Russian Cargo Ships Drone Attack: കരിങ്കടലിൽ റഷ്യയുടെ രണ്ട് ചരക്കു കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം; തീരത്ത് ജാഗ്രത
ആക്രമണത്തിന് പിന്നാലെ കപ്പലിന്റെ ഒരറ്റത്തുനിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇസ്താംബുൾ: കരിങ്കടലിൽ തുർക്കി തീരത്തിന് സമീപം റഷ്യയുടെ രണ്ട് ചരക്കു കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടന്നതായി തുർക്കി അറിയിച്ചു. ‘വിരാട്’, ‘കൊറോസ്’ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രെയ്ൻ ഏറ്റെടുത്തു. ‘വിരാട്’ എന്ന എണ്ണക്കപ്പലിന് നേർക്ക് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി വെള്ളത്തിലൂടെയെത്തിയ ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം ഉണ്ടായത്. ‘ഷാഡോ’ കപ്പൽവ്യൂഹത്തിൽ ഉൾപ്പെട്ട കപ്പലാണ് ‘വിരാട്’.
ആക്രമണത്തിന് പിന്നാലെ കപ്പലിന്റെ ഒരറ്റത്തുനിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്ന് തുർക്കി ഗതാഗത മന്ത്രാലയം അറിയിച്ചു. റഷ്യയുടെ നൊവൊറോസിയസ്ക് തുറമുഖം ലക്ഷ്യമിട്ട് സഞ്ചരിച്ച ‘കൊറോസ്’ എന്ന മറ്റൊരു എണ്ണക്കപ്പലിലും ശനിയാഴ്ച പുലർച്ചെ പൊട്ടിത്തെറിയുണ്ടായി. 274 മീറ്റർ നീളമുള്ള ഈ കപ്പലിലെ 25 ജീവനക്കാരെയും രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ആക്രമണത്തിനു പിന്നിൽ യുക്രെയ്ൻ നാവിക സേനയും അവരുടെ സുരക്ഷാ ഏജൻസിയായ എസ്ബിയുവും സംയുക്തമായി നടത്തിയ നീക്കമാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിനായി ‘സീ ബേബി’ ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.
റഷ്യയുമായുള്ള സംഘർഷത്തിൽനിന്ന് പിന്മാറാൻ യുഎസ് യുക്രെയ്‌നുമേൽ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഈ കപ്പൽ ആക്രമണം പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്.
Ukrainians attack two tankers of the Russian shadow fleet.
According to sources, SBU Sea Baby naval drones attacked the two sanctioned oil tankers KAIRO and VIRAT in the Black Sea. It was a joint operation between the SBU’s 13th Main Directorate for Military Counterintelligence… pic.twitter.com/U82scXaM5r
— Jürgen Nauditt 🇩🇪🇺🇦 (@jurgen_nauditt) November 29, 2025