ഇറാന് മേൽ വീണ്ടും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി അമേരിക്ക; എണ്ണ വ്യാപാരം തടയാൻ പുതിയ നീക്കം
US Targets Iran's Secret Oil Shipping Network with Sweeping New Sanctions: വിദേശ വിപണികളിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിക്കുന്ന ഇറാൻ്റെ രഹസ്യ കപ്പൽ ശൃംഖലയെയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. തുർക്കി, ചൈന, യു.എ.ഇ, യു.കെ, മാർഷൽ ഐലൻഡ്സ് തുടങ്ങി വിവിധ രാജ്യങ്ങളിലെ ഷിപ്പിംഗ് ഓപ്പറേറ്റർമാർ, മാരിടൈം മാനേജ്‌മെൻ്റ് കമ്പനികൾ, ട്രേഡിംഗ് സ്ഥാപനങ്ങൾ എന്നിവയും അമേരിക്കൻ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്

പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: ഇറാന് മേലുള്ള സാമ്പത്തിക സമ്മർദ്ദം കൂടുതൽ ശക്തമാക്കി ഡൊണാൾഡ് ട്രംപ് ഭരണകൂടം. ഇതിൻ്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള 27 കമ്പനികൾക്കും 6 വ്യക്തികൾക്കും 22 കപ്പലുകൾക്കും അമേരിക്ക പുതിയതായി ഉപരോധം ഏർപ്പെടുത്തി. ഇറാൻ്റെ എണ്ണ വ്യാപാരവും, ഉപരോധങ്ങൾ മറികടക്കാനുള്ള രഹസ്യ ശൃംഖലകളും തകർക്കുക എന്നതാണ് ഈ പുതിയ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
മേഖലയിൽ യുദ്ധം തുടരാൻ ഇറാൻ ഭരണകൂടം ഉപയോഗിക്കുന്ന പ്രധാന വരുമാന മാർഗ്ഗങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പറഞ്ഞു. ഇറാൻ്റെ എണ്ണ വിൽപ്പനയ്ക്ക് സഹായം നൽകുന്നവരെ കണ്ടെത്തുന്നത് തുടരുമെന്നും, അമേരിക്കയുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ വിപണികളിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിക്കുന്ന ഇറാൻ്റെ രഹസ്യ കപ്പൽ ശൃംഖലയെയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. തുർക്കി, ചൈന, യു.എ.ഇ, യു.കെ, മാർഷൽ ഐലൻഡ്സ് തുടങ്ങി വിവിധ രാജ്യങ്ങളിലെ ഷിപ്പിംഗ് ഓപ്പറേറ്റർമാർ, മാരിടൈം മാനേജ്‌മെൻ്റ് കമ്പനികൾ, ട്രേഡിംഗ് സ്ഥാപനങ്ങൾ എന്നിവയും അമേരിക്കൻ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് ബാരൽ ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളുമാണ് വിവിധ രാജ്യങ്ങളുടെ പതാകകൾ ഉപയോഗിച്ച് ഈ കപ്പലുകൾ വഴി ഇറാൻ രഹസ്യമായി കയറ്റുമതി ചെയ്യുന്നത്. ഇറാൻ്റെ രഹസ്യ കപ്പൽ ശൃംഖലയ്ക്ക് ഏറ്റവുമധികം തിരിച്ചടിയാകുന്നതാണ് അമേരിക്കയുടെ പുതിയ നീക്കം.
നയതന്ത്രപരവും സാമ്പത്തികവുമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് ഇറാൻ്റെ സാമ്പത്തിക സ്രോതസ്സുകൾ വിച്ഛേദിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. പാരിതോഷ്,, ബിറ്റു, സ്റ്റാർവേ, ഗ്യാസ് ലക്കി തുടങ്ങിയ കപ്പലുകൾക്കെതിരെയാണ് പുതിയ ഉപരോധം വന്നിരിക്കുന്നത്. അതേസമയം, ഇറാനുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹകുന മാറ്റാറ്റ, പിനോച്ചിയോ എന്നീ രണ്ട് കപ്പലുകളെ ഉപരോധ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2026 ഓഗസ്റ്റ് 24-ന് ആരംഭിച്ച ‘ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റിൻ്റെ’ ഭാഗമായാണ് ഈ പുതിയ നടപടികളും പ്രഖ്യാപിച്ചിട്ടുള്ളത്. ഉപരോധം ലംഘിക്കുന്നവർക്കും ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന വിദേശ സ്ഥാപനങ്ങൾക്കും അമേരിക്കയിൽ കർശനമായ സിവിൽ, ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്ന് ട്രഷറി വകുപ്പ് മുന്നറിയിപ്പ് നൽകി. ഉപരോധത്തിൽ ഉൾപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കയിലുള്ള സ്വത്തുക്കൾ പൂർണ്ണമായും മരവിപ്പിക്കാനും നിർദ്ദേശമുണ്ട്.
English Summary
The US Trump administration has imposed new sanctions on 27 companies, six individuals, and 22 vessels to cripple Iran’s shadow fleet and disrupt its clandestine oil trade funding regional conflicts.