Man Mums: സമ്മർദ്ദം കുറയ്ക്കും; 5 മിനിറ്റ് ആലിംഗനം ചെയ്യാൻ പുരുഷന്മാർ വാങ്ങുന്നത് 600 രൂപ; ചൈനയിൽ ട്രെൻഡായി ‘മാൻ മംസ്’
What Are Man Mums Trending in China: ചാറ്റ് ആപ്പുകൾ വഴിയാണ് പണം നൽകുന്നതും, ആലിംഗനത്തിനുള്ള സൗകര്യം ഒരുക്കുന്നതും. പണം നൽകി തീയതിയും സമയവും മറ്റും തീരുമാനിച്ച ശേഷം മാളുകൾ, സബ്‌വേ സ്റ്റേഷനുകൾ പോലുള്ള പൊതുസ്ഥലത്തുവെച്ച് ഇവർ കണ്ടുമുട്ടുകയും, യുവതികൾ മാൻമംസിൽനിന്നും ആലിംഗനങ്ങൾ വാങ്ങുകയും ചെയ്യുന്നു.
ഓരോ സമയത്തും ഓരോരോ പുതിയ ട്രെൻഡുകൾ അവതരിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇപ്പോഴിതാ, ചൈനക്കാർക്കിടയിൽ വളർന്നുവരുന്ന ഒരു പുത്തൻ ട്രെൻഡാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം ലഭിക്കാനായി സ്ത്രീകൾ പുരുഷന്മാരെ അഞ്ച് മിനിറ്റ് നേരത്തേക്ക് പണം നൽകി ആലിംഗനം ചെയ്യും. ഇതാണ് ചൈനയിൽ ട്രെൻഡായി കൊണ്ടിരിക്കുന്ന പുതിയ പ്രവണത.
20 മുതൽ 50 യുവാൻ വരെയാണ് ഇതിനായി സ്ത്രീകൾ നൽകുന്നത്. അതായത് 250 മുതൽ 600 ഇന്ത്യൻ രൂപ വരെ. ഇത്തരത്തിൽ ആലിംഗനം ചെയ്യാനായി സ്ത്രീകൾ ആശ്രയിക്കുന്ന പുരുഷന്മാർ ‘മാൻ മംസ്’ എന്നാണ് അറിയപ്പെടുന്നത്. ചാറ്റ് ആപ്പുകൾ വഴിയാണ് പണം നൽകുന്നതും, ആലിംഗനത്തിനുള്ള സൗകര്യം ഒരുക്കുന്നതും. പണം നൽകി തീയതിയും സമയവും മറ്റും തീരുമാനിച്ച ശേഷം മാളുകൾ, സബ്‌വേ സ്റ്റേഷനുകൾ പോലുള്ള പൊതുസ്ഥലത്തുവെച്ച് ഇവർ കണ്ടുമുട്ടുകയും, യുവതികൾ മാൻമംസിൽനിന്നും ആലിംഗനങ്ങൾ വാങ്ങുകയും ചെയ്യുന്നു.
ഈ രീതി, അമിത സമ്മർദ്ദം അനുഭവിക്കുന്നവർക്ക് വൈകാരികമായ ആശ്വാസം നൽകുന്നുവെന്നാണ് പറയപ്പെടുന്നത്. സ്ത്രീകൾ മാൻ മംമ്‌സിനെ തിരഞ്ഞെടുക്കുന്നത് അവരുടെ പെരുമാറ്റം, ക്ഷമ, ശരീരഘടന, രൂപം എന്നിവയെ എല്ലാം അടിസ്ഥാനമാക്കിയാണ്. സ്വകാര്യമായി ചാറ്റ് ചെയ്തതിന് ശേഷം മാത്രമാണ് ഇവർ പരസ്പരം കണ്ടുമുട്ടുന്നത്. ആദ്യകാലങ്ങളിൽ പേശീബലമുള്ള, ശക്തനായ, ജിമ്മിൽപോകുന്ന പുരുഷന്മാരെ വിശേഷിപ്പിക്കാനാണ് മാൻ മംസ് എന്ന പദം ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ശക്തനും സൗമ്യതയും ക്ഷമയുമുള്ള പുരുഷന്മാരെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു; നില ഗുരുതരം, അന്വേഷണം
നഗരങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് പ്രധാനമായും മാൻ മംമ്സിനെ സോഷ്യൽമീഡിയയിൽ തിരയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽമീഡിയയിൽ വൈറലായ ഈ ട്രെൻഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇത്തരത്തിൽ പണം നൽകി കൊണ്ട് ആലിംഗനം ചെയ്യുന്നതിലൂടെ മനുഷ്യബന്ധങ്ങൾക്കിടയിൽ ഉള്ള അതിർത്തി പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ, ഈയൊരു പ്രവണത സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടാകാൻ കാരണമാകുമെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.