Etihad Rail: കാത്തിരിപ്പിന് വിരാമം; ദുബായ്-അബുദാബി എത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസിന് തുടക്കം
Etihad Rail Kicks Off Dubai-Abu Dhabi Passenger Service: കന്നി യാത്രയുടെ ഓർമ്മ എക്കാലവും നിലനിർത്താൻ ഓരോ യാത്രക്കാരനും സ്നേഹസമ്മാനങ്ങളും ഇതിഹാദ് റെയിൽ അധികൃതർ നൽകിയിരുന്നു. 2026 സെപ്റ്റംബർ 30 എന്ന തീയതി രേഖപ്പെടുത്തിയ പ്രത്യേക കോയിനും ഒപ്പം ഒരു ലഗേജ് ടാഗും അടങ്ങിയ ഗിഫ്റ്റ് ബോക്സാണ് ആദ്യ യാത്രികർക്ക് ലഭിച്ചത്. “I was part of the first journeys” എന്ന് ഈ ലഗേജ് ടാഗിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദുബായുടെ മനോഹരമായ സ്കൈലൈനും അൽ യലായിസ് സ്റ്റേഷൻ്റെ ചിത്രവും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്

എത്തിഹാദ് റെയിൽ
ദുബായ്: യു.എ.ഇയിലെ യാത്രാ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ദുബായ്-അബുദാബി ഇതിഹാദ് പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് തുടക്കമായി. യു.എ.ഇയുടെ ഗതാഗത രംഗത്തെ വലിയൊരു കുതിച്ചുചാട്ടത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. യാത്രക്കാരുടെ നാളുകളായുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, ഇന്ന് രാവിലെ കൃത്യം 6.14-ന് ദുബായിലെ അൽ യലായിസ് സ്റ്റേഷനിൽ നിന്ന് ആദ്യ ട്രെയിൻ അബുദാബിയിലേക്ക് പുറപ്പെട്ടു. ഗംഭീരമായ സ്വീകരണമാണ് കന്നി യാത്രക്കാർക്കായി റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരുന്നത്.
ലൈവ് മ്യൂസിക്, നൃത്തങ്ങൾ, മറ്റ് ആഘോഷ പരിപാടികൾ എന്നിവയോടെയാണ് യാത്രികരെ അൽ യലായിസ് സ്റ്റേഷനിലേക്ക് അധികൃതർ സ്വാഗതം ചെയ്തത്. യു.എ.ഇയുടെ ഗതാഗത ശൃംഖലയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഈ യാത്രാ സർവീസിൻ്റെ തുടക്കം വലിയ ആഘോഷമായാണ് രാജ്യം വരവേൽക്കുന്നത്. ട്രെയിനിനുള്ളിൽ പ്രവേശിച്ച യാത്രക്കാർക്ക് സ്വാദിഷ്ടമായ അറബിക് കോഫിക്കൊപ്പം പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങളും ചോക്ലേറ്റുകളും വിളമ്പി. ഈത്തപ്പഴം, ലൂമി ചോക്ലേറ്റ്, ക്രിസ്പി റഹാഷ് ചോക്ലേറ്റ് തുടങ്ങിയ മധുരപലഹാരങ്ങൾ നൽകിയാണ് അധികൃതർ കന്നി യാത്രികരെ സ്വീകരിച്ചത്.
കന്നി യാത്രയുടെ ഓർമ്മ എക്കാലവും നിലനിർത്താൻ ഓരോ യാത്രക്കാരനും സ്നേഹസമ്മാനങ്ങളും ഇതിഹാദ് റെയിൽ അധികൃതർ നൽകിയിരുന്നു. 2026 സെപ്റ്റംബർ 30 എന്ന തീയതി രേഖപ്പെടുത്തിയ പ്രത്യേക കോയിനും ഒപ്പം ഒരു ലഗേജ് ടാഗും അടങ്ങിയ ഗിഫ്റ്റ് ബോക്സാണ് ആദ്യ യാത്രികർക്ക് ലഭിച്ചത്. “I was part of the first journeys” എന്ന് ഈ ലഗേജ് ടാഗിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദുബായുടെ മനോഹരമായ സ്കൈലൈനും അൽ യലായിസ് സ്റ്റേഷൻ്റെ ചിത്രവും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. യു.എ.ഇയുടെ ഗതാഗത ചരിത്രത്തിലെ ഈ സുപ്രധാന കാൽവെപ്പാണ് ദുബായ്-അബുദാബി എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിൻ്റെ തുടക്കം.
ദുബായ് അബുദാബി യാത്രയ്ക്കായുള്ള ടിക്കറ്റ് ബുക്കിങ് ദിവസങ്ങൾക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നു. ദുബായിൽ നിന്നും അബുദൈയിലേക്കുള്ള യാത്രയ്ക്ക് കംഫർട്ട് ക്ലാസിന് 39 ദിർഹവും, പ്രീമിയം ക്ലാസിന് 109 ദിർഹവുമാണ് നിലവിൽ ഈടാക്കുന്ന ചാർജ്. രാവിലെ 6.14, 7.14, ഉച്ചക്ക് 1.14, വൈകുന്നേരം 5.14, 6.14 എന്നിങ്ങനെയാണ് ദുബായിൽ നിന്നുമുള്ള ട്രെയിനിൻ്റെ സമയക്രമം.
English Summary
Etihad Rail’s much-awaited Dubai to Abu Dhabi passenger service officially launched today, September 30. Departing Al Yalayis Station at 6.14 AM, the inaugural journey featured live music, Emirati hospitality, and special commemorative gifts for all passengers.