Iran Attack: ഡ്രോൺ ആക്രമണം തടയാൻ സംവിധാനമില്ല; കുവൈത്തിലെ സൈനികരുടെ മരണത്തിൽ പെന്റഗണിന് വീഴ്ച

Iran Drone Attack in Kuwait Raises Questions Over US Military Preparedness: സംഭവവുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസിലെ ഹൗസ്, സെനറ്റ് സായുധസേനാ സമിതികള്‍ക്ക് റാംസ്‌ബോട്ടം പരാതി നല്‍കിയിട്ടുണ്ട്. കുവൈത്തിലെ പോര്‍ട്ട് ഷുഐബയിലെ അമേരിക്കന്‍ സൈനിക കമാന്‍ഡ് കേന്ദ്രത്തിന് മതിയായ സുരക്ഷയില്ലെന്ന ആശങ്ക പലതവണ ഉന്നയിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുത്തില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

Iran Attack: ഡ്രോൺ ആക്രമണം തടയാൻ സംവിധാനമില്ല; കുവൈത്തിലെ സൈനികരുടെ മരണത്തിൽ പെന്റഗണിന് വീഴ്ച

ഡൊണാള്‍ഡ് ട്രംപ്, പെന്റഗണ്‍ സെക്രട്ടറി

Published: 

17 Nov 2026 | 06:06 AM

കുവൈത്തിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പെന്റഗണിനെതിരെ ഗുരുതര ആരോപണവുമായി യുഎസ് സൈനിക ഉദ്യോഗസ്ഥന്‍. ആക്രമണ സാധ്യതയെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സൈനിക നേതൃത്വം വീഴ്ച വരുത്തിയെന്നാണ് ആരോപണം. ആക്രമണത്തില്‍ പരിക്കേറ്റ മേജര്‍ സ്റ്റീഫന്‍ റാംസ്‌ബോട്ടമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസിലെ ഹൗസ്, സെനറ്റ് സായുധസേനാ സമിതികള്‍ക്ക് റാംസ്‌ബോട്ടം പരാതി നല്‍കിയിട്ടുണ്ട്. കുവൈത്തിലെ പോര്‍ട്ട് ഷുഐബയിലെ അമേരിക്കന്‍ സൈനിക കമാന്‍ഡ് കേന്ദ്രത്തിന് മതിയായ സുരക്ഷയില്ലെന്ന ആശങ്ക പലതവണ ഉന്നയിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുത്തില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

മാര്‍ച്ച് ഒന്നിന് ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയുടെ ആദ്യഘട്ടത്തിലായിരുന്നു ആക്രമണം. ഇറാന്റെ ഡ്രോണ്‍ പോര്‍ട്ട് ഷുഐബയിലെ സൈനിക പ്രവര്‍ത്തന കേന്ദ്രത്തില്‍ പതിക്കുകയായിരുന്നു. യുഎസ് ആര്‍മി റിസര്‍വിലെ ആറ് സൈനികരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ റാംസ്‌ബോട്ടം ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തം

പോര്‍ട്ട് ഷുഐബയിലെ കേന്ദ്രത്തില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്നാണ് റാംസ്‌ബോട്ടം പറയുന്നത്. ഒരു ഡോക്ടറോ സ്ഥിരമായ ചികിത്സാ കേന്ദ്രമോ അവിടെ ഉണ്ടായിരുന്നില്ല. ഒരു ആംബുലന്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കാര്‍ ബോംബ് പോലുള്ള ആക്രമണങ്ങള്‍ തടയാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ മാത്രമാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. ആകാശമാര്‍ഗമുള്ള ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Also Read: Iran War: ഇറാനെതിരായ പുതിയ ആക്രമണം ഒഴിവാക്കാൻ ട്രംപ്; മുന്നിൽ ഒരു നിബന്ധന

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിലെ ലോജിസ്റ്റിക്‌സ് വിഭാഗത്തിന്റെ ചുമതലയുള്ള മേജര്‍ ജനറല്‍ ജോണ്‍ ഹിന്‍സണോട് സുരക്ഷാ പ്രശ്‌നങ്ങള്‍ രണ്ടുതവണ ഉന്നയിച്ചിരുന്നതായും റാംസ്‌ബോട്ടം പറഞ്ഞു. എന്നാല്‍ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു മറുപടിയെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ഡ്രോണുകളെ പ്രതിരോധിക്കാനുള്ള പ്രത്യേക സംവിധാനത്തിനായി സൈന്യം ആവശ്യപ്പെട്ടിരുന്നുവെന്നും അത് എത്തിക്കാമെന്ന് പെന്റഗണ്‍ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആക്രമണമുണ്ടാകുന്നതിന് മുമ്പ് അത്തരമൊരു സംവിധാനം പോര്‍ട്ട് ഷുഐബയില്‍ എത്തിയില്ല. അത് ഔദ്യോഗികമായി ഓര്‍ഡര്‍ ചെയ്തിരുന്നോ എന്നുപോലും വ്യക്തമല്ലെന്നും അദ്ദേഹം ആരോപിച്ചു.

ആറ് സൈനികരുടെ മരണം

മാര്‍ച്ച് ഒന്നിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആര്‍മി റിസര്‍വ് ക്യാപ്റ്റന്‍ കോഡി ഖോര്‍ക്ക് (35), സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോഹ ടൈറ്റ്ജന്‍സ് (42), സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നിക്കോള്‍ അമോര്‍ (39), സര്‍ജന്റ് ഡെക്ലാന്‍ കോഡി (20), മേജര്‍ ജെഫ്രി ഒബ്രിയന്‍ (45), ചീഫ് വാറന്റ് ഓഫീസര്‍ ത്രീ റോബര്‍ട്ട് മാര്‍സന്‍ (54) എന്നിവരാണ്.

English Summary

Six US soldiers were killed in an Iranian drone attack on a US military facility in Kuwait on March 1. An injured US Army officer has accused the Pentagon of ignoring repeated warnings about security threats and failing to provide adequate drone defence systems before the attack.

Loading...
Unable to load recommendations.
Follow Us
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?