Viral Story: ഒന്നോ രണ്ടോ അല്ല ആയിരം തവണ പറ്റിച്ചു! ഡെലിവറി പ്ലാറ്റ്ഫോമിലെ റീഫണ്ട് ഉപയോഗിച്ച് തൊഴിൽരഹിതൻ കഴിച്ചത് 1000 സൗജന്യ ഭക്ഷണം
ആയിരം തവണയാണ് തന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ യുവാവ് സൗജന്യമായി ഭക്ഷണം കഴിച്ചത്. 3.7 ദശലക്ഷം യെൻ നഷ്ടമാണ് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിന് ഈ 38 കാരൻ ഉണ്ടാക്കിക്കൊടുത്തത്.
പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിന്റെ പഴുതകൾ ഉപയോഗപ്പെടുത്തി തൊഴിൽരഹിതനായ യുവാവ് കഴിച്ചത് ലക്ഷങ്ങളുടെ ഭക്ഷണം. ഒന്നോ രണ്ടോ തവണയല്ല ആയിരം തവണയാണ് തന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ യുവാവ് സൗജന്യമായി ഭക്ഷണം കഴിച്ചത്. 3.7 ദശലക്ഷം യെൻ നഷ്ടമാണ് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിന് ഈ 38 കാരൻ ഉണ്ടാക്കിക്കൊടുത്തത്. തകുയ ഹിഗാഷിമോട്ടോ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐച്ചി പ്രിഫെക്ചറിലെ നഗോയയിൽ നിന്നുള്ളയാളാണ് തകുയ ഹിഗാഷിമോട്ടോ. ജപ്പാൻ ടൈംസ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. 1095 തവണയാണ് ഇയാൾ പണം നൽകാതെ ആപ്പ് വഴി ഫുഡ് ഓർഡർ ചെയ്ത് ഭക്ഷണം കഴിച്ചത്.
ഓൺലൈൻ പ്ലാറ്റ്ഫോമിലെ ‘കോൺടാക്റ്റ്‌ലെസ് ഡെലിവറി’ തിരഞ്ഞെടുത്തായിരുന്നു തരികിട ഒപ്പിച്ചിരുന്നത്. ഭക്ഷണം ലഭിച്ചതിന് ശേഷവും അത് എത്തിയില്ലെന്ന് ആപ്പ് വഴി തെറ്റായി അവകാശപ്പെട്ട് റീഫണ്ട് നേടുന്നതായിരുന്നു ഇയാളുടെ തട്ടിപ്പുരീതി.ഡെലിവറി ആപ്പായ ‘ഡെമെയ്-കാൻ’-ൽ കള്ള അക്കൗണ്ട് സൃഷ്ടിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നത്. ഐസ്‌ക്രീം, ബെന്റോസ്, ചിക്കൻ സ്റ്റീക്കുകൾ എന്നിവ ഓർഡർ ചെയ്ത്, അവ ഡെലിവറി ചെയ്ത ശേഷവും എത്തിയില്ലെന്ന് യുവാവ് ആപ്പിന്റെ ചാറ്റ് ഫീച്ചറിലൂടെ കള്ളം പറഞ്ഞു. തുടർന്ന് ആ ദിവസം തന്നെ 16,000 യെൻ (ഏകദേശം $105) റീഫണ്ട് ഇയാൾ നേടിയെടുത്തു.
മറ്റു ജോലികൾക്കൊന്നും പോകാത്ത ഇയാൾ 2023 ഏപ്രിൽ മുതൽ ഈ തട്ടിപ്പു പ്രവർത്തികൾ ചെയ്യുന്നുണ്ട്. ഒന്നും രണ്ടുമല്ല 124 അക്കൗണ്ടുകളാണ് ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്താനായി ഉപയോഗപ്പെടുത്തിയിരുന്നത്. ഓരോ അക്കൗണ്ടും കുറച്ചുദിവസം ഉപയോഗിച്ചതിനുശേഷം പിന്നീട് ആ അക്കൗണ്ട് ഒഴിവാക്കും. അത്തരത്തിൽ തന്നെ കണ്ടെത്താതിരിക്കാൻ ആയി ബുദ്ധിപൂർവ്വമാണ് യുവാവ് പ്രവർത്തിച്ചത്. എന്നാൽ അതിബുദ്ധി തന്നെയാണ് അയാൾക്ക് വിനയും ആയത്. നിരവധി പ്രീപെയ്ഡ് മൊബൈൽ ഫോൺ കാർഡുകളാണ് യുവാവ് വാങ്ങിക്കൂട്ടിയത്. അതിനനുസരിച്ച് വ്യാജ പേരുകളും വിലാസങ്ങളും ഉണ്ടാക്കി. പിടി കൂടാതായപ്പോൾ തനിക്ക് ഹരം കേറിയെന്നാണ് യുവാവ് പറയുന്നത്. യുവാവിന്റെ ഈ പ്രവർത്തികൾ തന്നെയാണ് പിടികൂടുന്നതിലേക്കും നയിച്ചത്.