2027-നെ വരവേൽക്കാൻ റാസൽഖൈമ റെഡി! ആകാശത്ത് വിസ്മയം തീർക്കാൻ വെടിക്കെട്ടും ഡ്രോൺ ഷോയും; പ്രവേശനം സൗജന്യം
Ras Al Khaimah New Year's Eve 2027: How to Register for Free Events: വെടിക്കെട്ടും ഡ്രോണുകളും അണിനിരക്കുന്ന 'ആർ.എ.കെ എൻ.വൈ.ഇ സ്കൈ ഷോ' ആണ് പുതുവത്സരാഘോഷത്തിലെ പ്രധാന ആകർഷണം. രാത്രി 11.50 മുതൽ 12.05 വരെയാണ് ഇത് നടക്കുക. ഇതിനുപുറമെ, രണ്ട് പ്രധാന സോണുകളും ഗ്രൗണ്ടിലുണ്ടാകും.
റാസൽഖൈമ: 2027-നെ വരവേൽക്കാൻ വിപുലമായ ആഘോഷപരിപാടികളുമായി റാസൽഖൈമ. ഡിസംബർ 31-ന് ജെയ്സ് ഫെസ്റ്റിവൽ ഗ്രൗണ്ടിലാണ് വർണ്ണാഭമായ പരിപാടികൾ നടക്കുന്നത്. വൈകുന്നേരം 4 മണിക്ക് തുടങ്ങുന്ന ആഘോഷങ്ങൾ ജനുവരി 1 പുലർച്ചെ 3 മണി വരെ നീണ്ടുനിൽക്കും. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണെങ്കിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നവംബർ 15 മുതൽ ഔദ്യോഗിക വെബ്സൈറ്റായ ‘RAK NYE’ വഴി രജിസ്ട്രേഷൻ ആരംഭിക്കും. കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ക്യുആർ കോഡ് കാണിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കൂ.
ആഘോഷം കളറാക്കാൻ വിനോദ പരിപാടികൾ
വെടിക്കെട്ടും ഡ്രോണുകളും അണിനിരക്കുന്ന ‘ആർ.എ.കെ എൻ.വൈ.ഇ സ്കൈ ഷോ’ ആണ് പുതുവത്സരാഘോഷത്തിലെ പ്രധാന ആകർഷണം. രാത്രി 11.50 മുതൽ 12.05 വരെയാണ് ഇത് നടക്കുക. ഇതിനുപുറമെ, രണ്ട് പ്രധാന സോണുകളും ഗ്രൗണ്ടിലുണ്ടാകും. സ്റ്റേജ് സോണിൽ അഞ്ച് ഡി.ജെകളുടെ നേതൃത്വത്തിലുള്ള ഷോ നടക്കും. ഫാമിലി സോണിലാകട്ടെ മിനി ഗോൾഫ്, ജയൻ്റ് ചെസ്സ്, ഫുട്ബോൾ ഷൂട്ടിംഗ്, ബലൂൺ ഡാർട്ട്, 360 ഡിഗ്രി വീഡിയോ ബൂത്ത് തുടങ്ങി 25-ലധികം വിനോദ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. രാത്രി 7.30, 8.30, 9.30 എന്നീ സമയങ്ങളിൽ അറബിക് നൃത്തം, അക്രോബാറ്റ് ഷോ, ജഗ്ലർ ഷോ എന്നിവ ഉൾപ്പെടുന്ന വാക്കിംഗ് കാർണിവലും ഉണ്ടായിരിക്കും. സന്ദർശകർക്കായി ഫുഡ് ട്രക്കുകളും സജ്ജീകരിക്കും.
Also Read: യു,എ.ഇ ലൈസൻസിൻ്റെ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങളായോ? എങ്കിൽ ഇനി എല്ലാം ആദ്യം മുതൽ തുടങ്ങണം!
കർശന നിയന്ത്രണങ്ങൾ
സുരക്ഷയുടെ ഭാഗമായി പ്രവേശന കവാടങ്ങളിൽ ബാഗുകൾ പരിശോധിക്കും. പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ, മദ്യം, പടക്കങ്ങൾ, ഡ്രോണുകൾ, ലേസർ പോയിൻ്റകൾ, ഗ്ലാസ് കണ്ടെയ്നറുകൾ, ടെൻ്റുകൾ, കൂളറുകൾ, വലിയ ബാഗുകൾ, സൈക്കിളുകൾ, ഇ-സ്കൂട്ടറുകൾ തുടങ്ങിയവയ്ക്ക് കർശന വിലക്കുണ്ട്. എന്നാൽ കുട്ടികൾക്കുള്ള ഭക്ഷണം, അത്യാവശ്യ മരുന്നുകൾ, ചെറിയ ഫോൾഡബിൾ കസേരകൾ എന്നിവ കൊണ്ടുവരാം.
സ്വന്തം വാഹനങ്ങളിൽ എത്തുന്നവർ എക്സിറ്റ് 122-ൽ വേണം വാഹനം പാർക്ക് ചെയ്യാൻ. രാവിലെ 10 മണി മുതൽ പാർക്കിംഗ് ആരംഭിക്കും. വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 3 മണി വരെ ഇവിടെ നിന്നും ഫെസ്റ്റിവൽ ഗ്രൗണ്ടിലേക്ക് സൗജന്യ ഷട്ടിൽ ബസ് സർവീസ് ഉണ്ടായിരിക്കും. രാത്രി 7 മണിക്ക് റോഡുകൾ അടയ്ക്കുന്നതിനാൽ സന്ദർശകർ നേരത്തെ എത്താൻ ശ്രദ്ധിക്കണം. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് നേരിട്ട് വാഹനങ്ങൾ കൊണ്ടുപോകാനോ റോഡരികിൽ പാർക്ക് ചെയ്യാനോ അനുവദിക്കില്ല.
English Summary
Ras Al Khaimah will welcome 2027 with a free New Year’s Eve celebration featuring a spectacular fireworks and drone show at Jais Festival Ground. Mandatory online registration opens on November 15.