Dubai: തിരുവനന്തപുരം സ്വദേശിനി ദുബായിലെ ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ; രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ആൺസുഹൃത്ത് പിടിയിൽ
Women Stabbed To Death Friend Arrested In Dubai: തിരുവനന്തപുരം സ്വദേശിയ കുത്തിക്കൊലപ്പെടുത്തി രാജ്യം വിടാൻ ശ്രമിച്ച യുവാവ് യുഎഇയിൽ പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ 28 വയസുകാരനാണ് പിടിയിലായത്.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ദുബായിലെ ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബോണക്കാട് സ്വദേശിനിയായ ആനിമോൾ ഗിൽഡയെയാണ് കരാമയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 26 വയസുകാരിയായ യുവതിയെ കൊലപ്പെടുത്തി രാജ്യം വിടാൻ ശ്രമിച്ച ആൺസുഹൃത്തിനെ വിമാനത്താവളത്തിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ 28 വയസുകാരൻ അബിൻ ലാൽ ആണ് പിടിയിലായത്.
മെയ് നാലിനായിരുന്നു കൊലപാതകം. അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അബിൻ ലാൽ ജോലി ചെയ്തിരുന്നത്. ഇയാൾ ഇടയ്ക്കിടെ ആനിമോളിൻ്റെ താമസസ്ഥലം സന്ദർശിക്കാറുണ്ടായിരുന്നു. സംഭവദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തെ തുടർന്ന് ആനിമോളെ ഒരു മുറിയിൽ അടച്ചിട്ട് അബിൻ കുത്തുകയായിരുന്നു. പിന്നീട് ഗുരുതര പരിക്കേറ്റ നിലയിൽ ആനിമോളെ സുഹൃത്തുക്കൾ കണ്ടെത്തി. ആ സമയത്ത് അബിൻ സ്ഥലംവിട്ടിരുന്നു. പിന്നാലെ, വിമാനത്താവളത്തിൽ വച്ച് ദുബായ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഒരു വർഷം മുൻപ് അബിൻ ആണ് ആനിമോളെ ദുബായിലേക്ക് കൊണ്ടുവന്നത്. ദുബായിലെ സ്വകാര്യ കമ്പനിയിലാണ് ആനിമോൾ ജോലി ചെയ്തിരുന്നത്. വിവാഹിതരാവാനായിരുന്നു ഇരുവരുടെയും തീരുമാനം. ആനിമോളുടെ കുടുംബത്തിന് ഈ വിവാഹത്തിൽ താത്പര്യമുണ്ടായിരുന്നില്ല. ആനിമോളുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.