Typhoon Bavi: ‘ബാവി’ ചുഴലിക്കാറ്റ് കരതൊട്ടു; 20 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, അതിതീവ്ര ജാഗ്രതയിൽ ചൈന
Typhoon Bavi In China: ചൈനയിൽ കരകയറുന്നതിന് മുൻപ് ജപ്പാന്റെ തെക്കൻ ദ്വീപുകളിലും തായ്‌വാന്റെ വടക്കൻ മേഖലകളിലും ശക്താമായ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും, രാജ്യത്ത് വലിയ ജാഗ്രതാ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
വെൻഷൗ: ‘ബാവി’ ചുഴലിക്കാറ്റ് (Typhoon Bavi) ശനിയാഴ്ച രാത്രിയോടെ കിഴക്കൻ ചൈനയിലെ തീരദേശ നഗരമായ തായ്‌ഷൗവിൽ കരതൊട്ടതായി റിപ്പോർട്ട്. ചൈനയിൽ കരകയറുന്നതിന് മുൻപ് ജപ്പാന്റെ തെക്കൻ ദ്വീപുകളിലും തായ്‌വാന്റെ വടക്കൻ മേഖലകളിലും ശക്താമായ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും, രാജ്യത്ത് വലിയ ജാഗ്രതാ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ചൈനീയുടെ തീരങ്ങളിലേക്ക് അടിച്ചുകയറിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി തായ്‌ഷൗ ഉൾപ്പെടുന്ന സെജിയാങ് പ്രവിശ്യയിൽ നിന്ന് മാത്രം 2 മില്യണിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. അയൽ പ്രവിശ്യയായ ഫുജിയാനിൽ നിന്നും ബെയ്ജിംഗിൽ നിന്നും ഒരു ലക്ഷത്തിലധികം ആളുകളെയും, ഷാങ്ഹായിൽ നിന്ന് 34,000 പേരെയും ഒഴിപ്പിച്ചിട്ടുണ്ട്. കനത്ത ജാഗ്രതാ നിർദ്ദേശം നിലനിൽക്കുമ്പോഴും, മുൻവർഷങ്ങളിലെ അനുഭവപരിചയമുള്ളതിനാൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും നിർദ്ദേശമുണ്ട്. ആവശ്യമായ വെള്ളവും ഭക്ഷണസാധനങ്ങളും ശേഖരിച്ച് വീടുകളിൽ കഴിയണമെന്നാണ് നിർദ്ദേശം
ALSO READ: വിയറ്റ്‌നാമില്‍ ബോട്ടപകടത്തില്‍ നിരവധി മരണം; ബോട്ടില്‍ മലയാളികളും
അതിശക്തമായ ‘ബാവി’ ചുഴലിക്കാറ്റ് കരയോട് അടുക്കുന്ന പശ്ചാത്തലത്തിൽ വൻ മുൻകരുതൽ നടപടികളുമായിട്ടാണ് അധികൃതർ മുന്നോട്ട് പോകുന്നത്. ദുരന്തസാധ്യത പൂർണ്ണമായും ഒഴിവാക്കുന്നതിനായി തീരദേശ പ്രവിശ്യകളിൽ സ്കൂൾ ക്ലാസുകൾ, ഓഫീസ് ജോലികൾ, പൊതുഗതാഗതം, പുറം ജോലികൾ എന്നിവ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജനങ്ങൾ പൂർണ്ണമായും വീടുകളിൽ തന്നെ തുടരണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തമായി വീശിയടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് തായ്‌വാനിലും അനുഭവപ്പെട്ടിരുന്നു. നേരിട്ട് കരതൊട്ടില്ലെങ്കിലും അതിശക്തമായ മഴയും കാറ്റും ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ നിന്ന് പതിനാലായിരത്തിലധികം ആളുകളെ തായ്‌വാൻ സർക്കാർ ഒഴിപ്പിച്ചതായാണ് വിവരം. മുൻകരുതലിന്റെ ഭാഗമായി അന്താരാഷ്ട്ര-ആഭ്യന്തര വിമാന സർവീസുകൾ പൂർണ്ണമായും റദ്ദാക്കുകയും പ്രധാന വിമാനത്താവളം അടച്ചിടുകയും ചെയ്തു. സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച ദ്വീപിൽ ട്രെയിൻ സർവീസുകളടക്കം വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകുകയും നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്തു. തായ്‌വാനിലുണ്ടായ ശക്തമായ കാറ്റിൽപ്പെട്ട് 113 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ബാവി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കനത്തതിനെത്തുടർന്ന് ഫിലിപ്പീൻസിൽ വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. കനത്ത പ്രളയത്തിലും മഴക്കെടുതിയിലും പെട്ട് ഫിലിപ്പീൻസിൽ 17 പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പതിറ്റാണ്ടുകൾക്കിടയിൽ മേഖല ദർശിക്കുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റുകളിൽ ഒന്നാണ് ‘ബാവി’ എന്നാണ് അധികൃതർ പറയുന്നത്. ജപ്പാനിലെ ഒക്കിനാവ പ്രവിശ്യയിൽ ഉൾപ്പെടുന്ന ഇഷിഗാക്കി ദ്വീപുകളിൽ മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. കാറ്റിന്റെ വേഗത ചിലയിടങ്ങളിൽ 198 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
English Summary:
Typhoon Bavi made landfall late Saturday in eastern China, packing strong winds as it roared ashore after authorities evacuated nearly two million people. Before reaching China, the storm lashed northern Taiwan and Japan’s remote southwestern islands.