Saudi Arabia : സൗദിയിൽ ഇനി എല്ലാവർക്കും ബൈക്ക് വാടകയ്ക്കെടുക്കാൻ പറ്റില്ല; നിബന്ധനകളുമായി അധികൃതർ
Saudi Arabia Bike And Scooter Renting : സൗദി അറേബ്യയിൽ ബൈക്കും സ്കൂട്ടറും വാടകയ്ക്ക് നൽകുന്നതിൽ പുതിയ നിബന്ധനകളുമായി അധികൃതർ. മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയമാണ് പുതിയ നിർദ്ദേശങ്ങൾ പുറത്തുവിട്ടത്.

സൗദി അറേബ്യയിൽ ബൈക്ക് വാടകയ്ക്കെടുക്കുന്നതിന് നിബന്ധനകളുമായി അധികൃതർ. എക്കാവർക്കും ഇനി ബൈക്ക് വാടകയ്ക്കെടുക്കാനാവില്ല. ഓരോ പ്രാവശ്യവും വാടയ്ക്ക് നൽകിയതിന് ശേഷം ഹെൽമറ്റ് ശുദ്ധിയാക്കണമെന്നും നിർദ്ദേശമുണ്ട്. മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയമാണ് പുതിയ നിർദ്ദേശങ്ങൾ പുറത്തുവിട്ടത്.
ഇനി മുതൽ 17 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ബൈക്ക് വാടകയ്ക്കെടുക്കാൻ സാധിക്കൂ. 17 വയസിന് താഴെയുള്ളവർക്ക് ബൈക്ക് നൽകുന്നത് ഇനി മുതൽ ശിക്ഷാർഹമാണ്. ഓരോ തവണ ബൈക്ക് വാടകയ്ക്ക് നൽകിയതിന് ശേഷവും ഹെൽമറ്റ് അണുനശീകരണത്തിന് വിധേയമാക്കണം തുടങ്ങി വിവിധ നിർദ്ദേശങ്ങളാണ് മന്ത്രാലയം അറിയിച്ചത്. ബൈക്കുകളും സ്കൂട്ടറുകളുമൊക്കെ വാടകയ്ക്ക് നൽകുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് സർക്കാർ പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്. പല പുതിയ നിബന്ധകളും മന്ത്രാലയം പുറത്തുവിട്ടു. സ്ഥാപനം സ്വീകരിക്കേണ്ട മുൻകരുതലുകളും നിബന്ധനകളുമാണ് പുതിയ നിർദ്ദേശങ്ങളിൽ ഉള്ളത്.
സർക്കാർ പ്ലാറ്റ്ഫോമായ സർവേയിലാണ് പുതിയ നിയമങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയം പുറത്തിറക്കിയ നിയമങ്ങൾ ഇങ്ങനെയാണ്: 17 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ഇനി ബൈക്കുകൾ വാടകയ്ക്ക് നൽകാവൂ. ഓരോ തവണ വാടകയ്ക്ക് കൊടുത്ത വാഹനം തിരികെ ലഭിക്കുമ്പോൾ ഹെൽമറ്റ് നിർബന്ധമായും അണുനശീകരണത്തിന് വിധേയമാക്കണം. ഇത് സ്ഥാപനം ഉറപ്പുവരുത്തേണ്ടതാണ്. ബൈക്കും സ്കൂട്ടറും വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളും സ്റ്റാളുകളും അടക്കമുള്ളവ സിവിൽ ഡിഫൻസിൻ്റെ അനുമതി നേടണം. ഈ സ്ഥാപനങ്ങൾക്ക് വ്യവസായ രജിസ്ട്രേഷനും നിക്ഷേപ കരാറും നിർബന്ധമായും ഉണ്ടാവണം. ഒപ്പം പേവ്മെൻ്റ് ഒക്കുപൻസി പെർമിറ്റും നിർബന്ധമാണ്. 10 ബൈക്കുകളോ സ്കൂട്ടറുകളോ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ടാവണം. അടുത്ത് ശുചിമുറികൾ നിർബന്ധമായും ഉണ്ടാവണം. റോഡ് മുറിച്ചുകടക്കാതെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സ്ഥാപനത്തിനുള്ളിൽ തന്നെ ഇവിടേക്ക് പ്രവേശിക്കാനാവണം.
വ്യവസായ മേഖലയിൽ നിക്ഷേപരെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്. പരിസ്ഥിതി സൗന്ദര്യം, യാത്രക്കാരുടെ സുരക്ഷ തുടങ്ങിയവയും പുതിയ പരിഷ്കാരങ്ങളിലൂടെ സർക്കാർ ശ്രമിക്കുന്നുണ്ട്.