UAE Money Depositing Rule : പ്രവാസികൾ ശ്രദ്ധിക്കുക! മറ്റൊരാളുടെ ഐഡി ഉപയോഗിച്ച് പണം നിക്ഷേപിച്ചാൽ കള്ളപ്പണം വെളുപ്പിക്കലാകാം…
എ ടി എം വഴി മറ്റൊരാളുടെ ഐഡി ഉപയോഗിച്ച് പണം നിക്ഷേപം നടത്തുന്നത് നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫറുകളേക്കാൾ അപകടകരമാണ്. യുഎഇ സെൻട്രൽ ബാങ്കും നീതിന്യായ മന്ത്രാലയവും ഈ വിഷയത്തിൽ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ദുബായ്: എ ടി എം കൗണ്ടറുകളിൽ കാർഡ് പ്രവർത്തിക്കാത്തതിനാലോ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാലോ പണം നിക്ഷേപിക്കാൻ കഴിയാത്ത അപരിചിതരെ സഹായിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഈ സന്മനസ് നിയമപരമായ കുരുക്കുകളിലേക്ക് നയിച്ചേക്കാം. യുഎഇ സർക്കാർ ഇതിനെ കുറ്റകരമായാണ് കാണുന്നത്.
അറിയാത്ത വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നത് പല നിയമപ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗുണഭോക്താവിന്റെ അക്കൗണ്ടിന് പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിംഗ്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും.
എന്നാൽ ഇതൊന്നുമറിയാതെ ചിലർ അപരിചിതരെ പണം നിക്ഷേപിക്കാൻ സഹായിച്ചതായി അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് എന്ന് വിദഗ്ധർ പറയുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഏതൊരാളും ഫണ്ടിന്റെ ഉറവിടം, സ്വീകരിക്കുന്ന സ്ഥാപനം, ഇടപാടിന്റെ ഉദ്ദേശ്യം എന്നിവ ഉറപ്പാക്കണം. തിരിച്ചറിയൽ രേഖയില്ലെന്ന് പറയുന്ന അപരിചിതർക്ക് എടിഎമ്മിൽ പണം നിക്ഷേപിക്കാൻ സഹായിക്കുന്നത് വലിയ അപകടമാണ്.
സ്വന്തം ഐഡി ഉപയോഗിച്ച് പണം നിക്ഷേപം നടത്തുന്ന വ്യക്തി, ഗുണഭോക്താവിനെ അറിയില്ലെങ്കിൽ പോലും കുറ്റക്കാരനായി കണക്കാക്കപ്പെടാം. ഈ പണം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. ഈ കുറ്റത്തിന് ഒരു വർഷം മുതൽ 10 വർഷം വരെ തടവും, ഒരു ലക്ഷം മുതൽ അഞ്ച് ദശലക്ഷം ദിർഹം വരെ പിഴയും ലഭിക്കാമെന്നും നിയമത്തെക്കുറിച്ചുള്ള അറിവില്ല എന്ന കാരണത്തിൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കില്ലെന്നും വിദഗ്ധർ പറയുന്നു.
ALSO READ : അമേരിക്കയുടെ ഈ തിരച്ചടിയിൽ ഇന്ത്യ പതറുമോ; ഇനി നാട്ടിലേക്ക് അയക്കുന്ന പണത്തിന് 5% നികുതി
എ ടി എം വഴി മറ്റൊരാളുടെ ഐഡി ഉപയോഗിച്ച് പണം നിക്ഷേപം നടത്തുന്നത് നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫറുകളേക്കാൾ അപകടകരമാണ്. യുഎഇ സെൻട്രൽ ബാങ്കും നീതിന്യായ മന്ത്രാലയവും ഈ വിഷയത്തിൽ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
സംശയാസ്പദമായ അഭ്യർത്ഥനകൾ നിരസിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. ബാങ്കുകൾ ഇത്തരം ഇടപാടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന് റിപ്പോർട്ട് ചെയ്യുകയും ചെയ്യും. തട്ടിപ്പിന് ഇരയായെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിക്ഷേപകൻ കുഴപ്പത്തിലാകും.
അതിനാൽ, യുഎഇയിൽ എടിഎമ്മുകളിൽ അപരിചിതരെ പണം നിക്ഷേപിക്കാൻ സഹായിക്കുന്നത് ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കാം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.