യു.എസ് ഉപരോധം: ഇറാനിയൻ എയർലൈനുകളുടെ വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ച് യു.എ.ഇ
UAE Halts All Flights by Iranian Carriers: കഴിഞ്ഞ മാസം ഇറാനുമായുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകളും യു.എ.ഇ നിർത്തിവെച്ചിരുന്നു. കൂടാതെ, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം എന്നിവ ആരോപിച്ച് ഇറാൻ്റെ ബാങ്ക് മെല്ലിയുടെ ശാഖകളിലൂടെയുള്ള ഇടപാടുകൾ ബുധനാഴ്ച യു.എ.ഇ സെൻട്രൽ ബാങ്ക് പൂർണ്ണമായും മരവിപ്പിക്കുകയും ചെയ്തു

പ്രതീകാത്മക ചിത്രം
ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനുമേൽ ഏർപ്പെടുത്തിയ അമേരിക്കൻ ഉപരോധത്തിൻ്റെ ഭാഗമായി ഇറാനിയൻ എയർലൈനുകളുടെ വിമാന സർവീസുകൾ യു.എ.ഇ പൂർണ്ണമായും നിർത്തിവെച്ചു. ഇറാന് മേലുള്ള സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് യു.എ.ഇ ഈ കർശന നടപടി സ്വീകരിച്ചത്. വ്യാഴാഴ്ച മുതൽ ഇറ്റ് പ്രാബല്യത്തിൽ വരും.
യു.എ.ഇയുടെ പ്രധാന വാണിജ്യ കേന്ദ്രമായ ദുബായ് ഇറാനിയൻ വിമാനങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. പ്രതിദിനം നിരവധി വിമാനങ്ങളാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തിയിരുന്നത്. വലിയൊരു ഇറാനിയൻ സമൂഹം ദുബായിൽ താമസിക്കുന്നുണ്ട്. എന്നാൽ അമേരിക്കൻ ഉപരോധം കർശനമാക്കിയതോടെ വിമാന സർവീസുകൾ നിർത്തിവെക്കാൻ യു.എ.ഇ നിർബന്ധിതരാവുകയായിരുന്നു. ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഒഴികെ മറ്റ് പല രാജ്യങ്ങളും ഇറാനിൽ നിന്നുള്ള വിമാനങ്ങൾ ഇതിനകം നിർത്തിവെച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ഇറാനിയൻ എയർലൈനുകളെ വിലക്കിക്കൊണ്ടുള്ള അമേരിക്കൻ ഉപരോധത്തിൻ്റെ അടിസ്ഥാനത്തിലാണ് തങ്ങളും സർവീസുകൾ നിർത്തിവെക്കുന്നതെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം വഴി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Also Read: Russian Oil: ഇന്ത്യയെ കൈവിടില്ല; ഊർജ പ്രതിസന്ധിയിൽ റഷ്യയുടെ നിർണായക പ്രഖ്യാപനം
യുദ്ധത്തിൻ്റെ ആദ്യഘട്ടത്തിൽ ഇറാനിൽ നിന്നുള്ള ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും യു.എ.ഇക്ക് നേരെ പ്രയോഗിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ മാസം ഇറാനുമായുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകളും യു.എ.ഇ നിർത്തിവെച്ചിരുന്നു. കൂടാതെ, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം എന്നിവ ആരോപിച്ച് ഇറാൻ്റെ ബാങ്ക് മെല്ലിയുടെ ശാഖകളിലൂടെയുള്ള ഇടപാടുകൾ ബുധനാഴ്ച യു.എ.ഇ സെൻട്രൽ ബാങ്ക് പൂർണ്ണമായും മരവിപ്പിക്കുകയും ചെയ്തു.
സെപ്തംബർ പകുതിയോടെയാണ് ഇറാൻ്റെ വ്യോമയാന മേഖലയ്ക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ഇറാനുമായി സഹകരിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ബുധനാഴ്ചയായിരുന്നു ഇതിനുള്ള അവസാന തിയതി. ഇതോടെ അയൽരാജ്യങ്ങളും നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാൽ അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കാൻ പ്രധാന ഇറാനിയൻ എയർലൈനുകൾ നിർബന്ധിതരായി. വ്യാഴാഴ്ച തുർക്ക്മെനിസ്ഥാനും ഇറാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ഇറാനിയൻ യാത്രക്കാരുടെ പ്രധാന ട്രാൻസിറ്റ് പോയിന്റാണ് ദുബായ് വിമാനത്താവളം.
English Summary
The UAE has suspended all flights by Iranian airlines, complying with US sanctions amid the Middle East war. The move cuts off Dubai, a crucial transit hub for Iranians.