UAE New Salary Rule: എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി ശമ്പളം നൽകണം, വീഴ്ച വരുത്തിയാൽ കടുത്ത നടപടിയുമായി യുഎഇ ഗവൺമെന്റ്
UAE Implements New WPS: പുതിയ ശമ്പള സംരക്ഷണ നിയമപ്രകാരം ഒരു സ്ഥാപനം അതിന്റെ ആകെ ജീവനക്കാർക്ക് നൽകാനുള്ള ശമ്പളത്തിന്റെ കുറഞ്ഞത് 85% എങ്കിലും നിശ്ചിത തീയതിക്കുള്ളിൽ കൈമാറിയിട്ടുണ്ടെങ്കിൽ ആ സ്ഥാപനം നിയമം പാലിച്ചതായി കണക്കാക്കും. അതുപോലെ ഒരു ജീവനക്കാരന് ലഭിക്കേണ്ട ശമ്പളത്തിന്റെ 85% എങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ ആ മാസത്തെ ശമ്പളം കുടിശ്ശികയായി കണക്കാക്കില്ല. എങ്കിലും ബാക്കി തുക ലഭിക്കാനുള്ള അവകാശം ജീവനക്കാരന് ഉണ്ടായിരിക്കും.

Uae Salary Rule
ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച പുതിയ ശമ്പള സംരക്ഷണ സംവിധാനം 2026 ജൂൺ 1 തിങ്കളാഴ്ച മുതൽ നിലവിൽ വന്നു. പുതിയ നിയമപ്രകാരം ഓരോ കലണ്ടർ മാസത്തിലെയും ആദ്യ ദിവസമായിരിക്കും (ഒന്നാം തീയതി) ശമ്പളം നൽകേണ്ട ഏകീകൃത തീയതി. ഇതിനുശേഷമുള്ള ശമ്പള വിതരണം വൈകിയതായി കണക്കാക്കും. മന്ത്രാലയത്തിന്റെ അംഗീകൃത സംവിധാനത്തിലൂടെയോ കേന്ദ്രബാങ്ക് അംഗീകരിച്ച മറ്റ് പേയ്‌മെന്റ് രീതികളിലൂടെയോ മാത്രമേ ശമ്പളം കൈമാറാവൂ എന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
ശമ്പള വിതരണത്തിലെ ഇളവുകളും മാനദണ്ഡങ്ങളും
പുതിയ ശമ്പള സംരക്ഷണ നിയമപ്രകാരം ഒരു സ്ഥാപനം അതിന്റെ ആകെ ജീവനക്കാർക്ക് നൽകാനുള്ള ശമ്പളത്തിന്റെ കുറഞ്ഞത് 85% എങ്കിലും നിശ്ചിത തീയതിക്കുള്ളിൽ കൈമാറിയിട്ടുണ്ടെങ്കിൽ ആ സ്ഥാപനം നിയമം പാലിച്ചതായി കണക്കാക്കും. അതുപോലെ ഒരു ജീവനക്കാരന് ലഭിക്കേണ്ട ശമ്പളത്തിന്റെ 85% എങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ ആ മാസത്തെ ശമ്പളം കുടിശ്ശികയായി കണക്കാക്കില്ല. എങ്കിലും ബാക്കി തുക ലഭിക്കാനുള്ള അവകാശം ജീവനക്കാരന് ഉണ്ടായിരിക്കും.
യുഎഇ ദിർഹത്തിലോ അല്ലെങ്കിൽ കരാറിൽ ഇരുപക്ഷവും ഒപ്പുവെച്ച മറ്റ് കറൻസികളിലോ ശമ്പളം നൽകാവുന്നതാണ്. യുഎഇയിൽ നിലവിൽ നിയമപരമായ കുറഞ്ഞ ശമ്പളം നിശ്ചയിച്ചിട്ടില്ലെങ്കിലും ജീവനക്കാരുടെ അവശ്യ ആവശ്യങ്ങൾ നിറവേറ്റാൻ അത് പര്യാപ്തമായിരിക്കണം.
ശമ്പളം വൈകിയാൽ നേരിടേണ്ടി വരുന്ന ആറ് ഘട്ടങ്ങളിലുള്ള നടപടികൾ
ശമ്പളം കൃത്യസമയത്ത് നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ ഘട്ടം ഘട്ടമായുള്ള കർശനമായ നിയമനടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
- ശമ്പള തീയതി മുതൽ സ്ഥാപനത്തിന്റെ ശമ്പള കൈമാറ്റം മന്ത്രാലയം ഡിജിറ്റലായി നിരീക്ഷിക്കും.
- രണ്ടാം ദിവസം മുതൽ ശമ്പളം വിതരണം ചെയ്യാൻ ആവശ്യപ്പെട്ട് സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി നോട്ടീസുകൾ അയക്കും.
- നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ വിസയോ വർക്ക് പെർമിറ്റോ നൽകുന്നത് മന്ത്രാലയം തടയും.
- വർക്ക് പെർമിറ്റ് തടയാനുണ്ടായ കാരണം തൊഴിലുടമയെ ഔദ്യോഗികമായി അറിയിക്കും.
- അഞ്ചാം ദിവസവും ശമ്പളം നൽകിയില്ലെങ്കിൽ തൊഴിലുടമയ്ക്ക് കർശനമായ അവസാന നോട്ടീസ് നൽകും.
- പതിനൊന്നാം ദിവസം മുതൽ വൻതുക ഭരണപരമായ പിഴയായി ഈടാക്കും. ആറ് മാസത്തിനിടെ നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനത്തെ കാറ്റഗറി മൂന്നിലേക്ക് തരംതാഴ്ത്തും.
16-ാം ദിവസത്തിന് ശേഷമുള്ള കടുത്ത നടപടികൾ
പതിനാറാം ദിവസവും ശമ്പളം വിതരണം ചെയ്തില്ലെങ്കിൽ 25-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കെതിരെ മന്ത്രാലയം സ്വമേധയാ നിയമനടപടികൾ ആരംഭിക്കും. നിർമ്മാണം, ഗതാഗതം, സെക്യൂരിറ്റി സർവീസസ്, ക്ലീനിങ് സർവീസസ്, റിക്രൂട്ട്മെന്റ് ഏജൻസികൾ എന്നീ മേഖലകളിലെ സ്ഥാപനങ്ങൾക്കാണ് ഇത് പ്രധാനമായും ബാധകം. സ്ഥാപനത്തിന്റെ ആസ്തികൾ കണ്ടുകെട്ടൽ, സ്ഥാപനത്തിന്റെ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് യാത്രാവിലക്ക് എന്നിവയാണ് മറ്റ് കടുത്ത ശിക്ഷാനടപടികൾ. സ്ഥാപനത്തിൽ 50-ലധികം ജീവനക്കാരുണ്ടെങ്കിൽ രണ്ടുമാസം തുടർച്ചയായി ശമ്പളം മുടങ്ങിയാൽ പബ്ലിക് പ്രോസിക്യൂഷൻ നടപടിയുണ്ടാകും.
ഡബ്ല്യു.പി.എസ് കണക്കുകൂട്ടലിൽ നിന്ന് ഒഴിവാക്കിയവ
ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, യുഎഇ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന ബോട്ടുകൾ, ടാക്സികൾ എന്നിവയെ ഈ കണക്കുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ താഴെ പറയുന്ന വിഭാഗം ജീവനക്കാരെയും ഒഴിവാക്കി.
കോടതിയിൽ ശമ്പളവുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളവർ, ജോലിക്ക് ഹാജരാകാത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടവർ, നിയമപരമായ കാരണങ്ങളാൽ തടവിലുള്ളവർ, അംഗീകൃത ശമ്പളമില്ലാത്ത ലീവിൽ ഉള്ളവർ എന്നിവരെ ആണ് ഒഴിവാക്കിയിട്ടുള്ളത്.
വിദേശ കമ്പനികളുടെ യുഎഇ ബ്രാഞ്ചുകളിൽ ജോലി ചെയ്യുകയും ശമ്പളം വിദേശത്ത് കൈപ്പറ്റുകയും ചെയ്യുന്നവരും 3 മാസത്തിൽ താഴെ കാലാവധിയുള്ള മിഷൻ വർക്ക് പെർമിറ്റിൽ ഉള്ളവരും ഇതിൽ ഉൾപ്പെടും.
English Summary
The UAE Ministry of Human Resources and Emiratisation (MoHRE) has launched a revised Wage Protection System requiring all private sector establishments to disburse monthly salaries by the first day of every calendar month. Employers who fail to comply face a graduated enforcement mechanism that includes work permit suspensions, hefty fines, travel bans, and potential referral to the Public Prosecution.