India vs New Zealand: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി; മലയാളി താരത്തെ ഉള്‍പ്പെടുത്തി
India vs New Zealand Football: ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഫിഫ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. മലയാളിതാരം മുഹമ്മദ് സനാനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കേറ്റ എഡ്മണ്ട് ലാല്‍റിന്‍ഡികയ്ക്ക് പകരമാണ് സനാനെ ഉള്‍പ്പെടുത്തിയത്. പരിശീലകന്‍ ഖാലിദ് ജമീല്‍ ആദ്യം പ്രഖ്യാപിച്ച 23 അംഗ സ്‌ക്വാഡില്‍ സനാന്‍ ഉണ്ടായിരുന്നില്ല.
ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഫിഫ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. മലയാളിതാരം മുഹമ്മദ് സനാനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കേറ്റ എഡ്മണ്ട് ലാല്‍റിന്‍ഡികയ്ക്ക് പകരമാണ് സനാനെ ഉള്‍പ്പെടുത്തിയത്. പരിശീലകന്‍ ഖാലിദ് ജമീല്‍ ആദ്യം പ്രഖ്യാപിച്ച 23 അംഗ സ്‌ക്വാഡില്‍ സനാന്‍ ഉണ്ടായിരുന്നില്ല. റയാന്‍ വില്യംസ്, ഡേവിഡ് ലാല്‍ഹ്ലാന്‍സംഗ, ലിസ്റ്റണ്‍ കൊളാക്കോ, മന്‍വീര്‍ സിംഗ്, മുഹമ്മദ് സുഹൈല്‍ എന്നിവരാണ് ടീമിലെ മറ്റ് മുന്നേറ്റ താരങ്ങള്‍. സനാനെ ഉള്‍പ്പെടുത്തിയതോടെ ടീമിലെ മലയാളി താരങ്ങളുടെ എണ്ണം അഞ്ചായി. ബിജോയ് വര്‍ഗീസ്, ആഷിഖ് കുരുണിയന്‍, ജിതിന്‍ എംഎസ്, മുഹമ്മദ് സുഹൈല്‍ എന്നിവരാണ് മറ്റ് മലയാളി താരങ്ങള്‍.
വമ്പന്‍ മാറ്റങ്ങളാണ് ടീമിലുള്ളത്. ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ബ്രസീലിനെതിരെ നടന്ന സൗഹൃദ മത്സരത്തിലെ മോശം പ്രകടനമാണ് സന്ധുവിന് തിരിച്ചടിയായതെന്ന് കരുതുന്നു. ഹൃതിക് തിവാരി, സോം കുമാര്‍, വിശാല്‍ കൈത് എന്നിവരാണ് ടീമിലെ ഗോള്‍കീപ്പര്‍മാര്‍.
പനാമ, ബ്രസീല്‍, ഉറുഗ്വേ ടീമുകള്‍ക്കെതിരെ നടന്ന സൗഹൃദ മത്സരങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാനെത്തുന്നത്. മുന്‍ സ്‌ക്വാഡിലുണ്ടായിരുന്ന 26 താരങ്ങളില്‍ 12 പേരെ മാത്രമാണ് ഖാലിദ് ജമീല്‍ നിലനിര്‍ത്തിയത്. പുതുതായി 11 താരങ്ങള്‍ ടീമിലെത്തി. ഇതില്‍ അഞ്ചു പേര്‍ ആദ്യമായാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെത്തുന്നതെന്നതാണ് ശ്രദ്ധേയം. ഐഎസ്എല്ലിലെ പ്രകടനമികവ് അടക്കം പരിഗണിച്ചാണ് ഖാലിദ് ജമീല്‍ ടീം രൂപീകരിച്ചത്.
Also Read: India vs New Zealand: കിവികളെ നേരിടാന്‍ ബ്ലൂ ടൈഗേഴ്‌സ്; ടീമില്‍ അഴിച്ചുപണി; ഗുര്‍പ്രീതിനെ ഒഴിവാക്കി
അഭിഷേക് സിങ് ടെക്ചാം, ആകാശ് മിശ്ര, ബിജോയ് വർഗീസ്, ജയ് ഗുപ്ത, മെഹ്താബ് സിംഗ്, പ്രംവീര്‍, റിക്കി മീറ്റെയ് ഹാവോബാം, റോഷൻ സിങ് നവോറെം എന്നിവരാണ് ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള പ്രതിരോധ താരങ്ങള്‍. അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, ജിതിൻ എം.എസ്, ലാൽറെംത്‌ലുവാംഗ ഫനായി, ലാൽറിൻലിയാന ഹ്നാംതെ, ടോംബ സിങ് ഹാവോബാം എന്നിവര്‍ മധ്യനിരയില്‍ കളിക്കും.
മത്സരം എപ്പോള്‍, എവിടെ?
ഓക്ക്‌ലന്‍ഡില്‍ നവംബര്‍ 12-നും, ക്രൈസ്റ്റ്ചര്‍ച്ചില്‍ നവംബര്‍ 15-നും മത്സരങ്ങള്‍ നടക്കും. ആദ്യ മത്സരം ഇന്ത്യന്‍ സമയം 11.30-ന് ആരംഭിക്കും. 8.30-നാണ് രണ്ടാം മത്സരം തുടങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
English Summary
Kerala forward Mohammed Sanan has been added to the Indian football squad for the friendly against New Zealand. He replaces the injured Edmund Lalrindika, bringing the total number of players from Kerala in the squad to five.