AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Riyadh Metro : ഓറഞ്ച് ലൈൻ പ്രവർത്തനമാരംഭിച്ചു; റിയാദ് മെട്രോയുടെ നിർമ്മാണം പൂർണ്ണം

Orange Line Becomes Operational Riyadh Metro Finishes: റിയാദ് മെട്രോ നെറ്റ്‌വർക്ക് പൂർണമായി. മെട്രോ സംവിധാനത്തിലെ അവസാന ട്രാക്കായ ഓറഞ്ച് ലൈൻ്റെ പ്രവർത്തനം ആരംഭിച്ചതോടെയാണ് റിയാദ് മെട്രോ നെറ്റ്‌വർക്ക് പൂർണമായത്.

Riyadh Metro : ഓറഞ്ച് ലൈൻ പ്രവർത്തനമാരംഭിച്ചു; റിയാദ് മെട്രോയുടെ നിർമ്മാണം പൂർണ്ണം
റിയാദ് മെട്രോImage Credit source: @Arabbeau X
Abdul Basith
Abdul Basith | Published: 10 Jan 2025 | 08:23 PM

സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലെ മെട്രോ സംവിധാനം പൂർണ്ണമായി. റിയാദിലെ പൊതുഗതാഗത സംവിധാനമായ റിയാദ് മെട്രോയുടെ അവസാന ട്രാക്കായ ഓറഞ്ച് ലൈൻ്റെ പ്രവർത്തനം അഞ്ചാം തീയതി ഞായറാഴ്ച ആരംഭിച്ചതോടെ മെട്രോ സംവിധാനം പൂർണ്ണമായത്. നേരത്തെ ബ്ലൂ, യെല്ലോ, പർപ്പിൾ, റെഡ്, ഗ്രീൻ എന്നീ ലൈനുകൾ റിയാദ് മെട്രോയിൽ പ്രവർത്തിച്ചിരുന്നു. റിയാദ് മെട്രോയുടെ ഏറ്റവും അവസാനത്തെ ലൈനാണ് ഓറഞ്ച് ലൈൻ. ഇതോടെ റിയാദ് മെട്രോയുടെ സംവിധാനം പൂർണ്ണമായി.

നഗരത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള ജിദ്ദ റോഡിൽ നിന്ന് കിഴക്ക് ഭാഗത്തെ ഖഷം അൽആൻ വരെയുള്ള ദൂരത്തിലാണ് റിയാദ് മെട്രോയുടെ ഓറഞ്ച് ലൈൻ. 41.1 കിലോമീറ്റർ ദൂരമാണ് ഈ ലൈനുള്ളത്. ജനുവരി ആറിന് രാവിലെ ആറ് മണി മുതൽ സർവീസ് ആരംഭിച്ചു. കിഴക്ക് സെക്കൻഡ് ഈസ്റ്റേൺ റിങ് റോഡുമായിച്ചേരുന്ന ഓറഞ്ച് ലൈനിൽ 22 സ്റ്റേഷനുകളാണ് ആകെ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, അഞ്ച് സ്റ്റേഷനുകൾ മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളൂ. ജിദ്ദ റോഡ്, തുവൈഖ്, അദ്ദൗവു, ഹാറൂൺ അൽ റഷീദ്, നസീം എന്നീ അഞ്ച് സ്റ്റേഷനുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഈ അഞ്ച് സ്റ്റേഷനുകളിലേ ഇപ്പോൾ മെട്രോ നിർത്തൂ. ബാക്കി 17 സ്റ്റേഷനുകളുടെ പ്രവർത്തനം ഏറെ വൈകാതെ തന്നെ ആരംഭിക്കും. ഓറഞ്ച് ലൈനിലെ ഏറ്റവും വലിയ സ്റ്റേഷനായ ബസറുൽ ഹുകൂമിൻ്റെ പണി അവസാനിക്കാറായ ഘട്ടത്തിലാണ്. ബത്ഹയോട് ചേർന്നുള്ള ദീരയിലാണ് ഈ സ്റ്റേഷൻ.

Also Read : Sharjah Traffic Rules : പിടിച്ച വാഹനങ്ങൾ വിട്ടുകിട്ടാൻ ഇനി കൂടുതൽ പണം നൽകണം; ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി ഷാർജ

ഓറഞ്ച് ലൈൻ പൂർത്തിയാക്കിയതിനൊപ്പം ബ്ലൂ ലൈനിലെ അൽ മുറൂജ്, ബാങ്ക് അൽ ബിലാദ്, കിങ് ഫഹദ് ലൈബ്രറി എന്നീ മൂന്ന് സ്റ്റേഷനുകളും പ്രവർത്തനമാരംഭിച്ചു. 38 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈനിൽ ആകെ 25 സ്റ്റേഷനുകളുണ്ട്. ഈ ലൈനിൽ നിലവിൽ പ്രവർത്തിക്കുന്നത് 21 സ്റ്റേഷനുകളാണ്. ബാക്കിയുള്ള നാല് സ്റ്റേഷനുകൾ വൈകാതെ തുറക്കും. ഈ സ്റ്റേഷനുകളിൽ രണ്ട് സ്റ്റേഷനുകളും ബത്ഹയിലാണ്. അൽ ബത്ഹ, മ്യൂസിയം സ്റ്റേഷനുകളാണ് ബത്ഹയിലേത്.

ഇതിനൊപ്പം കിംഗ് സഈദ് യൂണിവേഴ്സിറ്റിയോട് ചേർന്നുള്ള മെട്രോ സ്റ്റേഷനിലേക്ക് ക്യാമ്പസിൽ നിന്ന് ഷട്ടിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. റെഡ് ലൈൻ ആണ് ഇതുവഴി കടന്നുപോകുന്നത്. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ ഈ റൂട്ടിൽ ഇടതടവില്ലാതെ ബസ് സർവീസുണ്ടാവും.

കഴിഞ്ഞ വർഷം ഡിസംബർ ഒന്ന് മുതലാണ് റിയാദ് മെട്രോയിൽ ഗതാഗതം ആരംഭിച്ചത്. ബ്ലൂ, യെല്ലോ, പർപ്പിൾ എന്നീ ട്രാക്കുകളിൽ ആദ്യം സർവീസ് ആരംഭിച്ചു. ഡിസംബർ 15ഓടെ റെഡ്, ഗ്രീൻ ട്രാക്കുകളിലും ഈ മാസം അഞ്ചിന് ഓറഞ്ച് ട്രാക്കിലും സർവീസ് ആരംഭിച്ചു. ഇതോടെ റിയാദ് മെട്രോയിലെ ഗതാഗതം പൂർണമാവുകയായിരുന്നു. ഇനി ബ്ലൂ ലൈനിൽ നാലും ഓറഞ്ച് ലൈനിൽ 17ഉം സ്റ്റേഷനുകൾ കൂടി പ്രവർത്തനം ആരംഭിക്കേണ്ടതുണ്ട്. എങ്കിലേ റിയാദ് മെട്രോ പൂർണമാവൂ.