇന്ത്യയും ഘാനയും തമ്മിലുള്ള സൗഹൃദത്തെ പുതിയ തലത്തിലേക്കെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഘാനയിലെ പാര്‍ലമെന്റില്‍ അംഗങ്ങളെയും ഇന്ത്യന്‍ ജനതയെയും സംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിച്ചു. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഘാനയുടെ മണ്ണില്‍ ജനാധിപത്യത്തിന്റെ ആത്മാവുണ്ട്. ഘാനയില്‍ നിന്ന് ലഭിച്ച പരമോന്നത ബഹുമതിക്ക് 140 കോടി ഇന്ത്യക്കാരുടെ പേരില്‍ നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി.
ഇന്ത്യയുടെയും ഘാനയുടെയും ചരിത്രങ്ങള്‍ കൊളോണിയല്‍ ഭരണത്തിന്റെ മുറിവുകള്‍ വഹിക്കുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ ആത്മാവ് എപ്പോഴും സ്വതന്ത്രവും നിര്‍ഭയവുമായി തുടരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ സമ്പന്നമായ പൈതൃകത്തില്‍ നിന്ന് നമുക്ക് ശക്തിയും പ്രചോദനവും ലഭിക്കും. നമ്മുടെ സാമൂഹിക, സാംസ്‌കാരിക, ഭാഷാ വൈവിധ്യങ്ങളില്‍ നമുക്ക് അഭിമാനിക്കാം. സ്വാതന്ത്ര്യം, ഐക്യം, അന്തസ് എന്നിവയില്‍ വേരൂന്നിയ രാഷ്ട്രങ്ങളെ നാം കെട്ടിപ്പടുത്തു. നമ്മുടെ ബന്ധത്തിന് അതിര്‍വരമ്പുകളില്ല. നിങ്ങളുടെ അനുവാദത്തോടെ ഞാന്‍ പറയട്ടെ നമ്മുടെ ഈ സൗഹൃദം നിങ്ങളുടെ പ്രശസ്തമായ പഞ്ചസാര ലോഫ് പൈനാപ്പിളിനേക്കാള്‍ മധുരമുള്ളതാണെന്ന് മോദി പറഞ്ഞു.
നമ്മെ സംബന്ധിച്ചിടത്തോളം ജനാധിപത്യം ഒരു വ്യവസ്ഥയല്ല. അത് നമ്മുടെ അടിസ്ഥാന മൂല്യത്തിന്റെ ഭാഗമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈശാലി പോലുള്ള കേന്ദ്രങ്ങള്‍ ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനമായ ഗ്രന്ഥങ്ങളില്‍ ഒന്നായ ഋഗ്വേദം പറയുന്നത് ചിന്തകള്‍ എല്ലാ ദിശകളില്‍ നിന്നും നമ്മളിലേക്ക് വരട്ടെ എന്നാണ്. ആശയങ്ങളോടുള്ള ഈ തുറന്ന മനസാണ് ജനാധിപത്യത്തിന്റെ കാതല്‍.
ഘാനയില്‍ പ്രധാനമന്ത്രി സംസാരിക്കുന്ന വീഡിയോ
ഇന്ത്യയില്‍ 2,500 ലധികം രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 20 വ്യത്യസ്ത പാര്‍ട്ടികള്‍ ഭരിക്കുന്നു. 22 വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നു. ഇന്ത്യയിലേക്ക് വരുന്ന ആളുകള്‍ക്ക് രാജ്യം ഗംഭീര സ്വീകരണം നല്‍കുന്നതും ഇക്കാരണത്താലാണ്. പോകുന്നിടത്തെല്ലാം എളുപ്പത്തില്‍ സംയോജിക്കാന്‍ സാധിക്കുന്ന മനോഭാവമാണ് ഇന്ത്യക്കാരുടേത്. ഘാനയിലെ ഇന്ത്യക്കാര്‍ ചായയില്‍ പഞ്ചസാര ലയിക്കുന്നത് പോലെ കലര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തിലുണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയുടെ ജനാധിപത്യം ഇപ്പോഴും ഒരു പ്രതീക്ഷയുടെ കിരണമാണ്. ഇന്ത്യയുടെ വികസന യാത്ര ആഗോള വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
Also Read: PM Narendra Modi: എട്ട് ദിവസം അഞ്ചു രാജ്യങ്ങൾ; പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം നാളെ മുതൽ
ഇന്ന് ഇന്ത്യ വികസനത്തിന്റെ ഒരു പുതിയ അധ്യായം രചിക്കുകയാണ്. ഇന്ത്യയുടെ അഭിമാനകരമായ നിരവധി നിമിഷങ്ങളുമായി ആഫ്രിക്ക ബന്ധപ്പെട്ടിരിക്കുന്നത് വളരെ സന്തോഷകരമായ സഹകരണത്തിലൂടെയാണ്. ഇന്ത്യയുടെ ചന്ദ്രയാന്‍ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുമ്പോള്‍ ഞാന്‍ ഇന്ത്യയിലായിരുന്നു. ഇന്ന് മനുഷ്യരാശിയുടെ നന്മയ്ക്കായി ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ബഹിരാകാശത്ത് എത്തുമ്പോള്‍ ഞാന്‍ ആഫ്രിക്കയിലാണ്.
ഘാനയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം ഇന്നത്തേക്ക് മാത്രമുള്ളതല്ല, അത് ഭാവിയിലേക്കുള്ളതാണ്. വരും തലമുറകള്‍ക്ക് വേണ്ടിയുള്ളതാണിത്. ആഫ്രിക്കയുമായുള്ള വികസന പങ്കാളിത്തം ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്വശ്രയ ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും നിര്‍മിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.